ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇ. ഇന്ദുലേഖ എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

ഏതു പാതിരാത്രിയിലും
അണയാതെ എരിഞ്ഞിരുന്ന
ആ അടുപ്പ് ഇപ്പോള്‍
കത്താറേയില്ല.

എരിഞ്ഞെരിഞ്ഞ് എപ്പോഴാണ്
അണഞ്ഞു പോവുന്നതെ -
ന്നറിയും മുമ്പേ
കാലത്ത് പൊട്ടിയും ചീറ്റിയും
വീണ്ടും നീറി നീറിയങ്ങനെ
അമ്മൂമ്മയ്ക്കിത്തിരി ചൂടുവെള്ളം,
ഉണ്ണിയ്ക്ക് കുളിരാതെ കുളിക്കാനിത്തിരി
തണുപ്പ് വിടുവിച്ച്
മുത്തച്ഛന്റെ ആന്ത്രവായൂന്
ഇത്തിരി വറുത്ത ജീരകവെള്ളം
പൊടിയരിക്കഞ്ഞി
അമ്മാമയുടെ കഫക്കെട്ടിന്
തവിട് കിഴികെട്ടി ചൂടാക്കീത്
പണിക്കാര്‍ക്ക് പത്തുമണിക്കഞ്ഞി
അമ്മൂന്റെ ഉടുപ്പ് തേയ്ക്കാന്‍
അല്പം ചിരട്ടക്കനല്‍...

പുകമണക്കാത്ത
അന്നജല പാനങ്ങള്‍
കാലവും നേരവുമില്ലാത്ത
വീട്ടിലെ ഏക പുരാവസ്തു.

അമ്മയുടെ സാരിത്തലപ്പിന്
കത്താന്‍ മടിച്ച നനഞ്ഞ വിറകിന്റെ
ചവര്‍ക്കുന്ന മണമാണ്.

വിരലുപതിയുന്നിടത്തെല്ലാം
വെണ്ണീറിന്റെ നിറം
വിറകിനോടു പൊരുതി
വിറകു കൊള്ളി പോലായ
കൈയില്‍ കുത്തി വീര്‍ത്ത കുഴിനഖങ്ങള്‍
അടുപ്പിനു താങ്ങാനാവാത്ത പുക
അമ്മയുടെ കണ്ണിലും ശ്വാസകോശത്തിലും
വീര്‍പ്പുമുട്ടിയുരുളും.

കണ്ണീരു മുഴുവന്‍ അടുപ്പിനു കൊടുത്ത്
അവസാനം കണ്ണ് വരണ്ടുണങ്ങി.
എന്നിട്ടും ആരും ചോദിച്ചില്ല.
ഈ പുക ശ്വാസകോശത്തിന്
കേടല്ലേന്ന്.

കത്താന്‍ മടിച്ചു നിന്ന എത്ര കൊള്ളികള്‍
ആവിയ്ക്കു വച്ചും മണ്ണണ്ണയൊഴിച്ചും കത്തിച്ചു
അവസാനം എത്ര പെട്ടെന്നാണ്
ആ കൊള്ളികള്‍
അമ്മയ്ക്കു ചുറ്റും വരിയായി നിരയായി നിന്നത്.

ഇളം കാറ്റു വീശിയതേയുളളൂ
ഒരു മടിയുമില്ലാതെ ആളി
ആളിക്കത്തി.

തീയില്‍ കുരുത്തതല്ലേ
കത്തിപ്പടരാന്‍ എളുപ്പമായിരിക്കും.

അടുക്കളേലെവിടെയും
അമ്മയുടെ കൈപ്പുണ്യം
ബാക്കി വച്ചിട്ടില്ല.

എടുക്കാതെ പോയത്
ആ വിറകടുപ്പു മാത്രം.


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...