ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 

 

 

കത്തിപ്പോയ ചിത്രം

കത്തിപ്പോയ ചിത്രത്തില്‍
ഒരു രാത്രിയുടെ നിറമുണ്ടായിരുന്നു
ആഴമുള്ളൊരു
ആകാശവും
സ്വപ്നങ്ങള്‍ക്കുറങ്ങാന്‍
മാത്രമൊരു കണ്ണും.

എത്രയെത്ര വര്‍ണ്ണങ്ങളിലാണ്
വഴി വരച്ചിരിക്കുന്നത്.

പുഴ വരയ്ക്കാന്‍
മറന്നുപോയിരിക്കുന്നു.

പൂക്കളോട് നിറം ചോദിച്ചില്ല
അവര്‍ക്ക് ചിരിയുടെ ഗന്ധം.

ചിതനാളങ്ങളില്‍
കല്ലെടുക്കുന്ന തുമ്പിയുടെ
കണ്ണുകള്‍ 
ഒരു തീഗോളം.

നൂലില്‍ക്കോര്‍ത്ത
ശലഭച്ചിറകുകള്‍
ദിശ തെറ്റിയ പട്ടമാണ് ...

കത്തിപ്പോയ ചിത്രത്തിന്റെ
ചാരംകൊണ്ട്
കരുവാളിച്ച എന്റെ മുഖം
തെളിച്ചു വരയ്ക്കുന്നു. 

ഇപ്പോള്‍ പുഴയുടെ
ഒരു ചാലു കാണാം
ചിത്രത്തിലല്ലാ
എന്റെ കവിളില്‍


മരണ വീട്

ആരോടും
അനുവാദം ചോദിക്കേണ്ടാ
മരണവീട്ടിലേക്ക്
കയറിച്ചെല്ലാന്‍

ആര്‍ത്തു കരയാം
തേങ്ങലാവാം

മുഖത്തു ദു:ഖത്തിന്റെ
കറുത്ത നിഴല്‍ വീഴ്ത്താം

ആരും ഒന്നും
ചോദിക്കില്ലാ
ആരെന്ന് പോലും


ഈ വെള്ളപുതച്ചു കിടക്കുന്നവന്‍
ആരായിരുന്നു
ആരോടും
ഒന്നുരിയാടി കണ്ടിട്ടില്ല
അഗ്‌നികത്തുന്ന
കണ്ണുകള്‍കൊണ്ട്
വെറുതെയൊരു നോട്ടം

പടുതിരി കത്തുന്ന വെളിച്ചത്തിലാണ്
മരിച്ചു കിടക്കുന്നവന്റെ
പാതിയടഞ്ഞ
ചത്ത കണ്ണുകള്‍ കണ്ടത്

ബാക്കി പറയാന്‍
ഒരു നോട്ടം
അവശേഷിച്ചതുകൊണ്ടാവാം
കണ്‍പ്പോളകള്‍
പാതിയടഞ്ഞത്.

ഇമവെട്ടാതെ
കണ്‍പീലികളില്‍
ആരോടോ യാത്ര പറഞ്ഞ
കണ്ണീരിന്റെ നനവ്

കണ്ണുനീര്‍ ഒലിച്ചിറങ്ങിയ
കറുത്ത മുറിപ്പാടില്‍
ദാരിദ്ര്യത്തിന്റെ
നിഴല്‍ രൂപങ്ങള്‍

ആരോടും
യാത്ര ചോദിക്കേണ്ടാ
മരണവീട്ടില്‍ നിന്ന്
തിരിച്ചു പോകാന്‍

ആരോടും
ഒന്നും പറയണ്ടാ
വെറുതെ
ഒന്നു നോക്കാം
അഗ്‌നികത്തുന്ന
കണ്ണുകള്‍ കൊണ്ട് 

 

മികച്ച കഥകളും കവിതകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona