Asianet News MalayalamAsianet News Malayalam

Malayalam poem : ഗജാനന ചരിതം, ദേവന്‍ അയ്യങ്കേരില്‍ എഴുതിയ കവിത

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  ദേവന്‍ അയ്യങ്കേരില്‍ എഴുതിയ കവിത

chilla malayalam poem by devan ayyankeril
Author
Thiruvananthapuram, First Published Aug 15, 2022, 2:17 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam poem by devan ayyankeril

 

തംബുരു ശ്രുതി മന്ത്ര ഗളിതം ഗംഗാതീര്‍ത്ഥം
തളിക്കും പനിനീരില്‍ ഒരുകോടി സൂര്യന്മാര്‍ 
ചമയ്ക്കും തലപ്പാവില്‍ അലുക്കായ്  മാരിവില്ലും
ചിത്രകക്കിരീടം പോല്‍ വിതലം മനോരമം!
                              
കൈലാസ ഗിരിമേലെയരുണന്‍ പ്രഫുല്ലനായ്  
കൈവല്യമൂര്‍ത്തിയെ തന്‍ സ്വര്‍ണപ്പട്ടാടകാട്ടാന്‍  
പടിഞ്ഞാറു പോകുവാന്‍ വന്നതാണെന്നാകിലും 
പരനെ വണങ്ങുവാന്‍ നിന്നുപോയൊരു മാത്ര! 
                              
പരമ ശിവനെയും പാര്‍വതീദേവിയേയും
പരമ പ്രഭാവരായ് കണ്ടു വന്ദിച്ചൂ സൂര്യന്‍  
തനയര്‍ രണ്ടുപേരും ലീലാവിനോദങ്ങളാല്‍ 
താതനും മാതാവിനും ആനന്ദമേകും നേരം
                               
മയില്‍വാഹനനോതി ഞാനല്ലോ പ്രിയങ്കരന്‍ 
മാതാപിതാക്കളുടെ വാത്സല്യം എനിക്കല്ലോ
വേഗമായ് ഗണപതീ തിരിച്ചൂ ചൊല്ലീയപ്പോള്‍ 
വേദ വിശാരദനാം എന്നോടുതന്നെ പ്രിയം 
                                
മനസ്സില്‍ തുളുമ്പിടും വാത്സല്യാതിരേകത്താല്‍ 
മകനെയുഴിഞ്ഞുപോയ് നയനങ്ങളാല്‍ ദേവി   
ഗണഭൂതങ്ങള്‍ വാഴ്ത്തും ശിവശക്തിസംഭവന്‍
ഗണപര്‍വതത്തിലെ രണവീരനാം സുതന്‍ 
                               
ഗുരുത്വ ഗുണങ്ങളില്‍ ശ്രേഷ്ഠനാം ഗണപതി
ഗുരുഭൂതര്‍ക്കു പ്രിയന്‍ താപസസിദ്ധന്മാര്‍ക്കും 
പൗലമന്‍ കൊതിക്കുന്ന സ്‌നിഗ്ധമാംമുഖകാന്തി  
പൗരുഷമോലും പരമേശന്റെ  ഉടല്‍ഭംഗി! 

ആര്‍ദ്രമാം നയനങ്ങള്‍ ഹാര്‍ദ്ദമാം മാതൃഭക്തി 
ആരുമേ കൊതിച്ചുപോം പൊന്മകന്‍ വിനായകന്‍  
അരുമക്കിടാവിന്റെ  നയഭംഗിയില്‍ മറ-                 
ന്നരികില്‍ വിളിച്ചുടന്‍ മൂര്‍ദ്ധാവില്‍ ചുംബിക്കവേ
                                
വിശ്വേശന്‍ താനും ചൊല്ലീ 'സാരംഗാക്ഷി പാര്‍വതീ  
വിശ്രമിക്കുവാനുള്ള വേളയാണകം പൂകാം'    
വിമല പുഞ്ചിരിച്ചൂ  കൈശികമൊന്നൊതുക്കി 
വിളിച്ചു ഗണേശനെ കേള്‍ക്ക നീ വിഘ്നേശ്വരാ 
                               
'കാവലായ് ഗണാനാഥാ കര്‍ശനം നിന്നീടേണം 
കാക്കണം നിദ്രാഭംഗം സംഭവിക്കാതിന്നു നീ' 
ശക്തിയും ശിവനുമായ് ഗമിച്ചാര്‍ ഗൃഹാന്തരേ 
ശക്തനാം കാവലാളായ് നടയില്‍ ഗണപതി.  
                                
