ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ജ്യോതി മദന്‍ എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും




പുസ്തപ്രകാശനം

അടുത്ത ജന്മത്തിലാണ്
എന്റെ പുസ്തകപ്രകാശനം
നീ വരണം

501 കവിതകളും
101 ഹൈക്കുകളും
51 കഥകളുമായി 
'നീ' എന്ന
എന്റെ ഒറ്റ പുസ്തകം

ഇത്രയൊക്കെ
ഞാനെഴുതിയോ 
എന്ന് ചോദിയ്ക്കരുത് ;
പല ജന്മങ്ങളില്‍ നിന്ന്
കടം കൊണ്ടതാണ്,
പല ദേശങ്ങളില്‍ നിന്ന് 
വന്നതാണ്
പല ലിപികളില്‍
കോറിയതാണ്

വേദി പറഞ്ഞില്ലല്ലൊ
കടല്‍ക്കരയിലെ നമ്മുടെ ഇടം
നമ്മള്‍ ആദ്യമായ് കണ്ടയിടം.
അവിടെയാണ്
അടുത്ത ജന്മത്തിലെ
പുസ്തക പ്രകാശനം.
മറക്കരുത്
നീ വരണം

നീയാണ് അധ്യക്ഷന്‍
നീ തന്നെ പ്രകാശിപ്പിയ്ക്കണം
നീ തന്നെ ഏറ്റുവാങ്ങണം
നീ തന്നെ പുസ്തക പരിചയവും.
മറ്റാരാണുള്ളത്
ഈ ജന്മത്തിലും
വരും ജന്മങ്ങളിലും !