Asianet News MalayalamAsianet News Malayalam

Malayalam Poem : ഫേസൂക്കേട്, ഹരിമേനോന്‍ എഴുതിയ കവിത

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  ഹരിമേനോന്‍ എഴുതിയ കവിത

chilla malayalam poem by hari menon
Author
Thiruvananthapuram, First Published Jul 22, 2022, 4:45 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

 

chilla malayalam poem by hari menon


രാത്രിയും പകലുമായ് 
ഫേസ്ബുക്കില്‍ നിരങ്ങവേ,
സൂത്രത്തില്‍ മുട്ടുന്നാരോ 
വാതിലില്‍ വീണ്ടും വീണ്ടും.

പലിശക്കാരന്‍ പ്രാഞ്ചി! 
അരിശം മൂക്കേ മേശ-
വലിപ്പില്‍നിന്നഞ്ഞൂറു
ലൈക്കങ്ങുകൊടുത്തുഞാന്‍.

തിരികെ പോരും നേരം 
ഉമ്മറപ്പടിയ്ക്കല്‍ വ-
ന്നരിക്കച്ചോടം ചെയ്യും
കോരനും കൈനീട്ടുന്നു..

കൊടുത്തന്നേരംതന്നെ
കോരനും ലൈക്കഞ്ചെണ്ണം
തിടുക്കപ്പെട്ടീ ഞാനും
ഫേസ്ബുക്കിലൊളിയ്ക്കവേ.

മുടന്തിയടുത്തിട്ടെ-
ന്നമ്മ ചൊല്ലുന്നു, 'മോനേ
കുഴമ്പും തീര്‍ന്നിട്ടിപ്പോ 
മാസങ്ങള്‍ രണ്ടായല്ലൊ'

അമ്മതന്‍ കാല്‍മുട്ടിലായ് 
അഞ്ചാറുകമന്റെടു-
ത്തമ്മിയില്‍ അരച്ചതു 
പുരട്ടിക്കൊടുത്തപ്പോള്‍,

എന്തൊരു ശല്യം, മകന്‍ 
ട്യൂഷന്റെ ഫീസില്ലാതെ
ഇന്നിനി പോവില്ലെന്നു 
വാശിയില്‍ ചിണുങ്ങുന്നു!

മൂന്നര ലൈക്കും പിന്നെ 
മൂന്നോളം സ്‌മൈലികളും
മോങ്ങുന്ന മകന്‍ തന്റെ 
പോക്കറ്റില്‍ വച്ചന്നേരം.

അടുപ്പില്‍ കലത്തിലായ് 
വെള്ളവും തിളയ്ക്കുന്നു
അരിയ്ക്കുപകരം ഞാന്‍ 
ആവോളം ഫോളോയിട്ടു..

രാത്രിയില്‍ കിടപ്പറ 
പൂകുമെന്‍ കളത്രത്തിന്‍
ഗാത്രത്തില്‍ മറക്കുന്നു
നോട്ടിഫിക്കേഷന്‍സെല്ലാം..

പിറ്റേന്നു വെളുപ്പിനെ 
കട്ടനൊന്നടിയ്ക്കുവാന്‍
എത്തിനോക്കുമ്പോളയ്യോ 
ഒട്ടാകെ ശൂന്യം വീടും!

മേശമേലൊരു കുറിപ്പെ-
നിയ്ക്കായിരിക്കുന്നു
ആശാനേ ഞങ്ങള്‍ പോണൂ,
സ്റ്റാറ്റസൊന്നിട്ടേക്കണേ.!

 


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Follow Us:
Download App:
  • android
  • ios