അക്ഷണം വന്നു ചേര്‍ന്നു പരശുധരന്‍ രാമന്‍ 
അക്ഷമന്‍ വീരന്‍ ക്ഷാത്ര വംശത്തിന്‍ കുലാന്തകന്‍ 
'എവിടെന്‍ ഗുരുവര്യന്‍  പ്രമഥ നാഥന്‍ ശിവന്‍
എവിടെ സാരഗ്രീവന്‍ ത്രിശൂലധാരീ തുംഗന്‍?' 
                                
വിനീതം വിഘ്നേശ്വരന്‍ രാമനെ പ്രണമിച്ചു: 
'വിശ്രമം കഴിഞ്ഞുടന്‍ എത്തീടുമല്ലോ താതന്‍
ഉമതന്‍ മഹേശ്വരന്‍ ദര്‍ശിക്കാമപ്പോള്‍ മുദാ   
ഉപവിഷ്ടനായാലും   ഭാര്‍ഗവ രാമാ വിഭോ!' 
                                  
'പ്രണാമം മഹാപ്രഭോ' ശാങ്കരി ചൊല്ലും മുന്‍പേ 
പ്രഹരപ്രിയന്‍ അകം പൂകുവാന്‍ ഓങ്ങീടുന്നു 
പുല്‍ക്കൊടി സമാനനായ് പുച്ഛിച്ചു ഗണേശനെ  
പുത്രനോ മാര്‍ഗം തടഞ്ഞങ്ങനെ നിലകൊണ്ടാന്‍

മാര്‍ഗ്ഗ ഭംഗകനോട്  ജ്വലിച്ചൂ ഭാര്‍ഗവനും
'മാറുനീ വഴി' ഗണനാഥനോടാക്രോശിച്ചു
'പരശുധരാ വിഭോ തൈജസം വെടിയൂനീ  
പരമാണു പോകാനും സമ്മതം ലഭിക്കീല!'
                                  
ഓഷ്ഠമോ  വിറകൊണ്ടു  ചുവന്നൂ വക്ത്രം ക്രുദ്ധം 
ഓഷമായ് ആഞ്ഞുവീശി മിന്നല്‍പോല്‍ പരശ്വധം 
കണ്ഠദേശം ഭേദിച്ചു വന്യമായി ഭാര്‍ഗ്ഗവന്‍ 
കല്യാണരൂപി ബാലന്‍ പതിച്ചു ഹാ! ഹാ! കഷ്ടം
                               
വിറച്ചൂ വസുന്ധര നടുങ്ങീ ത്രിലോകവും 
വിടവാങ്ങി ഭാസ്‌കരന്‍ ഇരുട്ടിലായി ലോകം 
ഗംഗയോ നിസ്തബ്ധയായ് ഒഴുകാന്‍ മറന്നുപോയ്
ഗഗന ചാരികളും  വ്യസനം കൊണ്ടുഴറി 
                             
പക്ഷികള്‍ പറക്കാതായ് തരുക്കള്‍ ചലിക്കാതായ് 
പതിച്ചു പ്രകാശം വിട്ടുഡുക്കള്‍ ധരണിയില്‍ 
ഭവിഷ്യത്ഫലമോര്‍ത്തു ഖിന്നയായ് ഭൂമീമാതാ 
ഭവിത വിപത്തിനി എന്തൊക്കെയാകും ശംഭോ
                               
അകമേ ശിവപ്രിയ കാന്തനോടോതി: 'ദേവാ
അകതാരിലോ ശോകം കൂടുകൂട്ടുന്നിതെന്തേ?   
തനയന്മാരെ രണ്ടും ഈക്ഷണം കണ്ടീടണം' 
തനിയേ വിവശയായ് പാര്‍വതി ഗമിക്കുന്നു
                                
സാരസര്‍വസ്വം പുത്രന്‍ ശിരസ്സറ്റതാ മണ്ണില്‍ 
സാരസം ഞെട്ടറ്റപോല്‍ കിടപ്പൂ കബന്ധമായ്!                   
സാരംഗതനയനോ ഇവ്വിധമൊരു വിധി
സാരസംഭവാ ഭവാനിത്രയൂം കാഠിന്യമോ! 

