ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 

 

നീ വളരെ മുന്നേ സഞ്ചരിക്കുന്നു,
ഞാന്‍ കയറുന്ന അതേ കോഫി ഷോപ്പില്‍
എന്നേക്കാള്‍ മുന്നേ കടുംചായ കുടിച്ചിറങ്ങുന്നു,
നീ കുടിച്ച അതേ കപ്പില്‍ 
ഞാന്‍ നിന്നെ ഓര്‍ത്തു കൊണ്ട് നോക്കിയിരിക്കുന്നു,
നീ ചുരുട്ടിയെറിഞ്ഞ ടിഷ്യൂപേപ്പര്‍
എനിക്ക് വ്യക്തമായും
തിരിച്ചറിയാന്‍ സാധിച്ചു,
എന്നാല്‍ പിന്നാലെ വരാന്‍ സാധിച്ചില്ല,
നീ നഗരങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക്
അപ്രത്യക്ഷമാകുന്നതായി
ഞാന്‍ സ്വപ്നം കാണാറുണ്ടായിരുന്നു,
പിന്നെങ്ങനെ പിന്നാലെ തിരഞ്ഞു വരും?

 

വളരെ ഉയരത്തില്‍ 
പുസ്തകങ്ങള്‍ അടുക്കിവെച്ചിരുന്ന ലൈബ്രറിയില്‍
ഏറ്റവും മുകളിലെ തട്ടില്‍ നിന്നും
ഒരു പുസ്തകം എന്റെ മുന്നിലേക്ക് ഇടിഞ്ഞുവീണു,
*സമ്മിലൂനി എന്ന വാക്ക്‌കൊണ്ട് തുടങ്ങുന്ന ഒരു പുസ്തകം,
നീല മഷിയില്‍ ആ വാക്ക് അടിവരയിട്ട് വെച്ചിട്ടുണ്ടായിരുന്നു,
ആ വരയില്‍ നിന്റെ ഇടര്‍ച്ച എനിക്ക് കേള്‍ക്കാമായിരുന്നു,
നിന്റെ പുതിയ മേല്‍വിലാസത്തിനു വേണ്ടി
പുസ്തകസൂക്ഷിപ്പു കാരനുമായി ഞാന്‍ തല്ലു കൂടി,
നിന്റെ പേര് മാത്രമേ അയാള്‍ക്കറിയാമായിരുന്നുള്ളു,
നീ പറയുന്ന അതേ ശബ്ദത്തില്‍ 
അയാളത് എന്നോട് പറഞ്ഞുകൊണ്ടേയിരുന്നു,
നിന്നെക്കാള്‍ ആ പേരിനെയാണ് 
ഞാന്‍ തിരയുന്നതെന്ന് 
ആ നിമിഷത്തില്‍ ഞാന്‍ വിശ്വസിച്ചു,

പലവഴികളിലും നീ ഉപേക്ഷിച്ച ചുരുട്ടുകള്‍
എന്റെ നഗ്‌നപാദങ്ങളെ പൊള്ളിച്ചിട്ടുണ്ട്,
നിന്റെ അവശിഷ്ടങ്ങള്‍ പോലും
തിരിച്ചറിയാനാവും വിധം
ഭ്രാന്തിയായിത്തീര്‍ന്നിരുന്നു ഞാന്‍,

ഞാന്‍ ചെരുപ്പുപേക്ഷിച്ച വിവരം 
നിന്നെ അറിയിക്കാന്‍ തീരുമാനിച്ച നിമിഷത്തിന്റെ
അടുത്തെവിടെയോ ആണ് നിന്നെ നഷ്ടപ്പെട്ടത്,
ആ തീരുമാനം തെറ്റായിരുന്നോ?
അറിയില്ല, ഞാനത് നടപ്പിലാക്കിയത് മാത്രമോര്‍മിക്കുന്നു,
നിനക്കിഷ്ടപ്പെടില്ലേ??

ഒരേ തെരുവില്‍ എന്റെ മുന്നിലായി നീയും
നിന്റെ മുന്നിലായി ഞാനും
എത്ര ദൂരം നടന്നിട്ടുണ്ടാവണം,
പരസ്പരം കണ്ടെത്താന്‍ പറ്റാത്ത മനുഷ്യരാവുക എന്നത് 
നീ വരച്ച ഒരു ചിത്രത്തിന്റെ പേരായിരുന്നു,
ആ ചിത്രം നോക്കിയിരിക്കുമ്പോള്‍
ഞാന്‍ വാന്‍ഗോഗിനെ ഓര്‍ത്തു,
മുപ്പത്തിയേഴാമത്തെ വയസ്സില്‍ 
അയാളെന്തിനാണ് ആത്മഹത്യ ചെയ്തതെന്നോര്‍ത്തു,
അനാഥമായിപോയ 
(ആള്‍ക്കൂട്ടത്തിലാണിപ്പോഴും) 
ചിത്രങ്ങളെക്കുറിച്ചോര്‍ത്തു,
ആ കഥ നിനക്ക് പറഞ്ഞുതന്ന രാത്രി
ഞാനിപ്പോഴും ഓര്‍ക്കുന്നു,
നീ പിന്നീട് ഒന്നും വരച്ചിട്ടില്ല,
നിനക്ക് മരിക്കാന്‍ പേടിയായിരുന്നു,
പുറത്ത് പതിയെ തട്ടുന്നതിനിടയില്‍
ഞാന്‍ മരിച്ചതിനു ശേഷമേ നീ മരിക്കു എന്ന് പറയാന്‍ 
തോന്നിയിരുന്നു,
പക്ഷേ ആ നിമിഷം 
നിനക്ക് വേദനിച്ചാലോ എന്ന് ഞാന്‍ അമാന്തിച്ചു,
ആ ചിന്തയെ ഞാന്‍ ഇപ്പോള്‍ വെറുക്കുന്നു,

നീ അവസാനമയച്ച കത്തിലെ വിലാസം 
ഈ ലോകത്തില്‍ ഉള്ളതല്ല എന്ന കാര്യം
എന്റെ ചുറ്റുമുള്ള ജിപ്‌സികളെ
അത്ഭുതപ്പെടുത്തുന്നുണ്ട്,
പക്ഷെ... 
എനിക്കെന്തോ ഞെട്ടാനോ കരയാനോ തോനുന്നില്ല,
നീ അവസാനമായി പാട്ട്  കേള്‍പ്പിച്ചന്നാണ്
ഞാന്‍ കരഞ്ഞു നിര്‍ത്തിയത്,
എത്ര വ്യാഴവട്ടങ്ങളായല്ലേ?
എണ്ണാന്‍ പറ്റാത്തത്രേം!

(* സമ്മിലൂനി- എന്നെ പുതപ്പിക്കൂ