Asianet News MalayalamAsianet News Malayalam

റോസക്കുട്ടി പിന്നെ  കരഞ്ഞിട്ടേയില്ല

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് അനു ശാരദ എഴുതിയ കവിത

chilla malayalam poem by anu sarada
Author
Thiruvananthapuram, First Published Oct 12, 2021, 6:33 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


chilla malayalam poem by anu sarada

 

അറുപത്തിനാല്കാരന്‍ പൗലോസ് 
ചില്ലവെട്ടാന്‍  കേറിയ മരത്തീന്നുവീണ് മരിച്ച അന്ന് 
അമ്പത്തിയാറുകാരി റോസക്കുട്ടി ചിരിച്ചു.

മക്കളും മരുമക്കളും നെഞ്ചത്തടിച്ച് കരയാന്‍ തുടങ്ങിയപ്പോ 
റോസക്കുട്ടിക്കാകെ പ്രാന്ത് കേറി,
തലമുടി വാരിക്കെട്ടി നൈറ്റി എടുത്തുകുത്തി റോസക്കുട്ടി 
ഉപ്പുകാറ്റ് വീശുന്ന കടല്‍ക്കരയില് പോയിരുന്നു.

മഴ പെയ്തു വരുന്നുണ്ടായിരുന്നൂ,
മരിച്ച പൗലോസിനേം ഭാര്യ റോസക്കുട്ടിയേം പറ്റി
നാട്ടുകാരടക്കം പറഞ്ഞു തുടങ്ങി.

'പാവം മനുഷ്യനായിരുന്നെന്നും 
റോസക്കുട്ടി ഒറ്റയ്ക്കായല്ലോ
എന്ന് ചിലര്.
 
പോയതെന്തായാലും നന്നായി, മുഴുക്കുടിയനായിരുന്നു,
ഇനിയേലും റോസക്കുട്ടിക്ക് 
സമാധാനമായിട്ട് ജീവിക്കാലോയെന്ന് 
വേറെ ചിലര്. 

നീല ടര്‍പ്പായുടെ അടിയില്‍ രണ്ടുപക്ഷം ഉയര്‍ന്ന് 
കത്തിനിന്ന സമ്പ്രാണിത്തിരിയുടെ 
പുകയോടൊപ്പം അവിടത്തന്നെ വട്ടം കറങ്ങി.

പള്ളീലച്ചന്റെ കുന്തിരിക്കം പുകച്ചുള്ള
അന്ത്യകൂദാശ നടക്കുമ്പോള്‍ 
റോസക്കുട്ടി കടലു കാണുവാരുന്നൂ,
കടലിന്റെ വിവിധഭാവങ്ങളേയും 
നിറങ്ങളേയും കുറിച്ച് ഓര്‍ക്കുകയായിരുന്നൂ.

റോസക്കുട്ടി
കറുത്ത് ഒരഞ്ചടിയിലധികം പൊക്കവും
പൊക്കത്തിനൊത്ത വണ്ണവുമുള്ള 
കറുത്ത നിറവും പൊടിമീശയും ഉള്ള 
കരുത്തുള്ള, കരിങ്കല്ല് പണിക്കു പോകുന്ന 
ഒരൊത്ത പെണ്ണായിരുന്നൂ.

കടലിന്റെ ഉപ്പുകാറ്റേറ്റാണ് വളര്‍ന്നതെങ്കിലും പൗലോസ് 
വള്ളത്തില് പോകാതെ മരം വെട്ടുകാരനായി.

ഓരോ ചില്ലയിറക്കുമ്പോഴും പൗലോസ്
മരത്തിനോട് ക്ഷമ പറയും 
വൈകിട്ട് റോസക്കുട്ടിയെ വന്നുപദ്രവിക്കും
വെട്ടിയിട്ട മരത്തിന്റെ പേര്‌ചൊല്ലി തെറി പറയും

റോസക്കുട്ടി മുപ്പത്തിനാല് കൊല്ലം 
കരഞ്ഞൂ, മിണ്ടാതിരുന്നു,
കരിങ്കല്ലു തലേലേറ്റുമ്പോള്‍ 
കഴിഞ്ഞ പോകുന്ന ജീവിതത്തേയും 
ജീവനേയും പ്രാകിപ്രാകി കൊന്നുകൊണ്ടേയിരുന്നു.

