ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിതകള്‍

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


ഉടലെഴുതുമ്പോള്‍


ഉടലെഴുതുമ്പോള്‍
ഞാന്‍ തെരുവുകള്‍ ഓര്‍ക്കുന്നു,
യുദ്ധങ്ങള്‍ ഓര്‍ക്കുന്നു.

പ്രബുദ്ധതയുടെ വാതിലടച്ച്
ശിശിരം മാത്രമുടുത്ത്
ഉപഗുപ്തനെ ചുംബിയ്ക്കുന്നു.

ഓര്‍മ്മകള്‍ തിളയ്ക്കുന്ന
കാടുകളില്‍ നിന്ന് ഗര്‍ഭപാത്രത്തിലേക്ക്,
മരങ്ങളെ സ്വപ്നം കണ്ട് ഇലകള്‍ 
കവിതയുടെ പൂമ്പൊടി വിതറുമ്പോള്‍
നീലമുലകളുടെ വിടവിലൂടെ
ആയാസപ്പെട്ട് വെയില്‍ ചോര്‍ന്നു വീഴുന്നു.

എഴുതും വേദനയുടെ മരുനീരുറവകള്‍
നിന്‍ കാലടി മണ്ണിലെന്‍ ദൂരങ്ങള്‍ തേടുമ്പോള്‍,
ചിരപുരാതന ചുളിവുകള്‍ മാറ്റി
നീയെന്റെ അരക്കെട്ടില്‍ ഒളിപ്പിച്ചുവച്ച
നഗ്‌നസൂര്യനെ ആരുമറിയാതെ 
ആകാശം കാണാത്ത
ഇരുണ്ട ഖനികളിലേയ്ക്ക് ഞാന്‍ 
ഒളിപ്പിച്ചു കടത്തുന്നു.

കാലഹരണപ്പെട്ട ഈ 
വ്യവസ്ഥിതിയുടെ നാഥനായ പുരുഷാ,
സമഭാവത്തോടെ നീ വരാത്തിടത്തോളം
കുലസ്ത്രീയുടെ മുറ മറന്ന്
കശുമാവിന്‍ തോപ്പിലെ
കരിയിലമെത്തയില്‍
മഗ്ദലന മറിയവും കൃഷ്ണനും
ഇണചേരുന്ന കാലത്തിലേയ്ക്ക്
ഈ തേവിടിശ്ശി കാറ്റ് പറയുന്ന
വഴിയേ പോകുന്നു ഞാന്‍.

ടെന്‍സിന്‍ സ്യുന്‍ന്ത്യു

ടെന്‍സിന്‍ സ്യുന്‍ന്ത്യു, 
നിന്നെ ഞാന്‍ കണ്ടിട്ടില്ല.
പക്ഷെ നിറം മങ്ങിയൊരു 
പുസ്തകത്താളില്‍ നിന്നും 
നിന്റെ രക്തത്തിന്റെ കടലിരമ്പം
ഞാന്‍ തിരിച്ചറിഞ്ഞു. 

അശാന്തിയുടെ 
മഹാപര്‍വ്വതങ്ങളിലൂടെ 
വലിച്ചിഴയ്ക്കപ്പെട്ട നിന്റെ 
പീഡിത മനസ്സാക്ഷി 
എന്റെ വര്‍ത്തമാനത്തെ 
ചുട്ടുപൊള്ളിയ്ക്കുന്നു. 

പോരാട്ടങ്ങളുടെ കനലുകള്‍ കൊണ്ട്
നെയ്‌തെടുത്ത 
നിന്റെ ഹൃദയവും കവിതയും 
മാതൃരാജ്യത്തിനായാക്രോശിച്ച്
ലോകത്തിലങ്ങോളമിങ്ങോളം
ഓടിനടക്കുന്നു. 

നിന്റെ വരികളുടെ മാരകമായ 
പടയോട്ടങ്ങള്‍ 
അരനൂറ്റാണ്ടിലേറെയായി 
യുദ്ധം ചെയ്യുമൊരു ജനതയുടെ 
സ്വപ്നങ്ങള്‍ തുന്നിച്ചേര്‍ക്കുന്നു, 
തെരുവില്‍ വീണ് ആവി പറക്കുന്ന 
ചുടുചോരയിലേയ്ക്ക് 
ഒരു കാലഘട്ടത്തെ വലിച്ചിഴയ്ക്കുന്നു.

നിന്റെ ഏകാന്തതകളില്‍ നിന്ന് 
പ്രണയത്തിന്റെയും പകയുടെയും 
ഗര്‍വ്വിന്റെയും വേദനയുടെയും
സഹനത്തിന്റെയും അഗ്‌നിഹസ്തങ്ങള്‍ 
ഉയര്‍ന്നു വരുന്നു. 

നീ നിന്റെ സ്വാതന്ത്ര്യമെന്ന സ്വപ്നം
കുടിച്ചാത്മദാഹത്തെ കെടുത്തുന്നു.
നീയിനിയും കീഴടങ്ങാത്ത 
മഞ്ഞുതാഴ്‌വരയുടെ പോരാളി. 

അഭയാര്‍ത്ഥിത്വത്തിന്റെ
നിരന്തരമായ നീതി നിഷേധത്താല്‍, 
വിരല്‍ത്തുമ്പില്‍ മിന്നല്‍പിണരുകള്‍ പേറുന്ന 
നിന്നിലെ അക്ഷരങ്ങള്‍ എന്റെ കണ്ണിലും 
കലാപത്തിന്റെ അഗ്‌നി കൊളുത്തുന്നു. 

(തെന്‍സിന്‍ സുന്‍ന്ത്യു -ഇന്ത്യയിലെ ടിബറ്റന്‍ അഭയാര്‍ത്ഥി ആക്ടിവിസ്റ്റ്. കവി, എഴുത്തുകാരന്‍, മനുഷ്യാവകാശ ജനാധിപത്യ പ്രക്ഷോഭകാരി.)