സാരസനേത്രന്‍ തന്റെ സിന്ദൂരമുഖകാന്തി 
സലില പ്രളയം പോല്‍ കൈലാസ ഹിമപ്പട്ടില്‍        
പടര്‍ന്നീടുന്നൂ പാരം, രുധിര പ്രവാഹത്താല്‍
പരമശിവശൈലം വിറുങ്ങലിച്ചീടുന്നു

'എവിടെ സിംഹോദരന്‍ നന്ദി ഭൃംഗാദികളും
എവിടെ ഭൃംഗീരടി ഋഷദന്‍ കുംഭാദികള്‍
എവിടെ ദമനനും മദന തുംഗാദികള്‍
എവിടെ ശക്തിധാരി കാര്‍ത്തികേയനുമിപ്പോള്‍?'
                     
സാലഭഞ്ജിക പോലെ നിശ്ചലം നിന്നൂ മാതാ 
സാകുലം സതീദേവി പാര്‍വതി കാര്‍ത്ത്യായനി 
പതിച്ചു മോഹാലസ്യ പെട്ടവള്‍ ഹൈമവതീ 
പകച്ചു സസംഭ്രമം സാരസാസന ലോകം 
                                
കൈലാസ കവാടത്തിലണഞ്ഞ ശശിധരന്‍ 
കേവല സ്തബധം നിന്നു പോയിപോലൊരുമാത്ര 
കണ്ട കാഴ്ചകളെല്ലാം കാളകൂടത്തെ വെല്ലും 
കണ്ടകശ്ശനിബാദ്ധ്യ ബ്രഹ്മാണ്ഡ നാശ ഹേതു 
                               
ഞെട്ടറ്റ കുസുമം പോല്‍ പുത്രന്റെ ശിരസ്സതാ 
ഞെടിയറ്റപോല്‍ മഞ്ഞിന്‍  തിട്ടുമേല്‍ കിടക്കുന്നു 
ഒഴുകും രുധിരമോ കണ്ഠത്തില്‍ പ്രാലേയത്തില്‍                                           
വഴുക്കും വൈഡൂര്യങ്ങള്‍  ചിതറിത്തെറിച്ചപോല്‍!
                               
പ്രാണവല്ലഭ ദേവി  ജീവനേ വെടിഞ്ഞപോല്‍ 
പ്രാണനാം പൊന്നുണ്ണിയെ പുണര്‍ന്നു കിടക്കുന്നു 
തന്‍പുത്ര സമാനനാം അരുമ ശിഷ്യന്‍ കയ്യില്‍ 
ശോണിതമൊഴുകുന്ന മഴുവുമായ് നില്‍ക്കുന്നു

ക്ഷണപ സമാനമാം ശക്തിവേലോങ്ങി സ്‌കന്ദന്‍ 
ക്ഷത്രിയാന്തകനവന്‍  അന്തകനാകാന്‍ നില്‍പ്പൂ 
ക്ഷണനത്തിനാല്‍ സ്വന്തം മരണം ക്ഷണിച്ചോനെ  
ക്ഷണത്തില്‍ ദഹിപ്പിക്കാനക്ഷമരായ് ഭൂതങ്ങള്‍ 
                                  
താന്‍തന്നെ സമ്മാനിച്ച മഴുവാല്‍ തന്‍പുത്രന്റെ 
താരിളം തലകൊയ്‌തോന്‍ തനിക്കു പ്രിയശിഷ്യന്‍ 
പരമേശനായാലും കര്‍മത്തിന്‍ തിക്ത ഫലം 
പരമച്ഛന്ദാഹീനം അനുഭവിപ്പിന്‍ സത്യം  
                                
മുപ്പുര വൈരിയൊന്നു പതറി സന്ദേഹത്താല്‍ 
മുക്കണ്ണന്‍ എന്നാകിലും  താതനല്ലയോ ശംഭു!
പെരിയ വിരല്‍ മുതല്‍  ജ്വലിച്ചു ത്വരിതത്തില്‍ 
പെരൂതാമഗ്‌നി ജ്വാല തപിച്ചൂ ദേവലോകം!
                              
