ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് നിജില്‍ എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


വലതു കവിള്‍ സൂര്യാ
ചെറുതായി ചാറണ മഴേ
അല്ലിമെടഞ്ഞിട്ട പുഴേ

വെള്ളിമാനമേ
നറുനീലമേഘമേ
മഴവില്‍നിറമേ

ചോരുന്നുണ്ട്
അത്രമേലടച്ചിട്ടും
പ്രേമത്തിന്റെ ഒരു തുള്ളി

ചെഞ്ചോര ചുണ്ടേ
ആറ്റുവഞ്ചിയിളക്കമേ
അമ്പിളിക്കണ്‍വെട്ടമേ

മരങ്ങള്‍ ഉമ്മവയ്ച്ചു -
ണര്‍ത്തുന്ന പൂക്കള്‍
ഇലകള്‍ കണ-
ങ്കാലുകള്‍ വഴി ഒഴിച്ചു
കടത്തുന്ന കോടമഞ്ഞ്
കവിളില്‍ തട്ടി'
കണ്ണിറുക്കും കാറ്റ്

പെയ്യുന്നുണ്ട്
അത്രമേല്‍ ചിമ്മിയിട്ടും
പയ്യെ പയ്യെ 
മാഞ്ഞ് മാഞ്ഞ് പോകും
കുളിരുള്ള 
ഒരു തുള്ളി.