ഒരു ദിവസം കരിങ്കല്ലു പണിക്കുവന്ന ഒരുത്തന്‍ 
തലേല് കല്ലേറ്റി വെയ്ക്കും നേരം 
റോസക്കുട്ടീന്റെ മുട്ടിന് മേല്‌പ്പോട്ട് തഴുകി

തലേലെ കരിങ്കല്ല് അവന്റെ കാലിനിടയിലോട്ട് എടുത്തിട്ട് 
കാര്‍ക്കിച്ചൊരു തുപ്പും വെച്ച് 
അന്നത്തെ പണിയിട്ട് തിരിച്ച് വീട്ടിലോട്ട് ചെന്നപ്പഴാണ് 
ഉടുതുണിയില്ലാത്ത പൗലോസിനേം
അക്കരത്തുറേലെ മേരിയേയും കാണുന്നത്.

ഒന്നും മിണ്ടാതെ നേരെ നാരായണന്റെ ഷാപ്പിലോട്ട് കേറി
രണ്ട് കുപ്പി പനങ്കള്ളും ഒരു കപ്പക്കൂട്ടും കൂട്ടിയടിച്ച് 
തിരിച്ച് വീടെത്തി 
തിണ്ണേലോട്ട് മലന്നു കിടന്ന് 
കഴിഞ്ഞുപോയ അമ്പത്തിയാറു വര്‍ഷത്തെക്കുറിച്ചാലോചിച്ചാ-
ലോചിച്ച് ബോധം കെട്ടുറങ്ങി.

പിറ്റേന്ന് തൊട്ട് റോസക്കുട്ടി പൗലോസിനോട് മിണ്ടാതായീ,
പൗലോസിനോട് മാത്രമല്ല ആരോടും.

അങ്ങനെ പൗലോസിനെ പള്ളി പറമ്പേലോട്ടെടുക്കാന്‍ നേരം 
മക്കളുടേം മരുമക്കളുടേം ആര്‍ത്തലച്ചുള്ള നിലവിളി കേട്ട് 
റോസക്കുട്ടി 
കുലുങ്ങിച്ചിരിച്ചുകൊണ്ട് 
നൈറ്റിയിലെ പൂഴിമണല്‍ തട്ടിക്കുടഞ്ഞെണീറ്റ് 
പതുക്കെ പള്ളീലോട്ട് നടന്നു.

കുഴീലോട്ടെടുക്കാന്‍ നേരം 
റോസക്കുട്ടീടെ നില്‍പ്പും മട്ടും ഭാവോം കണ്ടയാളുകള്‍
'റോസക്കുട്ടീടെ സമനിലതെറ്റിയെന്നും 
ഇതെന്നാവൊരു പെണ്ണുംപിള്ളയാന്നും'
അടക്കി പറഞ്ഞ് മൂക്കത്ത് വിരല് വെച്ചു.

പൗലോസിനെ അടക്കി കഴിഞ്ഞ് 
വീണ്ടും റോസക്കുട്ടി കടലുകാണാന്‍ പോയീ.

കടലിലോട്ടിറങ്ങി 
ഉള്ളും പുറവുമുണ്ടാരുന്ന മുറിവുകളത്രയും
ഉപ്പുവെള്ളത്തിലുണങ്ങാന്‍ 
ഒരു പൊങ്ങുതടി പോലെ റോസക്കുട്ടി 
പൊങ്ങി മലര്‍ന്നുകിടന്നൂ,
തിരമാലയില്‍ പൊങ്ങിയും മുങ്ങിയും അങ്ങനെ.


