ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന്  അനില്‍ മുട്ടാര്‍ എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


തനിയേ
ഇറങ്ങിപ്പോയ
ആ ചവിട്ടുപടികളില്‍
ഇന്നും
ഓര്‍മ്മകള്‍
കത്തുന്നുണ്ട്.

പകലുകളായിരുന്നില്ലാ
എന്റെ വെളിച്ചം
ഗ്രന്ഥപ്പുരകളില്‍
ഉറങ്ങാതിരുന്നിട്ടും
ജീവന്റെ
ശ്വാസനാളത്തിനപ്പുറം
കവിതകള്‍
കത്തിക്കൊണ്ടേയിരുന്നു

പിന്‍വിളികളില്‍
കുത്തി നില്‍ക്കുന്ന
ശബ്ദത്തിന്റെ
പുറംചട്ടയിലുണ്ട്
ഞാനെന്ന കവിത 

പ്രണയകവിതയില്‍
അവസാനമായി
എഴുതാന്‍ മറന്ന
ഒരു വരി
ഇന്നും
എവിടെയോ കണ്ണീരില്‍
മുങ്ങി
ഊര്‍ദ്ധ്വശ്വാസം വലിക്കുന്നുണ്ട്

ഹൃദയസ്പന്ദനത്തിന്റെ
മാറ്റൊലിയില്‍ എനിക്കത്
ഒളിപ്പിക്കാന്‍
കഴിയുന്നുമില്ലാ

തനിയേ
കയറിപ്പോയ
കുന്നില്‍
മരണത്തിന്റെ
ഗന്ധം പൂക്കുന്ന
താഴ്വാരങ്ങള്‍ക്കു
ഇരുപുറവും
ഓര്‍മ്മകള്‍
കത്തി കൊണ്ടേയിരിക്കുന്നു 

ആ അഗ്‌നിനാളത്തിലുണ്ട്
ഞാനെന്ന കവിത