അത്യയം ഭവിച്ചപോല്‍ ഒഴുകീ ശിവഗംഗ
അവള്‍തന്‍ ഭാരം താങ്ങാതുഴന്നൂ വസുന്ധര  
വിണ്ണിലോ വിദ്യുല്ലത പ്രചണ്ഡ താളം കൊട്ടീ 
വിണ്ണോര്‍ക്കും സഹിയാതെ അലറി സമുദ്രങ്ങള്‍  
                       
അനന്തന്‍  അസ്വസ്ഥനായ് ക്ഷീരസാഗരത്തിങ്കല്‍
അനന്തശായീയുണര്‍ന്നാരാഞ്ഞിതെന്തേ ഹേതു? 
ദേവലോകത്തിന്നന്ത്യം ദര്‍ശിച്ച ദേവന്മാരും
ദേവേന്ദ്രസഹിതരായ് നാന്മുഖന്നടുത്തെത്തി 
                               
പാതാള വാസികളും അസുരഗണങ്ങളും
പാദാരവിന്ദം തൊഴാന്‍ കൈലാസ ശൃംഗേയെത്തി  
ഇന്ദ്രനും ദേവന്മാരും വിഷ്ണുവും വിരിഞ്ചനും
ഇന്ദുചൂഡന്‍ ശംഭുവേ ഭക്തിയാല്‍ സ്തുതിച്ചിതു 

ഉമയുമപ്പോള്‍  മിഴി തുറന്നൂ കണ്ടൂ - ലോക-
മുടനേ വെണ്ണീറാകും സമയം സമാഗതം   
ശാക്തേയ പാണീതലം ഗ്രഹിച്ചൂ  സതീദേവി 
ശാന്തനാക വല്ലഭ എന്നുടന്‍ അപേക്ഷിച്ചു
                             
പുത്രദുഃഖത്താലുള്ളം  പൊടിയും ശശിധരാ 
പുത്രരല്ലയോ ഭവാനെല്ലാരുമുലകത്തില്‍  
ഇവ്വണ്ണം ചിന്താക്ലാന്തനായി നീ നിന്നാല്‍ ശംഭോ 
ഇപ്പാരില്‍ ചരാചരം വെന്തുവെണ്ണീറായീടും 

ക്ഷിപ്രകോപത്താല്‍ ചിത്തം മറയും പുമാന്മാര്‍ക്കു 
വിപ്രനായാലും ശസ്ത്രം ലഭിച്ചാലാതും വിന
മുക്കണ്ണപുരിയിലും തന്‍പ്രമാണിത്തം കാട്ടാന്‍
മുക്കണ്ണന്‍ തന്റെ പ്രിയം ഭാര്‍ഗവരാമന്‍ ശക്തി 
                             
പ്രപഞ്ചഗതിയാകെ നിയന്ത്രിച്ചിടും ശൈലം   
പ്രേമചൈതന്യം വീശും കൈലാസ ഗിരിശൃംഗം 
ശക്തിയും ത്രിശൂലവും വാണീടുമിടം ഗ്രാവം  
ശസ്ത്രങ്ങള്‍ അഭേദ്യങ്ങള്‍ എത്രയോ ജനിച്ചിടം 
                             
ശക്തിയും ശിവനുമായ് ഒന്നിച്ചുമേവുന്നിടം  
ശക്തമാം സുരക്ഷിത ഭവനം വേറേതുള്ളൂ!
സസ്യകമൊന്നെങ്കിലും വിധിയെ തടയുവാന്‍ 
സത്യമായെത്തീലല്ലോ ബാലകന്‍ തുണയ്ക്കായി
                              
സത്യവും അഹിംസയും ധര്‍മവുമല്ലോ പാരിന്‍
നിത്യമാം നിലനില്‍പ്പിന്നാധാരം പശുപതേ
വേണ്ടിനി കോലാഹലം ശിക്ഷയും പരീക്ഷയും 
വേണ്ടതോ പുനര്‍ജ്ജനി ബാലകനിപ്പോള്‍ ക്ഷണം 

പാര്‍വ്വതീദേവിയുടെ വാക്കുകള്‍ കേട്ടുള്ളത്തില്‍
പാര്‍വണ ശശിബിംബം ഉദിച്ചു ശിവനുള്ളില്‍ 
ഉടനെ കാണായ്വന്നു ഭാസ്‌കരന്‍ ജ്വലിതനായ്   
ഉഗ്രമാം കാറ്റും ചലദബ്ധിയും ശാന്തരായി
                              
