ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  ബെസ്റ്റി തോമസ്  എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


ഇരുട്ടും മുന്നേ
കാത്തിരിപ്പ് തുടങ്ങും.

അച്ഛന്റെ ചുമയ്‌ക്കൊപ്പം
നടക്കല്ല് കേറുന്ന
ചെരുപ്പിന്റെ ഒച്ചയ്ക്ക്,
പകലത്രയും
നിശബ്ദം ഉറങ്ങിക്കിടന്ന
അടുക്കളപ്പാത്രങ്ങളുടെ
കുലുങ്ങിച്ചിരിയിലേക്ക്,
തളര്‍ച്ച മറയ്ക്കാന്‍
ടീച്ചറമ്മയിടുന്ന
ഒരു കപ്പ് കാപ്പി മണത്തിലേക്ക്.

വാതിലും ജനലും
തുറന്നിടുമ്പോള്‍
തള്ളിക്കയറി വരുന്ന
കാറ്റിന്റെ പ്രാണ ശ്വാസത്തിന്,
സ്‌കൂള്‍ വിട്ട് വരുന്ന
നാല് പാദസരക്കാലുകളുടെ
കളിചിരികള്‍ക്ക്,
പകലിന്റെ വിശേഷങ്ങള്‍
നിറം ചേര്‍ത്ത് പറയാന്‍
മിണ്ടാനൊരാള്‍ ഇല്ലാത്ത
ജീവിത മുഷിച്ചിലിന്റെ
കനം മറച്ചോടി വരുന്ന
ജാനകി C/o ശേഖരന്,

വഴിനീളെ അലഞ്ഞുവന്ന
കാറ്റിനു പറയാനുള്ള
അനേകം കഥകള്‍ക്ക്, 
ഇരുട്ടാവാന്‍ കാത്ത്
വീടിന്റെ ആത്മാവോട് പറ്റി
ഒളിച്ചിരിക്കുന്ന
ചുവരില്‍ മാലയിട്ട് വെച്ച
മൂന്ന് രൂപങ്ങള്‍ക്ക്,
കുറ്റിമുല്ലയുടെ തണലുപറ്റി
വീട്ടുകാരറിയാതെ
വീടുമായി വാടകക്കരാറിട്ട
പാമ്പിന്‍ കുഞ്ഞിന്.

കാറ്റേ, 
കാടലഞ്ഞ്
കേറിചെല്ലുമ്പോള്‍
ഇന്നിനി വീടിനോട്
പറയരുതേ,
പുലരും മുമ്പേ
പുഴയെടുത്തു പോകുമെന്ന്.

ഉപേക്ഷിച്ചു പോയവരെ കാത്ത്
ഇന്നൊരു രാത്രി
വീടങ്ങനെ
ഉണര്‍ന്നിരിക്കട്ടെ.


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...