Asianet News MalayalamAsianet News Malayalam

Malayalam Poem : കടലുകള്‍ ഓടിക്കയറിയത്, ഐറിസ് എഴുതിയ കവിത

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഐറിസ് എഴുതിയ കവിത 

chilla malayalam poem by Iris
Author
First Published Dec 8, 2022, 7:26 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam poem by Iris

 

ഒറ്റവാതില്‍;
ഒരുനാളും അടയാത്തത്.

അകത്തെത്തിയവരാരും മടങ്ങാമറ. 
തുളവീണടിഞ്ഞ തുറമുഖപ്രതാപങ്ങള്‍. 
പൊടിക്കൂമ്പാരം.
കാണാമറയത്ത് അറ്റമില്ലാ 
ഊടുവഴികള്‍ ഓടിത്തീര്‍ത്ത 
എലികള്‍.

പ്രണയക്കരുത്തില്‍
പുരമേഞ്ഞ കനവുകള്‍ 
ഇരുട്ടിവെളുക്കും മുമ്പേ 
മണല്‍ക്കൊട്ടാരമെന്ന് 
ഉപ്പുനാവാല്‍ നുണഞ്ഞ്  
കടല്  മായ്ച്ചപ്പോഴാണ് 
അടയാവാതിലിലേക്ക് 
ഓടിക്കയറിയത്.

കാണാവരയലാളന്ന് 
'ഹെന്റെ  തറേ'ന്ന് 
ചട്ടീം  കലോം തുണിക്കെട്ടും വച്ചത്. 
അടയാത്തളത്തില്‍  
മാനവും മറയും കെട്ട് 
നാവറ്റ്  വിശപ്പറ്റ് ഉറക്കമറ്റ് 
കടലെ ഉള്‍ക്കണ്ണാല്‍ കണ്ട് 
മറുവഴിയില്ലാതെ എലിയായിച്ചുരുണ്ടത്. 

തുഴയെറിഞ്ഞ് മീന്‍ ചൊമന്ന് 
ചിട്ടിപിടിച്ച് കടമേറ്റി പട്ടയം പതിപ്പിച്ച്  
കുരിശ് വരച്ച് കല്ലിട്ട് വാനം വെട്ടി
കൂരയും തറയുമൊരുക്കിയതെവിടെ?  
നേടിയതും കാട്ടിയതുമെവിടെ?

മാറത്തലച്ച്  കടല്‍ ചൂണ്ടിയാലും 
തിരവലിച്ച് കണ്‍തിരിച്ച് നീലിച്ച് കിടപ്പാണ് 
ചാകര കാട്ടി കൊതിപ്പിച്ചവള്‍, 
വറുതിയില്‍ തീരം മൊടക്കിയോള്‍, 
ഉയിര് കാത്തും ഉയിരെടുത്തതും 
കലിയടങ്ങിയാല്‍ മൂന്നാംപക്കം 
ഒപ്പാരിക്ക് കാതോര്‍ക്കുവോള്‍,
അമ്മാ, നീയേ തൊണ.

അന്തിച്ചന്തകള്‍. 
മീനുണക്കും മണല്‍പാടങ്ങള്‍. 
കനവിലേ കെടയാതെന്ന് 
പെണ്‍പിറപ്പുകള്‍ പിടഞ്ഞ് 
സീരിയലുകള്‍ക്ക് അടിപ്പെട്ടാര്‍, 
ഇല്ലാത്തീരത്ത് എന്നോ ഏലംപോട്ടതും മറന്ന് 
ചുട്ടമനച്ചൂളംവിളി വകഞ്ഞ് 
ആണുടലുകള്‍ താപമേറ്റ് 
വാറ്റുചാരായത്തില്‍ വീണുരുണ്ടാര്‍, 
അന്നുമെന്നും 
കൈമലര്‍ത്തി കര. 

അങ്ങേവശത്ത് ഏറ്റിവച്ച 'അയ്യോപാവം' പൊയ്ക്കൂടുകളില്‍ 
തോരാമഴ. 
അകത്തും പുറത്തും 
വട്ടച്ചൊറിയില്‍  വെളുത്തുനരച്ച പകലിരവുകള്‍. 
അടര്‍ന്ന് കുത്തിയൊലിക്കും പാഴ്ച്ചുമരുകള്‍. 
പുഴുവരിക്കും ചതുപ്പുകള്‍. 

ഉടയോര്‍ ഉള്ളമറിഞ്ഞ് തന്നതാണേ, 
ഇനിയും പണിതൊരുക്കുവാണേ, 
അമ്മാ തായേ, നീയേ തൊണ. 


 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Follow Us:
Download App:
  • android
  • ios