ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. അംബി ബാല എഴുതിയ കവിത 

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

ഓരോ പെണ്‍മനസ്സുമിറങ്ങിപ്പോകുന്നത്
വര്‍ഷങ്ങളായി യാചിച്ചതിന്‍റെ
മായാത്ത തഴമ്പുമായിട്ടാണ്.

ഇന്നവള്‍ക്ക്
സൗഹൃദവും,
പ്രണയവും,
കാമവും,
സ്‌നേഹവും
കണ്ണടച്ച്
പ്രവചിക്കാന്‍ കഴിയും.


പെണ്ണെന്നാല്‍
ക്ഷമ,
ദയ,
കാരുണ്യം,
നാണം,
അടക്കം,
ഒതുക്കം,
കണ്ണീര്,
അടുക്കള,
കല്യാണം,
കിടപ്പുമുറി...


ആണെന്നാല്‍
ധീരത,
കരയാത്തവന്‍ ,
കോലായ,
അങ്ങാടി,
കല്യാണം,
അത്താണി...

കേട്ടുവളരുന്തോറും
കണ്ടെത്താനും
സന്തോഷിക്കാനും
ചിരിക്കാനും
മറന്ന്,
സ്‌നേഹത്തിന്‍റെ
വലിപ്പമറിയാതെ
ചുരുങ്ങി ചുരുങ്ങി
വെറും ഉരുവായി.

ഉടമയുടെ കൈയും
അടിമയുടെ കവിളും
ദു:ഖവും ദുരിതവും,
ഒടുവിലൊരു
പൊട്ടിത്തെറിയും!


മുകളിലേക്കു വളരുന്തോറും
ചെറുതായ് ചെറുതായ്.

'ഞാനായി മാറുന്ന നമ്മള്‍.'

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...