Asianet News MalayalamAsianet News Malayalam

പ്രേതശല്യം, ദുര്‍ഗ്ഗ പ്രസാദ് എഴുതിയ കവിത

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ദുര്‍ഗ്ഗ പ്രസാദ് എഴുതിയ കവിത

chilla malayalam poem by durga prasad
Author
Thiruvananthapuram, First Published Apr 17, 2021, 6:58 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 

chilla malayalam poem by durga prasad

 

പതിവായൊരു പേക്കിനാവ് ക
ണ്ടിരവില്‍, മുങ്ങി മരിച്ചിടുന്നു ഞാന്‍.
പെരുവെള്ളമൊലിച്ചുവന്നു, നീര്‍ -
ക്കരമെന്‍ തൊണ്ട ഞെരിച്ചിടുന്നപോല്‍.
ഇരുളൊക്കെയുമോളമായ്, ജല-
ച്ചുഴിയില്‍ രണ്ടു കരങ്ങള്‍ മാത്രമായ് -
ഒരു ദ്യശ്യ, മതില്‍ പിടഞ്ഞു ഞാനു-
ണരും രാമഴയില്‍ കുതിര്‍ന്നപോല്‍.

കിണറില്‍ ചെറുതൊട്ടി ചക്കര -
ക്കയറില്‍ത്തുള്ളി നിറഞ്ഞു മുങ്ങവേ,
ചെറുചൂണ്ടയില്‍ വാള പോലൊരാള്‍
കയററ്റത്തു പിടഞ്ഞു തൂങ്ങിയും,
ജലമാകെ  നുരച്ചു പൊന്തി,ചെ-
ന്നിറമാ,യെന്നെ വലിച്ചു താഴ്ത്തിയും,
പുലര്‍വേളയിലാറ്റുവക്കിലേ-
ക്കടിയുമ്പോളൊരുകാക്കകൊത്തിയും,
ഒരു സ്വപ്നമതില്‍ പിടഞ്ഞു 
ഞാനുണരും മറ്റൊരു ജന്മമെന്നപോല്‍.

തറയില്‍ തലചേര്‍ത്തു തിണ്ണമേ-
ലൊരു നാളുച്ചകഴിഞ്ഞുറങ്ങവേ,
നദി പാഞ്ഞൊഴുകും 'രവം, ചെവി-
യ്ക്കരികത്തോളമിരമ്പി വന്നതും,
പുരയാകെവിഴുങ്ങി,യത്യഗാധതയില്‍
കണ്ണുമിഴിച്ചു താഴ്ന്നതും,
പുതനും* കുളവാഴയും നിറ-
ഞ്ഞൊരുപാടത്തെയടുത്തു കണ്ടതും
കരകാണാത്ത കയത്തിലെന്റെ
വാക്കിടയില്‍ മുങ്ങി മുറിഞ്ഞു പോവതും,
ചുഴിയേറുമൊഴുക്കിലെന്‍ ജഡം,
കടലും തേടിയലഞ്ഞിടുന്നതും,
ഒരു സ്വപ്നമതില്‍പ്പിടഞ്ഞു ഞാനുണരും
ചത്തുയിര്‍വെച്ചു വന്നപോല്‍.
പലയാണ്ടുകള്‍ മുമ്പ് വറ്റി,
മണ്മറയപ്പെട്ട നദി , ജലപ്പിശാ-
ചിനിയായ്, പ്രതികാരദാഹിയായ് 
ഒഴുകും രാത്രിയിലെന്റെ ചിന്തയില്‍...


* പുതന്‍- സംഘകാലകൃതികളില്‍ ആമ്പലുകളെ സൂചിപ്പിക്കുന്ന വാക്ക
(പുതനൂര്, ആണ് ബുധനൂര്‍  എന്ന് ചില പഴമക്കാര്‍ )

Follow Us:
Download App:
  • android
  • ios