ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഹേമാമി എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


കടുത്ത വേനലില്‍
തീപ്പൊരി വെയിലിനെ ഉറക്കി
ജനല്‍പാളികള്‍ക്കരികിലായ്
ചാറിയും, പാറിയും
ആര്‍ത്തലച്ചിരമ്പിയും
ഇടവേളകളില്ലാതെ
ആകാശക്കുടങ്ങളില്‍
ഒച്ചയുണ്ടാക്കി 
ഊര്‍ന്നിറങ്ങി നീ മഴേ.

നിന്നില്‍ 
നനഞ്ഞീറനുടുത്തുവന്ന
കാറ്റ്
തലയാട്ടിനിന്ന ചോലമരങ്ങളില്‍
കൊതിതീരുവോളം
ഇക്കിളിയിട്ടു.
ഞെളിപിരികൊണ്ട ഇലകള്‍
നാണത്തോടെ തലകുനിച്ചു.

കാടും മേടും താണ്ടിവന്ന
ദേശാടനക്കിളി
രാപ്പകലറിയാതെ
കാലമറിയാതെ
ദിശയറിയാതെ
കേഴാന്‍തുടങ്ങി.

പോക്കുവെയിലുരുകി
പുഴയിലേക്കൊഴുകുമ്പോള്‍
കസവുചേലയുടുക്കാന്‍
കാത്തുനിന്ന
പരല്‍മീനുകള്‍
വാലിട്ടിളക്കി മേലോട്ടുനോക്കി.

നിന്റെ തടവിലായ വെയില്‍
നിസ്സഹായതയോടെ
തണുപ്പിലും വിയര്‍ത്തു.

ചാഞ്ഞിറങ്ങിയ നീ
എന്റെ ചുണ്ടില്‍ മുത്തമിട്ട്
കൈകളിലേക്കിറ്റുവീണെന്നെ 
ഉന്മാദിനിയാക്കി.

ഉടലാകെ അതിരുകള്‍
ഭേദിച്ചൊഴുകി നിന്റെ
രതികാമനകള്‍ എന്നില്‍
ചെമ്പടയില്‍
ദ്രുതതാളം തീര്‍ത്തു.

പാതി എഴുതിവെച്ച വരികളില്‍
പുതിയ ഈണങ്ങള്‍ തീര്‍ത്ത്
ഞാനും നിന്നില്‍ ആഭേരി പാടി.


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...