ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് എ. കെ. റിയാസ് മുഹമ്മദ് എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


പന്തീരായിരം വര്‍ഷങ്ങള്‍ക്ക് ശേഷം
മീന്‍മുത്തശ്ശി കുഞ്ഞുമത്സ്യത്തിനോട്
ഒരു കഥ പറഞ്ഞു:

''പണ്ടു പണ്ട് 
ഈ കിണറൊരു പൊട്ടക്കിണറായിരുന്നു.
ജലപ്പരപ്പിനു താഴെ 
വട്ടത്തില്‍ നാലതിര്‍ത്തികള്‍ പകുത്തിരുന്നു. 
പടവുകള്‍ പോലെയായിരുന്നു അവ.
കീഴെ താഴെയെന്ന് തരംതിരിച്ചിരുന്നു. 

അങ്ങനെയിരിക്കെ ഒരു ദിവസം,
അങ്ങകലെയുള്ള പൊട്ടക്കുളത്തില്‍നിന്ന്
പലതരം തവളകള്‍ ഈ കിണറ്റിലേക്ക് വന്നു.
പടവുകള്‍ തവളകളെക്കൊണ്ട് നിറഞ്ഞു.

ഒരു നാള്‍,
കൂട്ടം ചേര്‍ന്ന മീനുകള്‍
തവളകളെ തുരത്തിയോടിച്ചു.
കാലം പോകപ്പോകെ,
വെളിച്ചത്തിന്റെ രേഖയ്ക്ക് കനംവെച്ചു തുടങ്ങി.

ഒരു ദിവസമുണ്ട്,
അനിതരസാധാരണമായ രണ്ടു ചെറുമത്സ്യങ്ങള്‍ 
കല്ലിടുക്കില്‍ കുമിളകള്‍ പറത്തുന്നു. 

കാലം മാറിയപ്പോഴാണ്
അത് ചെറുമീനുകളല്ല
വാല്‍മാക്രികളാണെന്ന് മനസ്സിലായത്.
അവ വളര്‍ന്നു വലുതായി പോക്കാച്ചിത്തവളകളായി.

വെറുപ്പ് തിന്ന് വെറുപ്പ് തുപ്പി.
നീയെന്നും ഞാനെന്നും 
അപരരേഖകള്‍ നിര്‍മ്മിച്ചു.
വെളിച്ചെത്തിന് തീയുടെ നിറമായി. 
ഒടുവിലാ തവളകള്‍ വീര്‍ത്ത്
കിണറിനെയൊന്നാകെ മൂടി''