Asianet News MalayalamAsianet News Malayalam

കാതറീന: ഒരു തിരോധാന കേസ്

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ലീല സോളമന്‍ എഴുതിയ കവിത


 

chilla malayalam poem by Leela Solomon
Author
Thiruvananthapuram, First Published Sep 14, 2021, 7:56 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


chilla malayalam poem by Leela Solomon


കാതറീന: ഒരു തിരോധാന കേസ് 


കാതറീന എന്റെ ഭാര്യയാണ്, സര്‍,
അവള്‍ മരിച്ചിട്ടില്ല, ജീവിച്ചിരിപ്പുണ്ട്,
പക്ഷെ, കാണ്മാനില്ലാന്നു മാത്രം.

വ്യാഴാഴ്ച മുതല്‍ കാണ്മാനില്ല.
അവളെവിടെ എന്നെനിക്കറിയില്ല.

അവളൊന്നും എടുത്തിട്ടില്ല, സര്‍,  
ഉപേക്ഷിക്കപ്പെട്ടതെല്ലാമിവിടുണ്ട്,  
കട്ടിലിനു ചോട്ടില്‍ 
അവളുടെ വള്ളിച്ചെരുപ്പുകള്‍, 
മേശവലിപ്പില്‍ മണിപേഴ്സ്, 
ഇറയത്തുതന്നെയുണ്ട്.
അവളുടെ  സൈക്കിള്‍.

ഞങ്ങള്‍ക്കിടയില്‍  ഒരിക്കലും
ഉരസലുകളുണ്ടായിട്ടില്ല, സര്‍...

സത്യം, 
അവളൊരു ഉത്തമ ഭാര്യ
തന്നെ ആയിരുന്നു, 
കൃത്യമായി ഭക്ഷണം വച്ച്
വിളമ്പിത്തരികയും 
എന്റെ അടിക്കുപ്പായങ്ങള്‍ 
കഴുകുകയും ചെയ്തിരുന്നു...

ഷൂ പോളിഷ് ചെയ്യാനും  
ആഷ്ട്രേയിലെ ചാരം തൂകി 
വെടിപ്പാക്കാനും അവള്‍ 
മറന്നിരുന്നില്ല; ഒന്നിലും
ഒരിക്കലും പരാതി പറഞ്ഞില്ല.

ഞാനവളുടെ ഭര്‍ത്താവാണ് സര്‍...

എല്ലാത്തരത്തിലും 'യോഗ്യനും'
'ഭാഗ്യവാനുമായ' ഒരു ഭര്‍ത്താവ്,
അവളുടെ നീണ്ടിരുണ്ട ചുരുളന്‍  
മുടിയില്‍ ഞാനെന്റെ ഈ മുഖം
എത്രയോ തവണ മറച്ചിരിക്കുന്നു...

ഞാനെന്റെ കരങ്ങള്‍ കൊണ്ട് 
ശ്വാസം മുട്ടും പോല്‍ 
അവളുടെ  ശരീരം വലിഞ്ഞു
മുറുക്കിയിരുന്നു, പല തവണ.
 
അവള്‍ എതിര്‍ത്തിരുന്നില്ല, സര്‍,
ഒരിക്കലും കുതറി മാറിയിരുന്നില്ല.

അവളുടെ മുഖം എന്നിലേക്ക്
തിരിച്ചുപിടിച്ച് 
ബലമായി എത്രയോ തവണ 
ഞാന്‍ ചുംബിച്ചിട്ടുണ്ട്!

അവള്‍ അനുസരിച്ചിട്ടേയുള്ളൂ,
ഒരു തവണ പോലും എന്നെ
തള്ളി മാറ്റിയിരുന്നില്ല.

നീലനിറമായിരുന്നു 
അവളുടെ മിഴികള്‍ക്ക്, 
മെയ്മാസത്തിലെ
ആകാശം പോലെ, 
അവളുടെ കണ്ണിനുള്ളില്‍ 
ഞാന്‍ ചിലപ്പോള്‍
ഒരു പക്ഷിയെ കണ്ടിരുന്നു,
കണ്ണിനു കുറുകെ പറക്കുന്ന 
വയലറ്റ് തൂവലുള്ള
ഒരു അപൂര്‍വയിനം പക്ഷി.

അവളുടെ  കൈവിരല്‍ത്തുമ്പില്‍
ചുംബിക്കാനെനിക്കിഷ്ടമായിരുന്നു,
മൃദുവും വൃത്തിയുമുള്ളതായിരുന്നു
അവളുടെ നഖങ്ങള്‍, 
അതെ, സര്‍,
അവള്‍ക്കൊരു മറുകുണ്ടായിരുന്നു,
പക്ഷെ അതിടത്തെ കവിളിലോ,
വലത്തേ കവിളിലോന്നറിയില്ല, സര്‍,
ആരു ശ്രദ്ധിക്കാന്‍, അതിനെനിക്ക്
ഒട്ടുമേ ക്ഷമയുണ്ടായിരുന്നില്ലല്ലോ.  