ഓതിനാന്‍ കാരുണ്യാബ്ദി ശിവശങ്കരനപ്പോള്‍        
ഓമലാം പുത്രന്നേകാം പുനരുത്ഥാനമിപ്പോള്‍ 
സത്വരം കണ്ടെത്തേണം ഉത്തമ ശ്രേഷ്ഠം ശീര്‍ഷം 
സതൃഷ്ണം പാഞ്ഞു നാലു ദിക്കിലും ഭൂതങ്ങളും    
                           
ഉഗ്രകിങ്കരനെത്തി വാരണമുഖവുമായ് 
ഉടനെയുറപ്പിച്ചു ഉടലില്‍ ഗജശീര്‍ഷം
ഉണര്‍ന്നൂ ഗണപതി ഉണ്ണിയുമപ്പോള്‍ത്തന്നെ
ഉലകിന്‍ ത്രിമൂര്‍ത്തികള്‍ ചൊരിഞ്ഞാരനുഗ്രഹം 
                            
അഞ്ജസാ പുഷ്പവൃഷ്ടി നടത്തീ വാനവരും
അപ്‌സരസ്സുകള്‍ നൃത്തം ചവിട്ടീയാമോദരായ്  
മുരളീ ശംഖം ഭേരി ആനകം നല്‍ ഡിംഡിമം
മുഴക്കീ ഗന്ധര്‍വന്മാര്‍ ആകാശ വീഥി നീളെ
                               
'ഹിംസയാലൊന്നും പാരില്‍ നിലനില്‍ക്കുന്നില്ലല്ലോ 
ഹിംസിക്കുന്നോരും പോരില്‍ പിടഞ്ഞുവീഴുന്നല്ലോ 
ഹിംസിക്കും ശസ്ത്രങ്ങളോ കാലത്തിന്‍ കാലനല്ലോ
ഹിംസയെ ഹിംസയാല്‍താന്‍ എതിര്‍ക്കാനാവില്ലല്ലോ 
                                       
ധര്‍മ്മരക്ഷക്കും പാരിന്‍ അഭിവൃദ്ധിക്കും ചേര്‍ന്ന  
ധര്‍മ്മരക്ഷകന്‍മാരാം ഉത്തമര്‍ നിനച്ചാലേ                                                     
പാശുപതാസ്ത്രംപോലും ഫലപ്രാപ്തിയിലെത്തൂ
പാരിതില്‍ ഗര്‍വ്വം കാട്ടാന്‍ ശസ്ത്രങ്ങള്‍വേണ്ടാ സത്യം!'

പാര്‍വതി ഇദം മൊഴിഞ്ഞുടനെ വരം നല്‍കി       
പാര്‍വ്വതീശനും തഥാ ബ്രഹ്മനും വിഷ്ണുതാനും 
കരുണം കാര്‍ത്ത്യായനി തൊടുത്തൊരിശ്ശാപങ്ങള്‍
കരുതും ഈ ലോകത്തെ ഭാവിതന്‍ പൈതങ്ങള്‍ക്കായ്  

പരശുരാമനപ്പോള്‍ സാഷ്ടാംഗം പ്രണമിച്ചു       
പരശ്വായുധം ശിവ പാദത്തില്‍ സമര്‍പ്പിച്ചു 
പരമേശ്വരനപ്പോള്‍ സന്തുഷ്ടനായി ചൊന്നാര്‍  
പരശു ധരിക്കനീ ധര്‍മ്മസംസ്ഥാപനാര്‍ത്ഥം  
                               
പാഹിമാം പരാശക്തി ലോകപാലകേ അംബേ  
പാഹിമാം ശിവശംഭോ പാഹിമാം ലക്ഷ്മീപതേ   
പാഹിമാം ചതുര്‍മുഖാ പാഹിമാംവിഘ്നേശ്വരാ   
പാഹിമാം ഗജാനനാ പാഹിമാം ലംബോദരാ
                              
മംഗളം സര്‍വലോക പാലകന്‍ സാരഗ്രീവാ 
മംഗളം കാരുണ്യാബ്ധേ പന്നഗശായീ വിഷ്‌ണോ
സര്‍വ്വമംഗളം സാരസാസനാ  ബ്രഹ്മദേവാ  
സര്‍വ്വമംഗളം ഭവ ശര്‍മ്മദേ ഭവേ ദേവി!
                            
'ലോകാ സമസ്താ  സുഖിനോഭവന്തൂ:
ലോകാ സമസ്താ  സുഖിനോഭവന്തൂ:'


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

Follow Us:
Download App:
  • android
  • ios