ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് അംബി ബാല എഴുതിയ രണ്ട് കവിതകള്‍  

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


ഒറ്റയാള്‍, ഒറ്റവീട്, 

ഒറ്റപ്പെട്ടുപോയൊരു മനുഷ്യന്റെ 
ഏറ്റവും വലിയ ഏകാന്തതയാണ് 
രണ്ടുതട്ടിലായ് പടര്‍ന്നുകിടക്കുന്ന 
ഈയൊറ്റവീട്.

അടുക്കളയില്‍നിന്നും
സ്വീകരണമുറിയിലൂടെ
ഉമ്മറത്തിണ്ണയിലേക്ക്
ഒരേ കാല്‍പ്പാടുകള്‍
പതിഞ്ഞ നടവഴിയുണ്ട്.

വെട്ടിയും കുറച്ചും
കൂട്ടിയും ഇരട്ടിപ്പിച്ചും 
അകത്തറകളെന്നും
കണക്കെടുപ്പ് നടത്തും
വര്‍ഷങ്ങളായികിട്ടുന്ന
ഒരേ സംഖ്യ വീണ്ടും എഴുതിച്ചേര്‍ത്ത് 
പുതിയൊരനക്കത്തിനായ്
മണ്ണിലേക്ക് കാതുകളിറക്കും.

അതിഥികളെത്താത്ത ഉമ്മറത്തിണ്ണയില്‍
ഉച്ചവെയില്‍ തലചായ്ക്കുമ്പോള്‍
മുറികളോരോരുത്തരും
കുശലം പറയാന്‍ തിണ്ണയിലെത്തും.

അടുക്കള, 
അകന്നുപോയ മണവും-
രുചിയുമെണ്ണിപ്പറഞ്ഞ്
അയല്‍പക്കത്തെ മസാല കറിയില്‍ 
കറിവേപ്പില ഇല്ലെന്ന് പരിഭവിക്കും 

ഇടയ്ക്കുകയറി സ്വീകരണമുറി 
അവസാനത്തെ പൊട്ടിച്ചിരിയുടെ ഫലിതം 
ആവര്‍ത്തിച്ച് പറയും

കിടപ്പുമുറി വാ തുറക്കുന്നതും
പറയാനറിയാത്ത ഉള്‍നിറവാല്‍ 
മുറികളെല്ലാം 
അടുത്തേക്കടുത്തേക്ക്
ചേര്‍ന്നിരിക്കും

സ്‌നേഹത്തിലേക്ക്
പ്രണയമുരുകി വീണ്
തിളച്ചുപൊങ്ങുന്ന 
അവസാന നിര്‍വൃതിയെ 
പറഞ്ഞറിയിക്കുംമുന്നേ ,

'അച്ച്ച്ചീ...'

മെലിഞ്ഞുണങ്ങിയ മനുഷ്യന്റെ
ഒറ്റ തുമ്മലില്‍
മുറികളെല്ലാം വാതില്‍ പൂട്ടി 
ഇരുട്ടിലേക്കിറങ്ങും .

ഉമ്മറത്തെ ഒറ്റ കസേരയില്‍
അമര്‍ന്നിരുന്നയാള്‍ 
മരിച്ചുപോയ ഭാര്യയെ വിളിക്കും 
പിന്നെ, അമേരിക്കയില്‍
മുന്തിയ ഫ്‌ലാറ്റില്‍ 
ഉച്ചമയക്കത്തിനു കിടന്ന 
ഏകമകളെ വിളിക്കും 

തൂത്തു തുടയ്ക്കാത്ത ചുമലിലിരുന്ന് 
പല്ലി പാളിനോക്കും
ഇരയുടെ അനക്കത്തിലേക്ക് പതുങ്ങി 
പതുങ്ങി കാലുകള്‍ നീക്കും.

യാത്രക്കാരാ... 
നീ ഇപ്പോഴും നിന്റെ രാജ്യത്തിന്റെ
ഭൂപടം നിവര്‍ത്തിപിടിച്ച്
അതിരുകളില്‍
മാറ്റമില്ലെന്ന് ഉറപ്പിക്കുന്നു.

ഞാന്‍ രണ്ടുരാജ്യങ്ങളും
ഉപേക്ഷിച്ച്
ആകാശത്തിനുമപ്പുറം
ഇരുട്ടിന്റെ സത്യ-
പുസ്തകത്തില്‍ 
'എന്റെ പ്രണയമേ..
എന്റെ പ്രണയമേ...'
എന്നെഴുതിത്തുടങ്ങുന്നു.

നിന്റ പര്‍വ്വതത്തില്‍
നിന്റെ സിംഹസനത്തില്‍
നിന്റെ ഉടമ്പടികളില്‍
പതിയാതെ പോയ
എന്റെ മുഖം
ഈ ഇരുട്ടിലിന്നു 
തിളങ്ങുന്നുണ്ട്.

നീ വരുമെന്ന്
പറയുന്ന ആത്മാവിന്റെ
ഭാഷണത്തെ
ഞാന്‍ വിശ്വസിക്കുന്നില്ല.
അതെന്നെ ഒരു
നിമിഷത്തേക്ക്
വഞ്ചിക്കുന്ന
കാമുകന്റെ
കണ്ണിലെ 
ചിരിപോലെയാണ്.

ഞാനിതാ നിന്നെ
സൃഷ്ടിച്ചിരിക്കുന്നു
എന്റെ മതത്തിലേക്ക്
പരിവര്‍ത്തന-
ത്തിനൊരുക്കാതെ 
നിന്നെയിവിടെ
ഞാന്‍ ഒരുക്കിയിരുത്തുന്നു.

ഇനിയെനിക്ക് നിന്നോട്
മിണ്ടാം, വാക്കുകള്‍ ഇല്ലാത്തവനെങ്കിലും
നീയെന്റെ മുഖത്തേക്ക്
നോക്കുമല്ലോ.

ഇനിയെനിക്ക് നിന്റെയൊപ്പം
മൗനത്തിന്റെ
അങ്ങേ കരയില്‍
യാത്ര പോകാം.
പ്രണയത്തിന്റെ
യാതൊരു
ലക്ഷണങ്ങളുമില്ലാതെ
കെട്ടിപിടിക്കാം.

എന്റെ ലോകത്തിനന്യമായ 
എത്ര സുന്ദരമായ
കാഴ്ചയാവുമത്!
സ്‌നേഹത്തിനു
മാത്രം ചെയ്യാന്‍
കഴിയുന്ന ഇത്രയും 
രഹസ്യമായ
നിര്‍വൃതി മറ്റെന്തുണ്ട്!

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...