Asianet News MalayalamAsianet News Malayalam

Malayalam Poems: പോവാനുള്ളതൊന്നുമല്ല യാത്ര, ഫര്‍സാന എ പി എഴുതിയ കവിതകള്‍

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന്  ഫര്‍സാന എ പി എഴുതിയ കവിതകള്‍

chilla malayalam poem by Farsana AP
Author
Thiruvananthapuram, First Published Jan 27, 2022, 3:06 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

 

chilla malayalam poem by Farsana AP

 

ട്രാവലോഗ്

പോവാനുള്ളതൊന്നുമല്ല യാത്ര എന്നാണ്.

ഇരുന്നിരുന്ന് പൂന്തോട്ടം 
മുളച്ച് പൊന്തുന്ന,
വെള്ളിത്തിര കാണാന്‍ 
റിസര്‍വ്വേഷനെടുക്കുന്ന
വിന്‍ഡോ സീറ്റ്.

മാനം തൊട്ട്
ജനലഴികള്‍ വരെ എന്ന്
നോട്ടെണ്ണിക്കൊടുത്ത്
വാങ്ങി വെക്കുന്ന 
വസ്തുവാധാരമാണ്
കടലാസു പൂവിന്റെ 
കുത്തുന്ന നിറങ്ങള്‍

ഓരോ സ്റ്റോപ്പിലും
എണ്ണിയെണ്ണിക്കുറിച്ചിട്ടിട്ട് ഞാന്‍
പ്രൂഫ് റീഡിങ്ങിന് കൊടുക്കുന്ന
യാത്രാവിവരണം

നിറങ്ങളുടെ തരഭേദം തേടി 
എന്ന സ്‌പേസ്‌ക്രാഫ്റ്റില്‍ 
തിരഞ്ഞെടുക്കപ്പെടാതെ പിന്നെ ഞാന്‍
പൊട്ടിക്കരഞ്ഞ് തിരിച്ചയക്കപ്പെടുന്നതാണ്,

പകര്‍ത്തിയെഴുതാമെന്ന വ്യാമോഹവുമായി ഞാന്‍ 
കടലാസു പൂവിന്റെ എണ്ണിത്തീരാത്ത
നിറം പിടിച്ചെടുക്കാനെന്ന്
ക്യാമറയും തൂക്കിയിറങ്ങിയിട്ട്
നിറം തോറ്റത് 
എന്ന് 
ട്രാവലോഗില്‍
ഒടുവിലത്തെ സ്റ്റേഷനാക്കുന്ന 
'ശുഭം'.

 

chilla malayalam poem by Farsana AP

 

ബാംസുരിയുടെ ബി ജി എം ബ്ലഷാവുന്നത്

ബാംസൂരിയുടെ 
ബാക്ക്ഗ്രൗണ്ട് സ്‌കോറുള്ള
പച്ചപ്പടര്‍പ്പ് മെത്ത വിരിച്ച്,

ഇമയിളക്കാതെ 
ഇപ്പം വരും നീ 
എന്ന്
വാടിക്കുഴഞ്ഞ്,

വള്ളിയായി പടര്‍ന്ന് വീണ്,

എന്നിട്ടും 
വെയില്‍ ചാടിത്തളരാന്‍ വിടാതെ 
പടര്‍പ്പുകളിലങ്ങിങ്ങ് 
വീര്‍ത്തുന്തിയ ബലൂണുമ്മകള്‍
കെട്ടിയലങ്കരിച്ച്,

ഇനിയുമെത്ര കാതം 
എന്ന് 
വാടാതെ
കാത്ത് കെട്ടിയിരിക്കുന്ന
നാല്മണിപ്പൂനിറമാണ്
പഞ്ചാമൃതം
എന്ന് ഓടിനടന്ന് ഞാന്‍
സത്ക്കാരം കൂട്ടാനൊരുക്കുന്ന
കവിള്‍ത്താലത്തിലെ
അതേ കുഴലൂത്തിന്റെ 
അരങ്ങേറ്റ വേദിയില്‍
മേക്കപ്പില്ലാതെ 
ആടിത്തുടങ്ങുന്ന 
ഈ കടും കടും ബ്ലഷ്!

 

chilla malayalam poem by Farsana AP
 

കണ്ണോപ്പറേഷന്‍

നിന്റെ റ്റാറ്റാ കണ്ണുകള്‍
എന്നെ തിരിഞ്ഞ് നോക്കാന്‍
വെമ്പുകയായിരുന്നു.

