Asianet News MalayalamAsianet News Malayalam

ആവോലിയും വീമാനവും

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന്  വി എസ് അജിത്ത് എഴുതിയ കഥ

chilla amalayalam short story by VS AJIth
Author
Thiruvananthapuram, First Published Aug 2, 2021, 7:33 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 

chilla amalayalam short story by VS AJIth

 

ഇനി ചോറില്ലാന്ന് പറഞ്ഞ് പാറുക്കുട്ടിയമ്മ എന്ന കുന്തീദേവി കലം കമിഴ്ത്തുന്നതിന് മുന്‍പ്, അവസാനമായി പഠിക്കാന്‍ ഭാഗ്യമുണ്ടായ പ്രീഡിഗ്രി ക്ലാസ്സില്‍ വച്ചാണ് കോവിന്ദന്‍ ഹമീദ് ബിന്‍ മുഹമ്മദ് അല്‍ അഹമ്മദിനെ കണ്ടുമുട്ടിയത്. നാക്കുളുക്കാതിരിക്കാന്‍ ഇനിയങ്ങോട്ട് ഹമീദ് എന്ന് മാത്രമേ പറയൂ! ചുരുങ്ങിയ കാലം കൊണ്ട് അവര്‍ ചക്കരയും അടയും പോലെ അടുത്തു. ഒരേ പായയില്‍ ഉണ്ടു. ഒരേ പിഞ്ഞാണിയില്‍ ഉറങ്ങി. ഒരേ കുളത്തില്‍ കുളിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, നാടു മുഴുവന്‍ കുളമാണെങ്കിലും വായ്ക്ക് രുചിയായിട്ട് കുളിക്കാന്‍ തമ്മസിക്കത്തില്ലല്ലോ ഹിമാറുകള്‍!

അവധി ദിവസങ്ങളിലും സമരമുള്ളപ്പോഴും അവര്‍ മ്യൂസിയത്തില്‍ പോയി കണ്ണും കണ്ണും നോക്കിയിരുന്നു. 

'ഞാന്‍ നിന്നെ കല്യാണം കഴിക്കട്ടേ?''

ഹമീദ് ചോദിച്ചു. കോവിന്ദന്‍ വ്രീളാവതനായി. ലൗജിഹാദെന്നും മറ്റും ആളുകള്‍ പറഞ്ഞു നടക്കാത്ത കാലമായിരുന്നു അത്. എങ്കിലും ആണും ആണും കല്യാണം കഴിക്കുന്നത്  കേട്ടുകേള്‍വിയില്ലാത്ത കാര്യമായിരുന്നു. ആണും പെണ്ണും കല്യാണം കഴിക്കുന്നത് ഇത്ര വലിയ പൊല്ലാപ്പായിരിക്കുമെന്ന് അറിയാനും പാടില്ലായിരുന്നു.

പഠിത്തം കഴിഞ്ഞു. അടയില്‍ നിന്നും ചക്കരയെ വേര്‍പെടുത്തുന്ന അലുമിനിയം ഫാബ്രിക്കേഷന്‍ യന്ത്രവുമായി ഹമീദിന്റെ ബാപ്പ വന്നു. അവനെ ഗള്‍ഫിലേക്ക് കൊണ്ടുപോയി. അടിയന്തിരമായി ജോലിയില്‍ പ്രവേശിച്ച് അഞ്ച് കാശ് സമ്പാദിക്കാന്‍ മുട്ടിനിന്ന കോവിന്ദന് നാട്ടില്‍ തന്നെ കൂളായിട്ടൊരു ജോലി കിട്ടി. തോട്ടിപ്പണി !

