ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 

 

 

പുറപ്പാട്

        '...ഞാനൊരു അനര്‍ത്ഥവും
          ഭയപ്പെടുന്നില്ല.
          നീ എന്നോടൊപ്പമുണ്ടല്ലോ ;
          നിന്റെ വടിയും കോലും
          എന്നെ ആശ്വസിപ്പിക്കുന്നു.'
                       (സങ്കീര്‍ത്തനം)

 

ടുത്ത് വെക്കണം എല്ലാം.
ഭദ്രമാക്കി വെച്ചാല്‍
സമാധാനം എന്തിനും .
ഭൂതഭാരം കനപ്പെട്ടത്.

ഓര്‍മകളാണെല്ലാം
മരിക്കാത്തവ...!

ഒന്നില്‍ നിന്ന് മറ്റൊന്നിലേയ്ക്ക്
കാണാമിടങ്ങളിലേക്ക് മാറ്റപ്പെടുമ്പോള്‍
കരുതിവെക്കേണ്ടത് തന്നെ.

കണ്ണിനും കാതിനും ഇതുവരേയില്ലാത്ത
തെളിച്ചം.

കരങ്ങളില്‍, കാലടികളില്‍
തിളച്ച് കയറുന്നൊരുന്മാദം...!

കളിയരങ്ങുകളിലൂടെയായിരുന്നില്ല
കനല്‍വഴി താണ്ടിയ സ്വകാര്യതകള്‍.

      എല്ലാവരും വരും തീര്‍ച്ച.
      അകലങ്ങളില്‍ നിന്ന് ദൂരങ്ങള്‍ മാഞ്ഞലിഞ്ഞു പോകുന്ന
      സ്‌നേഹ പച്ചപ്പിലേക്ക് .
      അന്നേരം വീടകങ്ങളില്‍ ഉത്സവാരവങ്ങളുയരും
      കളിച്ചിരികള്‍ വിരിയും,
      കെട്ടിപുണരും,
      വലിയ വലിയ വിശേഷങ്ങളുടെ -
      ചരടുകള്‍ പൊട്ടിക്കും.
      നടുത്തളത്തിലും,
      ഇറയത്തും,
      മുറ്റത്തും പറമ്പിലും കാല്‍പ്പാദങ്ങള്‍
      ചുംബനകുളിരണിയും.
      ആടിക്കൊട്ടിത്തിമര്‍ക്കട്ടെ.
      അടുക്കള ഉണര്‍ന്ന് ചിരിക്കട്ടെ.

മുതുമുത്തച്ഛനെന്നും,
മുത്തച്ഛനെന്നും
അച്ഛനെന്നും, അമ്മാവനെന്നും,
ചെറിയച്ഛനെന്നും,
അങ്ങനെയങ്ങനെ കേട്ട് മറന്ന വിളികള്‍
കാതില്‍ തുടി താളമായ് നിറയും.

      എല്ലാവരും പാതി മയക്കത്തിലേക്ക്
      മിഴികള്‍ ചേര്‍ക്കുമ്പോള്‍ -
      പോകണം .
      ആരേയും വിഷമിപ്പിക്കരുതെന്നും
      വിഷമം കണ്ട് നില്ക്കരുതെന്നും,
      ഇന്നലെയും അരികെ വന്ന്
      പറഞ്ഞത് അതൊന്നു മാത്രം.