Asianet News MalayalamAsianet News Malayalam

Malayalam poem : മുറി കാലിയാക്കുമ്പോള്‍, ലിനീഷ് ചെഞ്ചരി എഴുതിയ കവിത

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ലിനീഷ് ചെഞ്ചരി എഴുതിയ കവിത

chilla malayalam poem by Lineesh Chenchery
Author
First Published Dec 2, 2022, 7:40 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam poem by Lineesh Chenchery

Also Read : പ്രേമം, റഹീമ ശൈഖ് മുബാറക്ക് എഴുതിയ കവിത

Also Read : എന്റെ ഉടലില്‍ നിന്റെ കവിത മണക്കുന്നു, അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിത

.....................

 

മകള്‍ വരച്ച
കുടുംബചിത്രത്തില്‍നിന്ന്
ഇറങ്ങിവന്നൊരച്ഛന്‍
കണ്ണില്‍ മറഞ്ഞൊരു വിമാനവും
കയ്യില്‍ ബക്കറ്റും ചൂലുമായി
മുറി മുഴുവന്‍ ഓടിനടക്കുന്നുണ്ട്.
 
ഭാര്യയും മക്കളും പോയശേഷം
മുറി കാലിയാക്കുമ്പോള്‍
ഇത്രയും കാലം ജീവിച്ചിരുന്നതിന്റെ-
തെളിവുകളാണ്
താനിപ്പോള്‍ 
തൂത്തുവൃത്തിയാക്കുന്നതെന്ന്
അയാള്‍ക്ക് തോന്നി.

കണ്ണാടിയിലെ പൊട്ടുകളെയയാള്‍
ശ്രദ്ധാപൂര്‍വം അടര്‍ത്തിമാറ്റുമ്പോള്‍
അടര്‍ത്തിമാറ്റാനാവാത്തൊരു നോവ്
വട്ടത്തില്‍ ഉള്ളിലൊട്ടിക്കിടന്നു.

കുഞ്ഞുമോള്‍ ഉപയോഗിച്ച ഡയപ്പര്‍
ഉണ്ണിമൂത്രം പുണ്യഹമെന്നും
ഇതിലും വലിയ പുണ്യമില്ലെന്നും ചൊല്ലി
വീര്‍പ്പിച്ച വയറുമായി
കരഞ്ഞിരിപ്പുണ്ട് മൂലയില്‍.

കുളിച്ചുമതിയാവാഞ്ഞൊരു കഷണം
ബേബി സോപ്പും
എഴുതി മുഴുമിപ്പിക്കാത്തൊരു
കണ്മഷിക്കൂടും
ഇട്ടുതീരാത്തൊരു പൗഡര്‍ടിന്നും
അയാളിലെ അച്ഛനിലേക്കൊരു
കളിപ്പാട്ടം നഷ്ടപ്പെട്ടൊരു കുഞ്ഞിന്റെ
വേദനയെ വലിച്ചെറിയുന്നുണ്ട്.

അടുക്കളയിലെ
പാതിയായ മസാലകളും
ബാക്കിയായ ഓയിലും ചേര്‍ന്ന്
നോവിന്റെ ചട്ടിയിലൊരു
ഹൃദയം വേവിച്ചെടുക്കുന്നുണ്ട്.

കുളിമുറിയില്‍
നീളന്‍ മുടിയിഴകള്‍ തീര്‍ത്ത
പേരറിയുന്ന ഭൂപടത്തില്‍
തന്റെ ആവാസസ്ഥലം
വെള്ളമെടുത്ത് പോയതുകണ്ട്
അയാള്‍ 
നിലയില്ലാക്കയത്തില്‍ 
വീണപോലെ 
നിലവിളിച്ചു.

ചുവരിലെ കുഞ്ഞുലോകങ്ങളെ
വെള്ളമൊഴിച്ച് ഇല്ലായ്മചെയ്യുമ്പോള്‍
കഴുകിയാലും 
മാഞ്ഞുപോകാത്ത മധുരങ്ങള്‍
അയാള്‍ക്കുള്ളിലിരുന്ന്
പ്രവാസിയുടെ 
ആത്മസമര്‍പ്പണത്തിന്റെ
പൊരുളന്വേഷിച്ചുകൊണ്ടിരുന്നു...

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

Follow Us:
Download App:
  • android
  • ios