പുരീഷ പ്രക്ഷാളനത്തിന്റെ (ഗ്രാമപഞ്ചായത്തിലൊക്കെ ഇപ്പം സംസ്‌കൃതമാണല്ലോ താരം!) സ്വപ്നസുഷുപ്തിയില്‍ കാലചക്രം ഉരുളുന്നതും ഞെരങ്ങുന്നതും പിച്ചവയ്ക്കുന്നതും അന്തംവിട്ട് പായുന്നതും ഒന്നും കോവിന്ദന്‍ അറിഞ്ഞില്ല. ഇടയ്ക്കിടയ്ക്ക് ഗള്‍ഫീന്ന് ജാഡ ഇന്‍ലെന്റില്‍ ഹമീദിന്റെ കത്തു വന്നിരുന്നത് മുഴുവന്‍ പൊട്ടിക്കുന്നത് മോറല്‍പ്പോലീസും വിവരദോഷിയുമായ പാറുക്കുട്ടിയമ്മയാണ് . ഇംഗ്ലീഷില്‍ കടുവറത്തിരിക്കുന്നതുകൊണ്ട് ഒന്നും മനസ്സിലാവാറില്ലെങ്കിലും ഗള്‍ഫീന്ന് വരുമ്പം ചങ്ങാതി എന്തര് കൊണ്ടുവരണമെന്നാണ് കേക്കണതെന്ന് തള്ള മനസ്സിലാക്കിക്കളഞ്ഞു. 

തള്ളയ്ക്ക് വിഴുവിഴാന്നിരിക്കണ ഫോറിന്‍സാരി
തന്തയ്ക്ക് ടോര്‍ച്ച് ലൈറ്റ്
അനിയത്തിക്ക് സെന്റ്
കോവിന്ദന് ഹീറോ പേന

ഇത്രയും ചോദിക്കാന്‍ കെളവി ഐഡിയ പറഞ്ഞു തന്നു. ഗള്‍ഫീന്ന് വരുന്നവര്‍ നാട്ടുകാര്‍ക്ക് ഫ്രീയായി വിതരണം ചെയ്യുന്നതായി ഈ നാല് സാമാനങ്ങളാണ് തള്ളയ്ക്ക് അറിയാവുന്നത്! (കൊലസ്ത്രീയായതുകൊണ്ട് സിഗററ്റ് മദ്യം ഇത്യാദി നോട്ടം ഇല്ല ) .

''എനിക്കൊന്നും വയ്യ നാണംകെട്ട് നാല് സാധനങ്ങള്‍ ചോദിക്കാന്‍ ''

എന്തര് കൊണ്ടുവരണമെന്ന ചോദ്യം ഒരിക്കലും കത്തില്‍ ഉണ്ടാവാറില്ലെ രഹസ്യമറിയാവുന്നവനും ആംഗലഭാഷാ വിദഗ്ദനുമായ കോവിന്ദന്‍ ഇപ്രകാരമാണ് ചൂടാവുന്നത്. തനിക്ക് ചെന്നിക്കുത്തിന്റെ അസ്‌കിത ഉണ്ടെന്ന് അറിയാവുന്നവനായതുകൊണ്ട് വല്ല കോടാലിതൈമോ ടൈഗര്‍ബാമോ കൊണ്ടുവന്നേക്കുമെന്ന് കരുതുകയും ചെയ്തു.

''എന്നാ സാരി മാത്രം ചോയീര് ''

എന്ന് തള്ള തണുപ്പിക്കും. വലിയ കൂട്ടുകാരനാണ് പോലും എന്ന് പിറുപിറുക്കേം.

അഞ്ച് വര്‍ഷം അങ്ങനെ പോയി. കോവിന്ദന്റെ നാടായ മേത്തന്‍വിള പഞ്ചായത്തില്‍ അപ്പുപിള്ള സാര്‍ അവര്‍കളുടെ വീട്ടില്‍ മാത്രമാണ് ടെലഫോണ്‍ യന്ത്രമുള്ളത്. കോവിന്ദന് അഞ്ചു മണിക്ക് ഫോണ്‍ വരുമെന്ന് വേലക്കാരി കോമതി (ശരിക്കുള്ള പേര് ജാനു എന്നാണ്. ക്ലീഷേ ആവാതിരിക്കാന്‍ മാറ്റിപ്പറഞ്ഞതാണ്) വന്നു പറഞ്ഞു. നാല് മണി അമ്പത് മിനിട്ടിന് കോവിന്ദന്‍ ഹാജരായി. 

