ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ജയമോഹന്‍ ടി കെ എഴുതിയ കവിത  

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


പട്ടം പറത്തുന്ന കുട്ടി 
ഒരു ചുമര്‍ചിത്രമാണ് 
ആകാശ നിറമുള്ള 
എന്റെ ചുമരില്‍ 
കാമുകി വരച്ചുവെച്ചത് 

തീരം തൊടാത്ത
മണ്ണ് മാന്തിക്കപ്പല്‍ പോലെ 
അവളുടെ ഓര്‍മകള്‍ 
ആ ചിത്രത്തിലെന്നും 
നങ്കൂരമിട്ട് കിടക്കും 

ഒഴിവ് സമയങ്ങളില്‍ 
ഞാനത് നോക്കിയിരിക്കും 

എണ്ണയിട്ട യന്ത്രം പോലെ 
ആ ചിത്രം സ്വയമപ്പോള്‍ 
ചലിക്കാന്‍ തുടങ്ങും 
വര്‍ണപ്പട്ടങ്ങള്‍ മേഞ്ഞുനടക്കുന്ന 
ഒരാകാശത്ത് അവളപ്പോള്‍ 
പറന്നുനടക്കും 

എന്റെ ചുമരില്‍ 
അങ്ങനെയൊരു ചിത്രമില്ലെന്ന് 
ഇന്നലെയൊരു സുഹൃത്ത് പറഞ്ഞു 

പട്ടം പറത്തുന്ന കുട്ടി 
ഒരു സാങ്കല്പിക ചിത്രമാവാം 
ജീവിച്ചിരിക്കുന്നവരോടൊ 
മരിച്ചുപോയവരോടോ 
സാദൃശ്യമില്ലാത്തത്