ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  ഐറിസ് എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


ഈയടുത്താണ് നാഷനല്‍ ബുക്ക് ട്രസ്റ്റ് ഇന്ത്യ ശ്രീലങ്കന്‍ കവിതകളുടെ അസാധാരണമായ ഒരു സമാഹാരം മലയാള ഭാഷയില്‍ പ്രസിദ്ധീകരിച്ചത്. പ്രതിബിംബങ്ങള്‍: ഒരു ശ്രീലങ്കന്‍ കവിതാസമാഹാരം' എന്ന് പേരിട്ട ആ പുസ്തകം ശ്രീലങ്കന്‍ കവിതയുടെ വ്യാപ്തിയും വൈവിധ്യവും ആഴത്തില്‍ പകര്‍ത്തിയ ഒന്നാണ്. സിംഹള, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലായി പ്രസിദ്ധീകരിച്ച ലങ്കന്‍ കവിതകള്‍ പ്രമുഖ ശ്രീലങ്കന്‍ സാഹിത്യകാരന്‍ രാജീവ വീജേസിംഗ്ഹയാണ് സമാഹരിച്ച് എഡിറ്റ് ചെയ്ത് ഇംഗ്ലീഷില്‍ പുറത്തിറക്കിയത്. ആ വിപുലമായ കവിതാസമാഹാരത്തിലെ കവിതകളാണ് 'പ്രതിബിംബങ്ങള്‍' എന്ന പേരില്‍ മലയാളത്തില്‍ ഇറങ്ങിയത്. തുമ്പ സെന്റ് സേവിയേഴ്‌സ് കോളജില്‍ മലയാളം അധ്യാപികയായിരുന്ന ഐറിസ് ആണ് ഈ കവിതകളുടെ വിവര്‍ത്തനം നിര്‍വഹിച്ചത്. 

ആ സമാഹാരത്തിലെ ഏറ്റവും ശ്രദ്ധേയമായ കവിതകളിലൊന്ന് ഇംഗ്ലീഷില്‍ എഴുതുന്ന ലങ്കന്‍ കവിയായ ബേസില്‍ ഫെർണാൻറോയുടേതായിരുന്നു. സിലോണ്‍ സര്‍വകലാശാലയില്‍നിന്നും നിയമബിരുദം നേടി ഹോങ്കോംഗില്‍ ജോലി ചെയ്യുന്ന ഫെർണാൻറോയുടെ Evelyn, My First Friend എന്നീ കവിതാ സമാഹാരങ്ങളും The Village by the Mouth of the River എന്ന ഓര്‍മ്മക്കുറിപ്പും ശ്രദ്ധേയമാണ്. ചരിത്രം കൊണ്ട് മുറിവേറ്റ ലങ്കന്‍ ജീവിതങ്ങളുടെ സംഘര്‍ഷഭരിതമായ കടലിളക്കങ്ങള്‍ പകര്‍ത്തിയ '1983 ജുലൈയില്‍ത്തന്നെ മറ്റൊരു ആകസ്മികത' എന്ന ഫെർണാൻറോ കവിതയാണ് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടത്. 1983 ജൂലൈ, ചരിത്രത്തിലില്ലാത്ത സംഭവം; വംശക്കലി ചുട്ടെരിച്ച ഒരു കുടുംബത്തിന്റെ നടുക്കുന്ന ചിത്രം. ആ കവിതയുടെ വിവര്‍ത്തനാനുഭവമാണ് ഐറിസ് എഴുതിയ ഈ കവിത.

