ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് അരുണ്‍ ടി വിജയന്‍ എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.


അടച്ചിട്ട മുറിയില്‍ തനിയേ

അടച്ചിട്ട ഒരു മുറിയില്‍
ഞാനെന്തുചെയ്യുന്നുവെന്ന്
എത്തിനോക്കുന്നു
രണ്ട് കണ്ണുകള്‍

തണുപ്പുടത്ത ഒരുവളെന്നെ
പുതഞ്ഞുകിടക്കുന്നു
പിന്നെ പരന്നൊഴുകുന്ന
ചാരവും ചാരമൂതിവിട്ടവരും,
കൊല്ലുമെന്ന് ഭയപ്പെടുത്തിയവര്‍
ആയുസ്സൊടുങ്ങിക്കിടക്കുന്നു ചുറ്റിലും

പൂവ് വീണ് പൊള്ളിയ ഒരിടത്തേക്ക്
അരിച്ചരിച്ചിറങ്ങുന്ന ഓര്‍മ്മകള്‍
ഉറുമ്പുകളെപ്പോലെ
ഹൃദയത്തെ കാര്‍ന്നുകാര്‍ന്നെടുക്കുന്നു
ഒരൊറ്റ കുടയലില്‍
ദൂരെയെറിയുന്നു
ഓര്‍മ്മകളെയും ഉറുമ്പുകളെയും

കരച്ചിലിനെ തലയിലേറ്റിയ ഒരുപാട്ട്
മുറിക്ക് പുറത്തുണ്ടാകാമെന്ന് കരുതാവുന്ന
പടിയിറങ്ങി വരുന്നുണ്ട്
ഞാനും പാട്ടിനൊപ്പം കരയുന്നു
കണ്ണീര്‍വറ്റുമ്പോള്‍
ഞങ്ങളൊന്നിച്ച് ചിരിക്കുന്നു
പാട്ടിനൊപ്പം ചുവട് വയ്ക്കുന്നു
തളര്‍ന്ന് വീഴുന്നു

പാതിയടയുന്ന കണ്ണുകളില്‍
തെളിയുന്നുണ്ട്
സ്വയം തടുത്തുകൂടുന്ന മേഘങ്ങള്‍
അതിലേക്ക് ഇരമ്പിയാര്‍ക്കുന്ന
ഒരു കെ എസ് ആര്‍ ടി സി ബസ്സും
റമ്മിന്റെ മണമുള്ള ബസ്സില്‍ നിറയെ
സൗഹൃദച്ചിരിയുള്ള മുഖങ്ങള്‍

മുറിയില്‍ ഒരുറക്കം കാവല്‍ വരുന്നു
അവിടേക്ക് മരിച്ചുപോയ ഒരുവള്‍
വിരുന്നുകാരിയാകുന്നു
ഞങ്ങള്‍ കൂട്ടാകുന്നു
പ്രേമത്തിലാകുന്നു
കൗതുകങ്ങളെ ഇല്ലാതാക്കുന്നു
അവളെന്റെ
കുഞ്ഞുങ്ങളെ പ്രസവിക്കുന്നു

കരച്ചിലിനെ തലയിലേറ്റിയ
പഴയ പാട്ട്
പടിയിറങ്ങിവന്ന്
വീണ്ടും മുറിതുറക്കുമ്പോള്‍
അവളും പോയി
അവനും പോയി
വിഷാദമെന്ന നഗരം
കണ്ണടയ്ക്കുന്നു