ഗള്‍ഫീന്ന് ഐ എസ് ഡി വന്നു. വരുന്ന പതിമൂന്നാം തീയതി രാവിലെ നാല് ഇരുപതിന് തിരുവനന്തപുരം വീമാനത്താവളത്തില്‍ ഹമീദ് വരുന്നുണ്ട്. കോവിന്ദന്‍ തീര്‍ച്ചയായും എത്തണം. എന്ന് സ്വന്തം ഹമീദ് ദൂരഭാഷിണിയിലൂടെ കാറി.

ഒരാഴ്ച മുമ്പ് ഈ വിവരത്തിന് 'ഇന്റര്‍നാഷണല്‍ ഇന്‍ലന്റ് ലെറ്ററില്‍ ഒരു കത്ത് കിട്ടിയിട്ടുണ്ടായിരുന്നു. അപ്പുപിള്ള സാറിനേയും കോമതിയേയും ബുദ്ധിമുട്ടിച്ചില്ലായിരുന്നെങ്കിലും വരുമായിരുന്നു. കോവിന്ദന്‍ സോളിലോക്കി പിറുപിറുത്തു. 

പതിനൊന്നാം തീയതി ഉച്ചയ്ക്ക് പുതിയ പുതിയ പുരീഷങ്ങള്‍ ഊറിവരാന്‍ എടുക്കുന്ന സമയം കൊണ്ട് ഒന്നു മയങ്ങാം എന്ന് കരുതി കോവിന്ദന്‍ മാന്‍ഹോളിനരികില്‍ പായുംവിരിച്ച് കിടന്നപ്പോള്‍ കോമതി വന്ന് മാന്തി വിളിച്ചു.

''നിനക്ക് എന്തര് പെണ്ണേ ഇവിടെ കാര്യം?''

''അപ്പുപിള്ള സാറിന്റെ വീട്ടില് ഗള്‍ഫീന്ന് കൂട്ടാരന്റെ ഫോണ്‍ വന്ന്. വീമാനത്താവളത്തില് ചെല്ലണ കാര്യം ഓര്‍മ്മിപ്പിക്കാന്‍ പറഞ്ഞ് ''

''ഓ.. ചെല്ലാന്ന് പറഞ്ഞതാണല്ല്.. ആരാണ്ട് പറഞ്ഞപോലെ വാക്കാണല്ല് സത്യം!''

കോവിന്ദന്‍ രണ്ടുദിവസം ലീവെടുത്തു. ചങ്ങാതിക്ക് കൊറച്ചിലാകരുതല്ലോ. ജീന്‍സും ടീഷര്‍ട്ടും വാങ്ങി. നമ്മളും മോഡേണ്‍ ആണെന്ന്. ലാംബര്‍ട്ടാ സ്‌കൂട്ടര്‍ വര്‍ക്ക്ഷാപ്പില്‍ കയറ്റി സര്‍വ്വീസ് ചെയ്തു. തലേന്ന് നേരത്തേ കിടന്നു. 2.30 എ.എം ന് അലാറം വച്ചു. ( കോണ്‍വന്റില്‍ പഠിച്ച പുള്ളകള് അലാം എന്നേ പറയൂ! കോവിന്ദന്‍ മലയാളം മീഡിയമാണല്ലോ). ഉറക്കം വന്നില്ല. ഒന്നു മുപ്പതിന് എണീറ്റ് കട്ടന്‍കാപ്പി കുടിച്ചു. തൂറാന്‍ മുട്ടുന്നില്ല. 

