ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന്  ജയപ്രകാശ് എറവ് എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും



നരച്ച് നിറം കെട്ട
ആകാശത്ത് നിന്ന്
സ്വയം ഉരുകിയൊലിച്ചിറങ്ങിയ
ഒരു മേഘത്തുണ്ട,
എന്റെ വെളിച്ചത്തെ മായ്ച്ച് കളഞ്ഞു.

ഇടവഴികളില്‍
ഇരുട്ടിന്റെ നിദ്രാടനം.
മിന്നിയും, മാഞ്ഞും ചെറിയ വെട്ടങ്ങള്‍
ചിന്നിച്ചിതറി കിടപ്പുണ്ട്.

പടം പൊഴിച്ച ഗര്‍വ്വുമായൊരു
സര്‍പ്പസീല്‍ക്കാരം
കാതുകളെ സ്തംഭിപ്പിച്ചു.
ഒരൊറ്റ ചുവട് മതി
അതിന്‍ ചുംബനം ഏറ്റുവാങ്ങാന്‍.

പതിയേ പതിയേ
അതിന്റെ ഇഴച്ചില്‍
കരിയിലകളെ നോവാതെ
ചേര്‍ത്ത് പിടിച്ചങ്ങനെ.

പാതിയോളം കത്തി തീര്‍ന്നൊരു
ഒറ്റമരത്തിലിരുന്ന്
കൂട്ടം തെറ്റിയ പക്ഷിയുടെ വിഷാദക്കണ്ണ് -
ഇരുട്ടിലേക്ക് ഒഴുകുന്നു.

കടലിന് മീതേ പറക്കുന്ന ശരവേഗപ്പക്ഷികള്‍
അതിന്റെ യാനത്തിലൂടെ -
അനന്തതയിലേക്ക്
തിരക്കാര്‍ന്ന യാത്ര തന്നെ.

ഒറ്റമരം
ഒറ്റ പക്ഷി
ഒരു ദിവസം,
എത്രയെത്ര കാഴ്ചകളാണ്
പ്രകൃതി സമ്മാനമായി നിറയ്ക്കുന്നത്.

ഒരോ സമ്മാനപ്പൊതിയിലും
ഒരുപാട് ജീവിതങ്ങള്‍
തളിര്‍ത്തും, 
കൊഴിഞ്ഞുംകൊണ്ടങ്ങനെ.