ഒരിക്കലും അയല്‍വാസികളോട്
അവള്‍ ഉരിയാടുന്നത് ഞാന്‍ കണ്ടിട്ടില്ല,
അപരിചിതര്‍ക്കായി അവള്‍ 
വാതില്‍ ഒരു തവണ പോലും തുറന്നിട്ടില്ല,
അവള്‍ ആരെയും  പ്രേമിച്ചിരുന്നില്ല,
സത്യം, സര്‍, ഈ എന്നെപ്പോലും.

ബുധനാഴ്ചയും ഞങ്ങള്‍ ഉറങ്ങിയത്
ഒരുമിച്ചാണ്, സര്‍, 
അന്ന് രാത്രിയും
ഞാനവളെ ബലമായി ചുംബിച്ചിരുന്നു.

ഞാനവളുടെ നഗ്‌നമായ ദേശത്തില്‍
അതിക്രമിച്ചു കയറാന്‍ തുടങ്ങിയ
നിമിഷമാണ്  
ചുമരിലെ ക്ലോക്കില്‍ നിന്ന്  
ഒരു കുഞ്ഞിക്കുയില്‍
വാതില്‍ തുറന്നു പുറത്തേക്കുവന്നതും 
പന്ത്രണ്ട് തവണ അത്  
എന്നെത്തന്നെ നോക്കി കൂവിയതും.

പൊടുന്നനെ, 
അവള്‍ എന്നെ തള്ളി മാറ്റി സര്‍, 
ചുമരിലെ ക്ലോക്ക് തുറന്നു, 
അതിലെ കുഞ്ഞിക്കിളിയെ
പുറത്തെടുത്തു, സര്‍,

ഒരു നിമിഷം അവളതവളുടെ
കൈവെള്ളയില്‍ വച്ചിരുന്നു,
പിന്നെ അതിനെ ജനാലയിലൂടെ
പുറത്തേക്ക് മെല്ലെ, പറത്തിവിട്ടു,
സര്‍, ഇരുട്ടിലൂടെ ആ പക്ഷി
പറന്നകലുന്നത് ഞാന്‍ കണ്ടതാണ്,
അതിന്റെ ചിറകടി ശബ്ദം പോലും 
ഞാന്‍ കേട്ടതാണ്, സര്‍.

കാതറീന  പിന്നീട് കിടക്കയിലേക്ക്
വന്നില്ല, സര്‍, 
അവള്‍ മുറിതുറന്നു
പുറത്തേക്കു പോയി,
അവളുടെ കണ്ണുകളില്‍ 
എന്തോ തിളങ്ങുന്നത്
ഞാന്‍ കണ്ടു സര്‍, 
അവള്‍ ആ  പാതിരാത്രിയില്‍,  
ആ പക്ഷിയുടെ പിന്നാലെ 
പോകുന്നതാണ്  കണ്ടത്  

ഉറങ്ങുന്ന തങ്കശ്ശേരിതെരുവിലൂടെ
നേരെ, വിളക്കുമരത്തിനടുത്തേക്ക്.
കാവല്‍ക്കാരനെ ഉണര്‍ത്താതെ,  
ഒരു ശബ്ദവുമുണ്ടാക്കാതെ, 
തൂവല്‍ പോലുള്ള പാദങ്ങള്‍ 
മരപ്പടികളിലൂടെ
മെല്ലെ മുകളിലേക്ക് ഒഴുകിപ്പോയി.  

മുകളിലെത്തി അവള്‍   കൈകള്‍  
ആകാശത്തിലേക്കുയര്‍ത്തി നിന്നു,
ആ നിമിഷം ഞാന്‍ കണ്ടു, സര്‍,
അവളുടെ കണ്ണിനുള്ളില്‍ നിന്ന്
ഒരു പക്ഷി പറന്നകലുന്നത്, 
ഒരു  അപൂര്‍വയിനം പക്ഷി, 
പറന്നു പോയി, 
അറബിക്കടലിനു മീതെ.

എനിക്കറിയാം, സര്‍,  ഇതൊരു
ആത്മഹത്യക്കേസാക്കാനാവില്ല,
അവളുടെ 'ബോഡി' തെരഞ്ഞിട്ട്
ഇനിയും  കിട്ടിയിട്ടില്ലല്ലോ, സര്‍.

അവളുടെ തിരോധാനത്തിന്
ഞാനല്ലാതെ, രണ്ടേ രണ്ടു
സാക്ഷികളെ ഉള്ളു, സര്‍,  
ഒന്ന്, തങ്കശ്ശേരി വിളക്കുമരം,  
മറ്റൊന്ന്,  അറബിക്കടല്‍.

Follow Us:
Download App:
  • android
  • ios