ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. മിത്ര നീലിമ എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Also Read : പ്രേമം, റഹീമ ശൈഖ് മുബാറക്ക് എഴുതിയ കവിത

Also Read : എന്റെ ഉടലില്‍ നിന്റെ കവിത മണക്കുന്നു, അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിത

.....................


ചെറോണ മൂപ്പത്തി
ഈറ്റ വെട്ടി 
കൊട്ടേം മുറോം നെയ്തു
ചന്തേലു വിറ്റു
അന്നത്തെ കഞ്ഞിക്കുള്ള
പലവഹയോടൊപ്പം 
ഷാപ്പില്‍ പോയി
ഈരണ്ടു കുപ്പി 
കള്ളടിക്കുവായിരുന്നു.
ചെറോണ മൂപ്പത്തിക്ക്
ആരെയും പേടിക്കണ്ട.
ഒറ്റാംതടി പരമസുഖം!


പെരുമ പറയാന്‍ മാത്രം
കുടുമ്മപ്പേരില്ലാത്ത പെണ്ണുങ്ങക്ക്
ലേശം ഏനക്കേടു വരാറുണ്ട്.
ഇതിപ്പോ അങ്ങനൊന്നും
തന്നെയില്ലാഞ്ഞിട്ട്
മൂപ്പത്തിക്ക് വെല്യഏനക്കേട്
ഒന്നും ഉണ്ടായിട്ടില്ല.
മുറുക്കാന്‍ പെട്ടിക്കകത്ത് 
അരമുള്ള പിച്ചാത്തിയൊരെണ്ണം 
ഇരിക്കുന്ന ബലത്തേല്
അവരങ്ങു ജീവിച്ചു.

നല്ല ജീവിതം.
മൂപ്പത്തിയുടെ കൊട്ടക്ക്
നല്ല ഡിമാന്‍ഡും.

അങ്ങനെ ഒരു ദിവസം 
ചെറോണ മൂപ്പത്തിക്ക് 
പള്ളിപെരുന്നാളിന്
കറക്കാന്‍ കൊണ്ടന്ന 
ആകാശ തൊട്ടിയില്‍ 
കേറാന്‍ മോഹമുണ്ടായി.
അതല്ലേലും
പറക്കാന്‍ മോഹമില്ലാത്ത
പെണ്ണേതാ ഭൂമീല്?

കുന്തക്കാലില്‍ നിന്നു
ആയത്തില്‍ ഊഞ്ഞാലാടുന്നത്,
ആകാശത്തൊട്ടിലില്‍ കേറി
പറന്നു പൊങ്ങുമ്പോ
അടിവയറ്റിക്കൂടെ ഏതാണ്ട് 
പതു പതാന്ന് കുതിക്കുന്നത്,
എന്തെല്ലാം എന്തെല്ലാം
ഗൂഢസന്തോഷങ്ങളില്‍
ജീവിച്ചു രമിക്കുന്ന
പെണ്ണുങ്ങളാണ്
പറവകളായി പിന്നെയും
പിറക്കുന്നത്.

ചെറോണ ആകാശതൊട്ടിയില്‍
കേറുന്നത് കണ്ട
പൊടി പുള്ളാര് നിന്നു കൂവി
ആണുങ്ങളു കല്ലെറിഞ്ഞു.
പെണ്ണുങ്ങള് ചിരിച്ചു മറിഞ്ഞു.
അന്നേരം 
ചെറോണ പരിസരം
മറന്നു നല്ലൊരാട്ട് ആട്ടി.
എന്നിട്ടും വെച്ചു
മുകളിലേക്ക്
മുകളിലേക്ക് പറന്നു.

പെട്ടെന്നവള്‍ക്ക് 
നക്ഷത്രങ്ങള്‍ വന്നു 
പൊതിയുന്നതായും
മേഘങ്ങള്‍ മുട്ടിയുരുമ്മുന്നതായും
അന്നേരം 
ആരും അറിയാതൊരു
മുയല്‍കുഞ്ഞ്
അമ്പിളിവട്ടത്തില്‍ നിന്നിറങ്ങി
നടക്കുന്നതായും
ചെറകു
മുളക്കുന്നതായും തോന്നി.

അങ്ങനെ 
അന്നാട്ടിലാദ്യം
ആകാശം തൊടുന്ന
യന്ത്ര തൊട്ടിലില്‍
കേറിയ പെണ്ണ്
ചെറോണ മൂപ്പത്തിയായി.
അതിന്റെം 
പിറ്റേന്നാണ്
തെരേഷ്‌കോവ
ആകാശം തുരന്നു 
പുറത്തേക്ക് പോയത്!

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...