പിറ്റേന്നിന്റെ പിറ്റേന്ന് 
റോസക്കുട്ടി പേരുമാറ്റാന്‍ അപേക്ഷകൊടുത്തു
'കമ്പിവേലിയില്‍ ലൂക്കോസ് മകന്‍ പൗലോസിന്റെ ഭാര്യയായ 
റോസക്കുട്ടിയെന്ന ഞാന്‍  ഇനിമുതല്‍ 
വാലറ്റമില്ലാത്ത വെറും റോസക്കുട്ടി'യെന്ന് 
പത്രപരസ്യം ചെയ്തു.

പിറ്റേന്ന് മുതല്‍ കരിങ്കല്ല് ചുമക്കാന്‍ പോയി,
വേണ്ടെന്നും നാല്പത് കഴിയാണ്ട് 
പുറത്തിറങ്ങണ്ടാന്നുമൊക്കെ 
മക്കളും മരുമക്കളും പറഞ്ഞും 
റോസക്കുട്ടി പണിക്കു പോയി.

പള്ളീലച്ഛനും അതുതന്നെ പറഞ്ഞു,
റോസക്കുട്ടി സ്തുതിചൊല്ലി തിരിഞ്ഞു നടന്നു.

റോസക്കുട്ടിക്ക് ആരോടും സ്‌നേഹം തോന്നിയില്ല,
ഒന്നും തോന്നാത്ത വിധത്തില്‍ 
ഒന്നും അനുഭവപ്പെടാത്ത തരത്തില്‍
റോസക്കുട്ടീടെ ഉള്ളം ശൂന്യമായിരുന്നൂ.

റോസക്കുട്ടി കടലിനോട് മാത്രം 
വാതോരാതെ വര്‍ത്താനം പറഞ്ഞു.

ഉള്ളില് കുടുങ്ങി കിടന്ന 
മാറിന്റെ ഒത്തനടുവിലൊരു കാക്കപ്പുള്ളിയുള്ള ഒരുവള്‍,
തന്റെ പ്രിയപ്പെട്ടവളെ കുറിച്ചോര്‍ത്തു.

ഇരുപതാം വയസ്സില്‍ 
അവളോട് പറയാന്‍ പേടിച്ച പ്രണയത്തെ കുറിച്ചോര്‍ത്തൂ..
ആര്‍ത്തവമായപ്പോള്‍ പ്രാന്ത് പിടിച്ച മാതിരി 
സ്വന്തം സ്വത്വത്തെ കുറിച്ച് പറയാന്‍ ഭയന്നതിനെ കുറിച്ചുമോര്‍ത്തൂ

നഷ്ടപ്പെട്ട ഒരു ജന്മത്തെ മുഴുവന്‍ 
പ്രാകിപ്പ്രാകി റോസക്കുട്ടി 
ഞാവലിട്ട് വാറ്റിയ ചാരായം മോന്തി 
കടലിലോട്ടിറങ്ങി മുങ്ങി നിവര്‍ന്നൂ.

പിന്നീടങ്ങോട്ട് റോസക്കുട്ടി 
ചാരായം വാറ്റുകേം കരിങ്കല്ല് പണിക്ക് പോകേം
തുറിച്ച് നോക്കുന്ന ആണുങ്ങളെ മൊത്തം 
ഒന്നടക്കം പച്ച തെറി പറഞ്ഞുംനടന്നു

മുറ്റത്തെ ഞാവല്‍ 
കാലം പോലും നോക്കാതെ നിന്നു കായ്ച്ചു
റോസക്കുട്ടി ഞാവലിട്ടു വാറ്റു തുടര്‍ന്നോണ്ടേയിരുന്നൂ
ജീവിതം കത്തി പുകഞ്ഞേയിരുന്നൂ

റോസക്കുട്ടി പിന്നെ കരഞ്ഞിട്ടേയില്ല

 

Follow Us:
Download App:
  • android
  • ios