ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  കെ. ആര്‍. രാഹുല്‍ എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

എന്നും രാത്രിയില്‍ 
ഒരുറക്കത്തിനുശേഷം
ഏതോ ഒരു പെണ്‍കുട്ടി
ചതുരംഗം കളിക്കാന്‍
സ്വപ്നത്തില്‍ വരുന്നു!

'കഴുത' കളിക്കാന്‍ മാത്രം
പരിചയമുള്ളവനെ
തേര്‍തെളിക്കാന്‍ 
നിര്‍ബന്ധിക്കും.
എല്ലായ്‌പ്പോഴും
വെള്ളക്കരുക്കള്‍ അവള്‍ക്ക്.
എല്ലായ്‌പ്പോഴും
ആദ്യത്തെ നീക്കവും
അവള്‍ക്ക്.

64 കളങ്ങളില്‍
60,000 നീക്കങ്ങളുണ്ടെന്ന്
അവളെ കണ്ടു പഠിച്ചു.
ഗൂഢമായ ചിരിയോടെ
ഗളഛേദം ചെയ്തും
കൃത്യമായ കണക്കില്‍
വെട്ടി നിരത്തിയും 
13 നീക്കങ്ങള്‍ക്കപ്പുറം
ഒരിക്കല്‍ പോലും
പിടിച്ചുനില്‍ക്കാനാവാത്തവണ്ണം
എന്നെ കീഴടക്കി.

കണ്ണുകളില്‍ നോക്കി
ചതുരംഗം കളിക്കരുതെന്ന്
അവളാണ് പഠിപ്പിച്ചത്.
കണ്ണിലെ ഗര്‍ത്തങ്ങളില്‍
ആണ്ടു പോകുമ്പോഴെല്ലാം
ഓരോ കരുക്കള്‍ വീതം
എനിക്ക് നഷ്ടപ്പെട്ടു.

ഒഴിഞ്ഞുമാറാന്‍ 
കളമുണ്ടായിട്ടും
പ്രതിരോധത്തിന്
അവസരമുണ്ടായിട്ടും
അവളുടെ
കുതിരക്കുതിപ്പിനു മുന്നില്‍
ജീവന്‍വെടിഞ്ഞത്
എണ്ണമറ്റ സൈനികരാണ്.

കളി മുറുകുമ്പോള്‍
അവള്‍ നിശബ്ദയാവും.
ഓരോവട്ടവുമെന്റെ
രാജാവിനു കുറകെ 
കരുക്കള്‍ നിരത്തുമ്പോള്‍
എട്ടുകാലിയെപ്പോലെ 
വലനെയ്യുന്നൊരു നോട്ടം
എന്റെ നേര്‍ക്കെറിയും.
ആ നോട്ടത്തിന്റെ പശിമയില്‍
കണ്ണൊട്ടി
കരളൊട്ടി
കൈകളൊട്ടി
ഞാന്‍ കിതയ്ക്കും.

ഒരിക്കലെങ്കിലും
അവളെ തോല്‍പ്പിക്കാനാണ്
കുത്തിയിരുന്ന്
ചെസ്സുകളി പഠിച്ചത്.
എന്നിട്ടും കുതിരച്ചതിയുടെ
ആഴങ്ങളില്‍ ഓരോ വട്ടവും
അടിപതറി.

രാവ് തീരാന്‍
ഒന്നര സ്വപ്നത്തിന്റെ
നീളമവശേഷിക്കുമ്പോഴാണ്
എല്ലാ ദിവസവും
കരുക്കള്‍ പെറുക്കിയെടുത്ത്
അവള്‍ മറയാറുള്ളത്.

ഉണര്‍ന്നെഴുന്നേറ്റ്
ആ മുഖം ഓര്‍ക്കുമ്പോഴെല്ലാം
അഞ്ചാം ക്ലാസിലെ
അടിസ്ഥാന പാഠാവലിയുടെ
പുറംചട്ടയിലെ
പെയിന്റിങ് തെളിയും.
മലയാളം ടീച്ചറെ ഓര്‍മ്മ വരും.
പുളിയില കാറ്റത്ത്
ഉതിരുന്നതുപോലെ
ചിലമ്പിയ ശബ്ദം കേള്‍ക്കും.
ഓര്‍മ്മ അവിടെ മുറിയും.

രാവെത്തുവോളം
പിന്നെ ഉള്ളിലൊരു
ചോദ്യമുയരും,
ഞാനുറങ്ങാത്തപ്പോള്‍
ആ ചതുരംഗപലക
എവിടെയായിരിക്കും?

ഞാന്‍ ഉറങ്ങുന്നതിനായി കാത്തിരിക്കുന്നുണ്ടാകുമോ?

അതോ ഇപ്പോള്‍ ഉറങ്ങുന്ന
അപരിചിതനോടൊത്ത്
പുതിയ നീക്കം
പരിശീലിക്കുന്നുണ്ടാകുമോ?


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...