ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന്   ജസ്‌ലി  കോട്ടക്കുന്ന് എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

ചെരിഞ്ഞ പ്രതലത്തില്‍,
വക്രതയുള്ള തലകളായിരുന്നു
സ്വയമുരുളാന്‍ ശേഷിയുള്ളവ
മങ്ങിയ വെള്ള നിറമുള്ളവ.

അവര്‍ക്ക്,
വയസ്സനായൊരു നേതാവ്
കാലം മാറിയതറിയാതൊരാള്‍
മാറ്റങ്ങളെ ഭയന്നതാ
മാറ്റവുമായെത്തിയവരെ
ഓടിക്കാനൊരു വടി തപ്പുന്നു.


ചെരിഞ്ഞ പ്രതലത്തില്‍,
ഇലാമാ പഴങ്ങള്‍ മാത്രം
വില്‍ക്കപ്പെടുന്ന കടകള്‍
വിത്തുകളാരുമേ കാണാതിരിക്കാന്‍
വക്രതലകള്‍ പണിപ്പെട്ടിരുന്നു.
വിത്തിനെ ഉരച്ചു മിനുക്കി
മിഥ്യവരണത്താല്‍ പൊതിഞ്ഞ് 
മുഖമില്ലാത്തോര്‍ക്ക് ദാനം ചെയ്തു.
ഇവ്വിധം നേതാവിക്കാലമത്രയും
ഓരോന്നിനേം പോറ്റി(വളര്‍ത്തി) പാട്ടിലാക്കി.


പിന്നീട്,
നേതാവ് കരിങ്കല്‍ ഭിത്തി പണിതു
ചെരിഞ്ഞ പ്രതലത്തിന്റെ
ഒത്ത നടുക്ക്.
എന്നിട്ടുമതാ ചെറിയ വിടവിലൂടെ
ഇടതടവില്ലാതെ പ്രകാശം
നേര്‍രേഖയില്‍ വരുന്നു.
പാകത്തിലുള്ള കല്ലുകള്‍
പെറുക്കി കൂട്ടിയവര്‍
തുളകളേതുമില്ലാതെ
അടക്കാനൊരുങ്ങുന്നു.

നാടിന്റെ നടുവേ ഓടിയോരതാ
തളര്‍ന്നു മയങ്ങി കിടക്കുന്നു
അരികു പിടിച്ച് നടന്നോരതാ
ഫിനിഷിങ് പോയിന്റില്‍
കൊടി നാട്ടുന്നു.

നടന്നു തേഞ്ഞ പാതയിലാ -
യിരിക്കാന്‍ ശ്രമിച്ചവര്‍,
പുതിയ വഴി വെട്ടിയവരെ
കാര്‍ക്കിച്ചു തുപ്പി.
ഇരുട്ടായിരുന്നു അവര്‍ക്കിഷ്ട്ടം
കണ്ണ് തുറന്നുറങ്ങാവുന്നത്രയും
നിശബ്ദമായ ഇരുട്ട്.

എങ്കിലും,
നേതാവിപ്പോഴും കസേരയില്‍
അള്ളിപ്പിടിച്ചിരിപ്പാണ്.
ഒന്നെണീറ്റാലൊടിയാന്‍ പാകത്തില്‍
കൈപ്പിടി ദ്രവിച്ചു തുടങ്ങീട്ടുണ്ടാവണം.