തിമിരാലംകൃതമാണ്
നരവിരിച്ച 
എന്റെ
ചാരി വച്ച തലയുള്ള
മതില്‍.

ഞാന്‍ വിഴുങ്ങിയൊതുക്കി വച്ച
പോയി വരൂ
എന്ന പ്രളയമാണ്
കുത്തിച്ചാരി വച്ച 
എന്റെ തലക്കനം എന്ന് 
നീ


തൊണ്ടയിടറുന്ന 
എന്റെ 
അകാലപ്രണയമായിട്ടാവണം
പിന്നെ.

ഞാന്‍ വരാമായിരുന്നു
നിന്റെ തുന്നഴിച്ചെടുക്കുന്ന കണ്ണുകളില്‍
ആദ്യം കുത്തിക്കയറി 
കറുകറുത്ത കണ്ണടക്കാലത്തെ
ഒരേയൊരു വെളിച്ചം കുത്തലായ
എന്തോ ഒരു കണ്‍പുളിപ്പ്
എന്ന എടങ്ങേറ് പറച്ചിലാകാന്‍ 
സമ്മതമായിരുന്നെങ്കിലെങ്കിലും.

ആ മൂച്ചിത്തയ്യിന് വെള്ളമൊഴിക്കാന്‍
മറക്കരുത് കേട്ടോ എന്ന് 
കരുതലുള്ള മുത്തശ്ശിയാക്കിയതെന്നെ.

 

chilla malayalam poem by Farsana AP

 

 ഉണ്ണീ വാവാവോ

ഒരു ഉണ്ണിയെ ഉറക്കാന്‍
തപ്പിത്തിരഞ്ഞെടുക്കുന്ന
താരാട്ടാണ്
ഏറ്റവും ശ്രദ്ധയില്‍
ശബ്ദമൊന്നും  കാണിക്കാതെ
ഊറ്റിപ്പിഴിഞ്ഞെടുത്ത്
വാത്സല്യത്തിന് ഉറയൊഴിച്ച്
വെളുക്കുവോളം വരെ എന്ന്
തൈരാകാന്‍ വെക്കുന്ന പാലാക്കി
പിറ്റേന്ന് സസ്‌നേഹം
സംഭാരമൊഴിച്ച്
നിറകുടം കരുണ എന്ന്
തൊട്ടിലാട്ടി
അമ്മയാഘോഷിക്കുന്നത്.

പെറ്റ ദോഷം 
പാടിയാല്‍ മാറുമോ എന്ന്
നേരം നോക്കി ചെന്നാല്‍
പ്രതിവിധി പറയാനില്ലാത്ത
കൈകളാകുന്നതാണ്
തറുതല കാല് കുത്താത്ത
പണിക്കരുടെ കളം കളിച്ച്
കക്ക് ചാടിക്കൊണ്ടിരിക്കുന്ന
തറവാടിയച്ഛന്‍;

ഫാരതാച്ഛന്‍ തന്‍
ഫാവസുദ്ധി!

 

chilla malayalam poem by Farsana AP

 

അരികുവത്കരണം

പൊട്ടിത്തെറിക്കാന്‍ നില്‍ക്കുന്ന  
പിങ്ക് നിറം 
അതീവം ഗര്‍ഭം പൂഴ്ത്തി
മിതം മിതം നിറമാക്കി  മാസങ്ങള്‍ ചുമന്ന്
ഇളം പിങ്കാക്കി മാത്രം
പെറ്റിടാന്‍ ധൈര്യപ്പെടാവുന്ന
പ്രിവിലിജില്ലാത്ത അമ്മയാണ്
ശീമക്കൊന്ന.

വേലിയ്ക്കും വളത്തിനും
മാത്രം നീ എന്ന
അരികുവത്കരണം പോലും
സമരപ്പെടാനെടുക്കാതെ
ഇലയഹങ്കാരി എന്നൊന്നും പറയിപ്പിക്കാന്‍ തുനിയാതെ
പച്ചയെല്ലാം അകിട്ടിലാക്കിയൊതുക്കി
പൂപ്പന്തല്‍ എന്ന് 
ഒരു കുഞ്ഞു വേനലിനൊരു യുഗം
ജൂവല്‍റി തുറക്കുന്നതിനെ

