ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഫര്‍ബീന നാലകത്ത് എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

മേല്‍വിലാസം തെറ്റാതെ എത്തുന്ന
തലച്ചോറിന്റെ ചാവുകത്തുകള്‍
മുടങ്ങാതെ കൈപറ്റുന്ന
ഒരുവളായ്/ഒരുവനായ്
ജീവിക്കുന്നത്
അത്ര എളുപ്പമുളള കാര്യമല്ല.

ആദ്യത്തെ കത്ത് കിട്ടുമ്പോള്‍ 
സ്‌നേഹം ചുരത്തുന്ന മനുഷ്യര്‍ക്കിടയിലായിരിക്കും
അയാള്‍.
ചിരിക്കുന്നുണ്ടായിരിക്കും.
ചുറ്റിലും 
കെട്ടിപിടിത്തത്തിന്റെ മുറുക്കമുണ്ടായിരിക്കും.
പൊടുന്നനെ 
അയാളുടെ ചുണ്ടുകള്‍ കീറപ്പെടും.
മേല്‍ക്കൂരയില്ലാത്ത കാലങ്ങളെല്ലാം
ആരോ വലിച്ചു പുറത്തിടും.
കാരണങ്ങള്‍ ഏതുമില്ലാതെ
വേദനവാര്‍ന്ന് 
തല്‍ക്ഷണം
അയാള്‍ കുഴഞ്ഞുവീഴും.

കാപ്പി പൂത്ത കാറ്റുരസുന്ന
പകലിന്റെ അവസാനത്തിലായിരിക്കും
അടുത്ത കത്ത്.

കടുംനീലനിറത്തില്‍ 
സ്വപ്നവൃക്ഷങ്ങളുടെ കമ്പുമുറിച്ച്
അതിശയിപ്പിക്കുന്ന ഒരു ചിത്രം
അയാളന്ന് വരച്ചിട്ടുണ്ടാകും. 

ജീവനദിയുടെ ഒത്തനടുക്കില്‍
അയാള്‍ കൊത്തിയിടുന്ന
ഇലകളില്‍ കേറി കരപറ്റാന്‍
കാത്തുനില്‍ക്കുന്നവരുണ്ടാകും.

എങ്കിലും
കടവേരടക്കം അയാള്‍ മുറിക്കപ്പെടും.
ഒന്നിനും കൊളളില്ലെന്ന്
മുതുകില്‍ ആരോ
ഉരുക്കൊഴിച്ച് പച്ചകുത്തും,
വിലപിക്കും.

വേദനിക്കും.

നൊന്ത് നൊന്ത്
ഏകാന്തയുടെ ഒരു തടവുകാലം
അയാള്‍ പൂര്‍ത്തിയാക്കും.

പ്രേമം വാറ്റി ഒഴിച്ച രാത്രിയിലായിക്കും
അടുത്ത കത്ത്.

ഉടലിന്റെ കെട്ടൂനൂലുകള്‍ക്കൊടുവില്‍
അയാളുടെ പാദത്തില്‍ ചുംബനത്തിന്റെ 
നനവും ബാക്കിയായിട്ടുണ്ടാവും.

വര്‍ഷത്തിലെ ആദ്യ മഞ്ഞ് കാണാന്‍ 
അവരൊരുമിച്ചൊരു യാത്രയും തീരുമാനിച്ചിട്ടുണ്ടാകും. 

ഞൊടിയിടയില്‍
ചേര്‍ത്തുനിര്‍ത്തലുകളുടെ റിബണഴിയും.
വറുചട്ടിയില്‍ മൊരിയാന്‍ കാത്തുകിടക്കുന്ന
ഒറ്റകണ്ണുളള മത്സ്യത്തിന്റെ 
മണമവിടെ പൊങ്ങും.

സകലശക്തിയും എടുത്ത്
അയാളപ്പോള്‍ അവിടെനിന്നോടും.

നഗരവും ഗ്രാമവും പലതുമാറിയൊടുവില്‍
ഒറ്റയ്ക്ക് ഒരു മുറിയെടുക്കും.

നഷ്ടപ്പെടുത്തിയെന്ന കുറ്റത്തിന്
സ്വയം ശിക്ഷ വിധിക്കും.

തൂക്കുകയറിലാടും.

പക്ഷേ
ഒരായുഷ്‌ക്കാലം
പൊട്ടിയൊലിക്കുന്ന മുറിവുകളുമായ്
അന്നും അയാള്‍ 
അത്ഭുതകരമായ്
രക്ഷപ്പെടും.

അങ്ങനെ ഒരാളായ്,
മേല്‍വിലാസം തെറ്റാതെ എത്തുന്ന
തലച്ചോറിന്റെ ചാവുകത്തുകള്‍
മുടങ്ങാതെ കൈപറ്റി
ജീവിക്കുന്നത്
അത്ര എളുപ്പമുളള കാര്യമല്ല.
ഈ നിമിഷത്തിലെ ശാന്തതയ്ക്കപ്പുറം
മരണത്തെ പ്രതീക്ഷിക്കുന്ന വീടുകളാണവര്‍.

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...