 ശ്രീലങ്കന്‍ കവി ബെയ്‌സില്‍ ഫെർണാൻറോയെ വായിക്കുമ്പോള്‍

1983
ജൂലൈ 
കൊളംബോ


തായ്‌മൊഴി
മനം നീട്ടുന്നു
നീലിയെപ്പോലെ
നോവേല്ക്കാന്‍
പ്രണയാഷാഢമേ വിട

2020
മഹാമാരിക്കാലം

ഒച്ചയുമനക്കവുമറ്റു

പുറത്ത് 
തെങ്ങിന്‍തലപ്പുകള്‍
ഇമ ചിമ്മാനാവാതെ

തണുത്തുറഞ്ഞ ബോധം
തൂങ്ങിയാടുന്നു 
വരികള്‍ക്ക് വഴിതെറ്റുന്നു

മനോനില
തകരാറിലല്ലെന്ന്
മറവി
വേണ്ടപാകത്തിലുണ്ടെന്ന് 
വേവലാതിപ്പെടുന്നു
കവിത 

വായന നടുങ്ങുന്നു

പട്ടാപ്പകല്‍ നരവേട്ട 
കൊളംബോ
1983
പതിവുകാഴ്ച


ചുടലനൃത്തം
വാക്കുകള്‍ 
പത്തിവിടര്‍ത്തി
പ്രതിരോധിക്കുന്നു

നെഞ്ച് ഒച്ചപ്പെടുന്നു 
ശ്വാ സം
വിലങ്ങുന്നു
നി ല വി ളി
വാക്കിന്റെ ചുരുളുകളിലേക്ക് 
ഇടിഞ്ഞിറങ്ങി

തീ ആളുകയാണ് 
പെട്രോള്‍പുകമണം
അടച്ച വണ്ടി
ഇരകള്‍ ഉയിരിനായി
കൈനീട്ടിയില്ല
തീനാളങ്ങള്‍
കരുണയോടെ
നുണയുന്നു 


കുഞ്ഞുമക്കള്‍

ഒറ്റപ്പൊള്ളലിനിപ്പുറം
ഒരായുസ്സ് നീണ്ട
കനല്‍പ്പാടുകള്‍
അവര്‍ക്ക് വേണ്ട

വംശക്കലി 
പുതുവഴി തേടും 
അരുംകൊലയുടെ
പേക്കൂത്ത്
1983


2020
മഹാമാരിക്കാലം
അര്‍ബുദചികിത്സാകേന്ദ്രം
ഉടലടക്കിയ വ്യാളികളെക്കണ്ട് 
പെരുംനോവ്
മിഴിതാഴ്ത്തുന്നു
കനക്കുന്നു വിഷാദം
ചിന്തയിലല്ല കാഴ്ചയിലല്ല
ഉടലില്‍ മാത്രം

പെരുമ്പറയറഞ്ഞ്
ഒരൊറ്റച്ചോദ്യം
കവിയോട്

ഇരകളില്‍ ഒരുവള്‍
അന്ധയും ബധിരയും
മൂകയുമായതെന്ത്

എവിടെ ചന്ദ്രഘണ്ഡ 
ശൂലധാരി കാളരാത്രി

ഇവിടെയാണ്
ചുട്ടെരിച്ചതെന്ന്
ചൂണ്ടിക്കാണിക്കാന്‍
ക്യാമറയോ മൈക്കോ 
ആവഴി പോയില്ല

അന്നും
പിന്നെന്നും 
ഭൂപടത്തെ നനച്ച 
ചോരക്കറകള്‍
ഇരുണ്ടകാലമെന്ന് 
ഒറ്റവാക്കില്‍ 
വിഷം തീണ്ടി 


പാല്‍മിറപ്പന
മുടി വലിച്ചുപറിക്കുന്നു 

കിതച്ച് നുര പതഞ്ഞിട്ടും 
പെരുംചേതം പൊറാഞ്ഞ് 
അലയാഴി
ഇളകിമറിയുന്നു

പൊയരാവുകളിരുണ്ടു
അത്തേരിയ*
കണ്‍തുറന്നില്ല
ചാരം മൂടിയ കനലുകള്‍
 മിന്നുന്നുണ്ട്

മറവി
വേണ്ടപാകത്തിലുണ്ടോ

വേവലാതിയുണ്ട്
എനിക്കും

അയല്‍മൊഴി
ചുമലില്‍ താങ്ങുകയാണ് 
വെള്ളമണലില്‍
പുതഞ്ഞ
ഒരു

രി
ത്രം


________
* ശ്രീലങ്കന്‍ കവി ബെയ്‌സില്‍ ഫെര്‍ണാന്‍േറായുടെ കവിത: 1983 ജൂലൈ, ചരിത്രത്തിലില്ലാത്ത സംഭവം;
വംശക്കലി ചുട്ടെരിച്ച ഒരു കുടുംബത്തിന്റെ നടുക്കുന്ന ചിത്രം! മൊഴിമാറ്റത്തിലാണ് ഈ അധികവിത ഉണര്‍ന്നത്.

*പാല്‍മിറപ്പന - കരിമ്പന

* അത്തേരിയ- നിലാമുല്ല



ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...