സാരമില്ല. ചങ്ങാതീടേന്ന് ഫോറിന്‍സാരി കൊണ്ടുവരാന്‍ പോണവനാണല്ലോന്നോര്‍ത്ത് പാറുക്കുട്ടിയമ്മ അസമയത്ത് ഡബിള്‍ ഓംലറ്റ് ഉണ്ടാക്കിക്കൊടുത്തു. അതും തിന്നോണ്ട് മൂന്ന് മണിക്ക് വീട്ടിന്ന് ഇറങ്ങി. നല്ല തണുപ്പുണ്ട്. ചെറിയ ചാറ്റലും. ഹെല്‍മറ്റും പുല്ലുമൊന്നും നിര്‍ബന്ധിച്ച് ഇടുവിക്കുന്ന കാലമായിട്ടില്ല. ചെവി, മൂക്ക്, വായ ഇത്യാദി അനാവൃതമായ ദ്വാരങ്ങളിലൊക്കെ തണുത്ത കാറ്റ് കയറി. കിടുകിടാന്ന് വിറച്ച് വിറച്ച് നാല് മണിക്ക് വീമാനത്താവളത്തിലെത്തി.  ഇ ടി എ 9.20 എന്ന് ഡിസ്‌പ്ലേ ബോര്‍ഡില്‍ കാണാം. കോവിന്ദന്‍ പ്രിഡിഗ്രി വരെയേ പഠിച്ചിട്ടുള്ളു എങ്കിലും കാര്യം മനസ്സിലായി. 'എസ്റ്റിമേറ്റഡ് ടൈം ഓഫ് അറൈവല്‍'. അഞ്ചുമണിക്കൂര്‍ വൈകിയാണ് ശടകം വരുന്നതെന്ന് സാരം! പണ്ടത്തെ പി.ഡി.സി.  ഇന്നത്തെ എം.എ. മാതിരി. പണ്ടത്തെ എം.എ. ഇന്നത്തെ എന്തരുമാതിരിയോ എന്തോ?

ഇരിക്കാന്‍ പറ്റിയ കസേരയോ ബഞ്ചോ ഒഴിവില്ല. കുത്തിരിക്കാമെന്നു വച്ചാല്‍ പങ്കം! കോവിന്ദന്‍ ഒരു തൂണില്‍ ചാരി നിന്നു. ഇടംകാല്‍ കഴയ്ക്കുമ്പോള്‍ വലംകാല്‍ പൊക്കിയും വലംകാല്‍ കഴയ്ക്കുമ്പോള്‍ ഇടംകാല്‍ പൊക്കിയും ഒമ്പതരവരെ നിന്നു.

കൃത്യം 9.30 ന് അറൈവല്‍ ഡിസ്‌പ്ലേ മിന്നി. അരയന്നക്കൂട്ടത്തെപ്പോലെ സുന്ദരിമാരായ എയര്‍ഹോസ്റ്റസുമാര്‍ കുടുങ്ങിക്കുടുങ്ങി ഇറങ്ങി വന്നു. പുറകേ സുന്ദരന്മാരും കശ്മലന്മാരുമായ പൈലറ്റുമാരും. അവര്‍ ഒന്നിച്ച് ഒരു മിനി ബസ്സില്‍ കയറി കോവളത്തേയ്‌ക്കോ മറ്റോ പോയി. ഇവന്മാര്‍ക്ക് വയറ്റിളക്കവും വായ്പുണ്ണും വന്ന് പണ്ടാരടങ്ങട്ടെ എന്ന് ശപിച്ചുകൊണ്ട് കോവിന്ദന്‍ വായും പൊളിച്ച് നിന്നു.

