ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഹേമാമി എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Also Read : പ്രേമം, റഹീമ ശൈഖ് മുബാറക്ക് എഴുതിയ കവിത

Also Read : എന്റെ ഉടലില്‍ നിന്റെ കവിത മണക്കുന്നു, അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിത

.....................


ചിറകെടുത്തു
പറന്ന കാറ്റ്
കൗതുകങ്ങള്‍ കാണാന്‍
ഭൂതക്കണ്ണാടിവച്ചു.

നനഞ്ഞ പ്രഭാതത്തില്‍
പൂവാട ഞൊറിഞ്ഞുടുത്ത 
താഴ്വാരം
കോടമഞ്ഞില്‍ സുന്ദരിയായി.
മടിശ്ശീലയില്‍നിന്നും 
ഉതിര്‍ന്നുവീണ
മലര്‍പെറുക്കാന്‍ 
കൈക്കുടന്ന നീട്ടിയതും
ചിറകെടുത്ത കാറ്റ് 
ഉഴറിനിന്ന് പിച്ചിയെറിഞ്ഞു.

നനുത്ത വിരലുകൊണ്ട്
വാലിട്ടെഴുതിയ കണ്ണുകളില്‍
താഴ്വാരം 
കണ്ണുനീര്‍ ചാലിട്ടെഴുതി.

തിളച്ചുമറിയുന്ന പകലില്‍
ചേറിലുലയുന്ന പെണ്ണിന്റെ
ഉടലാഴങ്ങളില്‍ ചൂഴ്ന്നിറങ്ങി
ആനന്ദമേളനമേകി
ലാളിക്കാന്‍കൊതിക്കുന്ന 
കൈകളായി.

.........................
Also Read : ഉടഞ്ഞുപോയവ കാത്തുവയ്ക്കും ഞാന്‍, ആലിസ് വാക്കര്‍ എഴുതിയ കവിത

Also Read : മീന്‍പാച്ചല്‍, ജയചന്ദ്രന്‍ ചെക്യാട് എഴുതിയ കവിതകള്‍

.........................

രാവറുതിയിലൊറ്റക്കുതിപ്പില്‍
നിലാവ് ചുരം കയറിയപ്പോള്‍
കാറ്റ് യക്ഷിപ്പാലയിലാടി,
കരിങ്കൂവള മുടിക്കെട്ടിലാറാടി,

അവളുടെ അരിമുല്ലഗന്ധമുള്ള 
ചിരിയില്‍ മയങ്ങി,
മുറുക്കി ചുവപ്പിച്ച 
ചുണ്ടിലെ നനവറിയാന്‍ 
മുത്തിയതും
കോമ്പല്ലിന്റെ ചൂടില്‍ 
ശ്വാസംമുട്ടി താഴെവീണു.

ഇരുള്‍ പുതഞ്ഞുറക്കം തുടങ്ങിയപ്പോള്‍
കാറ്റൊരു മൂളിപ്പാട്ടോടെ
ഭൂതക്കണ്ണാടിയൂരി ചുറ്റും നോക്കി.

'വെറുമൊരു മോഷ്ടാവായൊരെന്നെ
കള്ളനെന്നു വിളിച്ചില്ലേ' 
എന്നോര്‍ത്ത് 
ചെറുചിരിയോടെ 
ചിറകിലൊളിച്ചു.

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...