ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  കവിത മനോഹര്‍ എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


ചുഴി

'ഗവേഷണത്തിന് ഇവിടെത്തന്നെ വരണം'
എന്ന അഭിനന്ദന സന്ദശേത്തിനൊപ്പം
ചിരിക്കുന്ന ഇമോജി അയച്ചിരുന്നു അയാള്‍.

പഠിച്ച് പഠിച്ച് അവിടേക്കെത്താനുള്ള ശ്രമത്തിന്റെ നാളുകള്‍.
ഒടുവില്‍, പടികടന്നപ്പുറമെത്തിയപ്പോള്‍ മുതല്‍
കൊടുമണ്‍ മനയിലുള്ള 'ഗ്രൗണ്ട് ഹോഗ് ഡേ'കള്‍*.

അയാള്‍ ചിരിച്ചവസാനിപ്പിക്കുമ്പോള്‍,
രണ്ട് കവിളുകളും തിരിച്ചുവന്നൊട്ടുന്നത് ഒരേ വേഗത്തിലല്ല.
ആ വേഗവ്യത്യാസത്തിലുണ്ടാകുന്ന കോണളവിലാണ്,

രാക്ഷസക്കോട്ടയിലേക്കുള്ള തിരിവ്.

കൊടും വേനലിന്റെ ദാസ്യവേലകളില്‍,
രക്ഷപ്പെടാനുള്ള ഓരോ വഴിയിലും,
കണ്ടുമുട്ടിയ മുട്ടന്‍കെണികള്‍ പലതായിരുന്നു അവിടെ.

ഒടുവില്‍, അഴുക്കുവെള്ളക്കെട്ടിലേക്ക് തള്ളിയിടാന്‍ 
അയാള്‍ കൈയോങ്ങും മുമ്പേ,
അവള്‍ എടുത്തുചാടി.

ജീവനോടെ തിരിച്ചെത്തിയോ എന്ന്
ഇപ്പോഴും സംശയം ബാക്കിനില്‍ക്കെ 
അവളവളെ പിച്ചിനോക്കി,

ഉണ്ട്, ജീവിച്ചിരിപ്പുണ്ട്!

*ഗ്രൗണ്ട് ഹോഗ് ഡേ: ഹരോള്‍ഡ് റമീസ് സംവിധാനം ചെയ്ത് 1993 -ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ ചലച്ചിത്രം. 'ടൈംലൂപ്പില്‍ പെട്ട് ദിവങ്ങളെല്ലാം റിപ്പീറ്റ് ചെയ്യുന്ന അവസ്ഥ ചിത്രീകരിക്കുന്ന സിനിമ.

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...