അത്താഴപട്ടിണിക്കാരായ വാര്‍ക്കപ്പണിക്കാര്‍ക്കിടയിലൂടെ അതാ വരുന്നു സൂപ്പര്‍സ്റ്റാറിനെപ്പോലെ വെളുത്ത് ചെമന്ന് തുടുത്ത് കുട്ടപ്പനായ സാക്ഷാല്‍ ഹമീദ് ! എടുത്താല്‍ പൊങ്ങാത്ത രണ്ട് ടി.വി. യും തള്ളിക്കൊണ്ടാണ് വരവ്. (അന്നത്തെ കാലത്ത് ഗള്‍ഫീന്ന് വരുമ്പം പത്തായം പോലത്തെ ടി.വി. കൊണ്ടുവന്നില്ലെങ്കി അമ്മ വഴക്കു പറയും !) അകെമൊത്തം പര്‍ദ്ദയില്‍ പൊതിഞ്ഞിരുന്നതുകൊണ്ട് നോക്കണ്ടാന്നും വച്ച് ഉപേക്ഷിച്ചിരുന്ന കുറേ ഉമ്മച്ചിമാരും ഘടാഘടിയന്മാരായ നാലഞ്ച് ആണുങ്ങളും ഹമീദിനെ വളഞ്ഞു. ക്ഷണനേരം കൊണ്ട് ടി.വി. അമ്പാസഡര്‍ കാറിന്റെ മുകളില്‍ വച്ചു കെട്ടി. ആംസ്റ്റര്‍ഡാമിലേക്ക് പോകുന്ന മോഡിയുള്ള താടിക്കാരന്‍  ''അച്ഛാ ദിന്‍'' ബാക്കി വന്നിട്ടു കാണിച്ചുതരാമെന്ന് പറഞ്ഞ് ടാറ്റാ കാണിക്കുന്നതുപോലെ പതിനാറടി ദൂരത്തു നിന്ന് ടാറ്റാ കാണിച്ചിട്ട് ഹമീദ് അമ്പാസഡറില്‍ കയറി പോയി. 

ഏന്തരോ കളഞ്ഞ ഏതാണ്ടോ ജീവിയെപ്പോലെ കോവിന്ദന്‍ സ്‌ക്കൂട്ടറു തിരിച്ച് ആത്മവിദ്യാലയമായ മാന്‍ഹോളിനരികിലെത്തി. എന്തിനാണ് ഹമീദ് വീമാനത്താവളത്തില്‍ വരാന്‍ പറഞ്ഞത് എന്ന ചോദ്യത്തിന്റെ പൊരുള്‍തേടി കുന്തിച്ചിരുന്നു. വൈകുന്നേരം വീണ്ടും കോമതി കുറുക്കില്‍ വന്നു മാന്തി.

'' അപ്പുപിള്ള സാറിന്റെ വീട്ടില്‍ ചങ്ങാതീടെ ഫോണ്‍ വന്നിട്ടുണ്ട്. നാളെ 12 മണിക്ക് കായംകുളം ബസ്റ്റാന്‍ഡില്‍ ചെല്ലാന്‍ പറഞ്ഞു.''

പോണ്ടാന്നാദ്യം വിചാരിച്ചു. തള്ളേടെ ഫോറിന്‍സാരി മോഹം ഓര്‍ത്തപ്പോള്‍ മനസ്സുമാറി. ചിലപ്പോള്‍ പണ്ട് പി.ഡി.സി. ക്ക് പഠിക്കുമ്പം പ്രോമിസ് ചെയ്ത പോലെ വല്ല വിസയെങ്ങാനും കൊണ്ടുവന്നിട്ടുണ്ടാവുമോ? നാട്ടിലെ തോട്ടിപ്പണി മടുത്തു തുടങ്ങി. മാത്രവുമല്ല ഈ പണിക്കാര്‍ക്ക് പെണ്ണു കിട്ടത്തില്ലാന്ന് തരവന്‍ തങ്കപ്പന്‍ ആണയിടുകയും ചെയ്തിട്ടുണ്ട്. ഗാന്ധിമാര്‍ഗ്ഗവും കൈത്തറിയുമായി എത്രകാലം കഴിയാന്‍ പറ്റും? പോകാന്‍ തന്നെ തീരുമാനിച്ചു.

സിംഹത്തിന് മൂന്നു പ്രാവശ്യം അമളിപറ്റിയ കഥ മുരുകന്‍ പറഞ്ഞിട്ടുണ്ട്. കോവിന്ദനെന്തു കൊണ്ട് രണ്ടു പ്രാവശ്യം പറ്റിക്കൂടാ? പന്ത്രണ്ട് മണിക്ക് കായംകുളം ബസ് സ്റ്റാന്‍ഡില്‍ എത്തി. സുസ്‌മേരവദനനായി ഹമീദ് കാത്തുനില്‍ക്കുന്നു.

'' ഇന്നലെ കാര്യായിട്ട് ഒന്നും മിണ്ടാന്‍ പറ്റിയില്ല''

ഹമീദ് കാറില്‍ കയറ്റി. 

