ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.   ഗോകുല്‍ എം.എ എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

മഴ പെയ്യുന്നുണ്ട്, 
കനത്ത മഴ
അകത്തും പുറത്തും.

അകത്തേത് കനല്‍ മഴയും
പുറത്തേത് കുളിര്‍ മഴയും.

മഴ വീണ്ടും പെയ്തു,
തിമിര്‍ത്തു പെയ്തു.

എന്നിട്ടും, ആ കണ്‍മഷിക്കണ്ണുകള്‍ മാഞ്ഞു പോയില്ല .
കോലായിലെ കാല്‍പ്പാടുകള്‍ ആരെയോ കാത്തിരുന്നു;
ചോദിച്ചതും പറഞ്ഞതും മഴയത്താരും കേട്ടതുമില്ല.
നിലാവ് തളിര്‍പ്പിച്ച് വെളുത്തവാവും കടന്നുപോയി.

തിരക്കൊഴിഞ്ഞൊരു തിരിവെട്ടത്ത്
തിരിഞ്ഞു നോക്കിയതെല്ലാം
തിരിച്ചറിഞ്ഞു
തനിച്ചായിരുന്നെന്നെന്നും.

വക്കുപൊട്ടിയ വാക്കുകള്‍
വിളക്കിച്ചടുപ്പിച്ചെടുത്തതോ
വിത്തെറിഞ്ഞുറഞ്ഞു
മനപ്പായസമുണ്ടതോ?

അറിയില്ല അഴകിന്നകലം 
കുറഞ്ഞതെന്തെന്ന്. 

ഈറനണിഞ്ഞ നോവുകള്‍
ഇറയത്തെങ്ങാനും
ഊര്‍ന്നു വീണതാകാം.

ഒന്നു നില്‍ക്കൂ , 
ഞാനൊന്നു
നോക്കീട്ട് വരാം.

നിനക്കിന്നു അവധിയെടുത്തൂടെ
സ്വപ്നം, സൂര്യനോട് യാചിച്ചു.


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...