ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. അംബി ബാല എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


ശംഖ്

ഞാനയാളെ സ്‌നേഹിക്കുമ്പോഴൊക്കെ
ഒരു വെളുത്ത ശംഖായി മാറി
എന്റെ കൈകളിലേക്കയാള്‍ ചേര്‍ന്നിരിക്കും.

ആര്‍ത്തിരമ്പുന്നൊരു കടല്‍ 
അയാളുടെ ഹൃദയത്തിലൂടെ 
പ്രപഞ്ചത്തിലെ
ഏറ്റവും മനോഹരമായ,
തീവ്രവിരഹഗാനം ഉറക്കെപ്പാടും.

പണ്ടെന്നോ മുറിഞ്ഞെന്നും
ഇപ്പോഴും വേദനിക്കുന്നുവെന്നും
കരുതുന്ന ഒറ്റമുറിവില്‍
വെറുതെ ഒന്ന് തലോടിയാല്‍ പോലും 
ഒരു ചുഴിയിലകപ്പെട്ടവനെപ്പോലെ 
അയാള്‍ ഭ്രാന്തമായി നിലവിളിക്കുന്നു.

ഞാനെന്റെ പൂക്കളെ പോലെ 
അയാളെ ചേര്‍ത്തുനിര്‍ത്തുന്നു.
കണ്ണുകളില്‍ നിറയെ 
സ്‌നേഹത്തിനായുള്ള വിശപ്പ്.

ഞാനെന്റെ ആത്മാവിലേക്ക് 
അയാളെ ക്ഷണിച്ചു.
നടന്നു നടന്ന് ക്ഷീണംപേറിയ ശരീരത്തില്‍നിന്നും
അയാളിറങ്ങിവന്നു.

പിന്നീട് 
ഞങ്ങള്‍ക്ക് 
ശരീരമേ ഉണ്ടായിരുന്നില്ല.


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...