''ഒരു സെക്കന്റ് ഹാന്‍ഡ് ബെന്‍സ് വാങ്ങി. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ ഒരു മാസത്തെ ലീവിനു വരുമ്പം മാര്‍ക്കറ്റലും ബന്ധുക്കളുടെ വീട്ടിലുമൊക്കെ പോകാന്‍ വാങ്ങിയതാ!''

പന്ത്രണ്ടേ കാലിന് വീട്ടിലെത്തി.

''ഊണ് കഴിച്ചിട്ട് പോയാ മതി. ഇന്ന് ആവോലിയാ സ്‌പെഷ്യല്‍''

എന്നു പറഞ്ഞ് കോവിന്ദനെ സ്വീകരണമുറിയില്‍ ഇരുത്തിയിട്ട് ഹമീദ് എണിപ്പടി കയറി മുകളിലേക്ക് പോയി. കലാഭവന്‍ മണീടെ പാട്ടില്‍ 'ചെമ്പല്ലി, ചെമ്മീന്‍, കരിമീന്‍' എന്നീ പല മീനുകളും കേട്ടിട്ടുണ്ടെങ്കിലും ആവോലി എന്ന പേര് നല്ലപ്പഴാണ് കേക്കണത്. എല്ലാം ഭഗവാന്റെ അവതാരങ്ങളാണെങ്കിലും ചില അവതാരങ്ങള്‍ വിശേഷപ്പെട്ടവയാണല്ലോ ഭഗവാനേ..

സമയം ഒന്ന് ഒന്നര ഒന്നേമുക്കാല്‍ രണ്ട് എന്നിങ്ങനെ ഇഴഞ്ഞു നീങ്ങി. സമയത്തും കാലത്തും വല്ലതും നക്കിയില്ലെങ്കില്‍ മൈഗ്രേന്‍ വരും . കായംകുളത്തിറങ്ങുമ്പം ഇടക്കാലാശ്വാസത്തിന് ഒരു ചായേം പഴം പൊരിച്ചതും തട്ടാമെന്ന് നിനച്ചിരിക്കുമ്പഴാണ് ലവന്‍ കുറുക്കില്‍ വന്ന് തട്ടിയത് . 

രണ്ടേമുക്കാലായി. മൈഗ്രേനും ഹമീദും ഒരുമിച്ച് പടിയിറങ്ങി വന്നു. ഊണുമേശയില്‍ ചോറും ആവോലിയും റെഡി. തിന്നു. വയറുനിറഞ്ഞു. കൈ കഴുകി. ചെരുപ്പിട്ടു. കൂട്ടാരന്‍ ബെന്‍സ് കാറില്‍ കയറ്റി ബസ്സ് സ്റ്റാന്‍ഡില്‍ കൊണ്ടു വിട്ടു. മൂന്നു മണിക്കൂര്‍ ആനവണ്ടിയിലിരുന്ന് തിരിച്ചു വന്നു. 

മാന്‍ഹോളിനരികെ ഒരാലു കിളിച്ചു നില്‍പ്പുണ്ട്. അതിന്റെ തണലില്‍ ഉടുപ്പൂരി അല്പസമയം കിടന്നു. മയക്കം വരുന്നില്ല. കൊടിഞ്ഞി കൊണ്ടേ പോകൂ. ഛര്‍ദ്ദിക്കാതെ മാറില്ല. നടുവിരല്‍ അണ്ണാക്കിലിട്ട് ആവോലി മുഴുവന്‍ മാന്‍ഹോളിലേക്ക് തട്ടി. സ്‌കൂട്ടര്‍ ചവിട്ടി ബീമാപ്പള്ളിയിലേക്ക് വിട്ടു. അമ്മയ്‌ക്കൊരു ഫോറിന്‍സാരി വാങ്ങണം. പൈസ തികഞ്ഞാ അനിയത്തിക്കൊരു പെര്‍ഫ്യൂമും.
  

Follow Us:
Download App:
  • android
  • ios