കണ്ടില്ലല്ലോ
അറിഞ്ഞില്ലല്ലോ
മണത്തില്ലല്ലോ

എന്ന് 
ദേശീയതയാക്കിയും
ജാതീയതയാക്കിയും 
രാഷ്ട്രീയം കളിക്കുന്നതാണ്

ഞാന്‍ പൂത്തൊരുങ്ങും പോലെ
പൊന്നിന്റെ പത്രാസൊന്നും
എടുക്കാനില്ലല്ലോ നിനക്ക് എന്ന്
പൗരന്മാരില്‍ കരുത്തനായി 
വില്ലാളി
പോരാളി എന്ന് വേണ്ട
ഉത്തമനെന്നും 
കേമനെന്നും മറ്റും
സൈനികപ്പട്ടമൊക്കെ
കെട്ടിയൊരുങ്ങി
ദേശീയത എന്ന് മാത്രം
ഫ്‌ളക്‌സ് ബോഡ് കെട്ടി

വേനലൊടുവിലൊരു 
കലാശക്കൊട്ടോളം മാത്രം 
വിഷു
എന്ന് 
ഉത്സവപ്പറമ്പ് കെട്ടുന്നതാണ്
കണിക്കൊന്ന.

 

chilla malayalam poem by Farsana AP

 

രോമക്കുപ്പായമണിയുന്ന പറുദീസ

ഹഷ്ഷ്ഷ്...

എന്ന്
അടക്കിപ്പറയാനെടുക്കുന്ന
സ്വകാര്യം പറച്ചിലിന്റെ
തെന്നല്‍ ചാലിച്ച് 
തേനുറ്റിച്ച് 
വെല്‍വറ്റ് പോലത്തെ ഒച്ചയില്‍
ഹൃദയമിടിപ്പാക്കുന്ന
തൂവലോളം നേര്‍ത്തൊരു 
ശൃംഗാരത്തെ

ലാളിച്ചോമനിച്ച് 
ഏറ്റവുമേറ്റവും 
ഹൃദയമൊച്ചയിലിട്ട് വീണ്ടുമൊന്നു കൂടി എന്ന്
നേര്‍പ്പിച്ചലിയിച്ച്
നിര്‍ത്താനേ വിടാതെയങ്ങനെ
ഒരു സീസണ്‍ മുഴുക്കെ
പ്രേമിക്കാനിടുന്ന 
രോമക്കുപ്പായമാക്കിയാണ്

ശബ്ദ് ഗും ഹേ
അര്‍ത്ഥ് മത്‌ലബ്

എന്ന വിനോദയാത്ര കേറി
കാടറ്റവും മഞ്ഞറ്റവുമൊക്കെ
ഏറ്റവും ആര്‍ദ്രം 
പുല്‍കിയെടുത്ത്
ഇളം ചൂട് കാഞ്ഞും
മഞ്ഞ് കണ്ട് മയങ്ങിയും 

വിരഹത്തിന്റെയും കൂടി എന്ന്

ത്രാസിലിട്ട് 
പ്രണയത്തോളം തന്നെ
തൂക്കമൊപ്പിച്ചെടുക്കുന്ന

ചുപ്‌കെ സെ ഖോ രഹാ ഹേ

എന്ന പോസില്‍ ഫോട്ടോയിലായി
ഏറ്റവും തീവ്രം മനസ്സ് പൊട്ടി പാടുന്നതെങ്കിലും
ഒച്ചയൊളിപ്പിച്ച്
ഒളിവില്‍ പാര്‍ക്കുന്ന ഈ
ഒളിച്ചോട്ടം പാട്ടിന്റെ
ലൂപ്പിലകപ്പെട്ട്
പിടഞ്ഞ് കേള്‍ക്കുന്ന

ലോ ഷുറൂ അബ്
ചാഹതോം കാ

എന്ന മടക്കയൊരുക്കം
ഏറ്റവും മൃദുവില്‍ 
ഇനി വേറെയൊരു വരി
എന്നൊന്നുമേ 
പാടാനാവാതെ പിന്നെ
നോമ്പ് നോറ്റ്
വരം തേടിയെടുക്കുന്ന

സില്‍സിലാ ഹോ രഹാ ഹേ 

എന്ന് വീണ്ടുമൊന്ന് 
തിരിഞ്ഞ് കിടന്ന്
സ്വപ്നം പ്രേമമാക്കി
മിനുസം മിനുസമായി 
അലസം റിപ്പീറ്റ് മറിഞ്ഞുരുളുന്ന 
പുലര്‍ക്കാലപ്പുതപ്പാണ്
എനിക്ക് പറുദീസ.

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...
 

Follow Us:
Download App:
  • android
  • ios