ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. ഹസ്‌ന യഹ്‌യ എഴുതിയ കവിതകള്‍

 ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

ഇനി ഞാന്‍
സ്വസ്ഥമായി ഉറങ്ങട്ടെ,
ഉറക്കം മരണത്തിന്‍റെ
കുഞ്ഞാണ്.

ആ കുഞ്ഞിന്‍റെ നെഞ്ചിലേക്ക്
എന്‍റെ വേദനകളെ
ഞാന്‍ മലര്‍ത്തിക്കിടത്തും.

എപ്പോഴോ
മൃദുലമായ ആ കുഞ്ഞു കൈകള്‍
എന്നെത്തലോടി ഉറക്കിയിരിക്കും.
മനോഹരമായ സ്വപ്നങ്ങള്‍
എന്നെപ്പുതയ്ക്കും.

ഞാനും നീയുമൊന്നിച്ചിറങ്ങിയ
സ്വപ്ന നദി!
എന്നോട് നിന്നെക്കുറിച്ച്
മൃദുവായി എന്തോ മന്ത്രിക്കും,
ചക്രവാളത്തില്‍ കുങ്കുമം
പരക്കും.

ആ നദിയില്‍
നമുക്കിടയില്‍ നീന്തിത്തുടിച്ചിരുന്ന
പ്രണയഹംസങ്ങള്‍,
മഞ്ഞുതൂവലുകള്‍ കൊണ്ട്
വെള്ളത്തില്‍ ചിത്രം വരയ്ക്കും;
നമുക്കുള്ളില്‍ മാത്രം തെളിയുന്ന ചിത്രം.

സ്വപ്നം എന്നെ ആശ്വസിപ്പിക്കും;
സന്തോഷിപ്പിക്കും
ചിരിപ്പിക്കും.

അഥവാ ഉറക്കത്തില്‍ നിന്നും
ഞാനുണര്‍ന്നില്ലെങ്കില്‍
ഉറക്കത്തിന്‍റെ അമ്മയോടൊപ്പം
പോയെന്ന് കരുതി
നീ സമാധാനിക്കണം.

എന്നെ കാണാന്‍ നീ വരുമ്പോള്‍
പുഞ്ചിരിച്ച് കൊണ്ട് കിടപ്പുണ്ടാകും
ഒരു മധുരസ്വപ്നം
നുണഞ്ഞത് പോല്‍...

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...