ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് പി ഇ ഉഷ എഴുതിയ കവിത 

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


അവള്‍ ഫേസ്ബുക്കില്‍
വരാന്‍ ഇരുന്നതാണ്,
പക്ഷെ അപ്പോഴാണ്
ആ ദുഷ്ടന്‍ കറന്റ്
ചതിച്ചു കളഞ്ഞത്

എന്തിനാണ് അവള്‍
മരിക്കുന്നത്?

അവള്‍ക്ക് സ്‌നേഹമുള്ള
ഭര്‍ത്താവ് ഉണ്ടായിരുന്നു
കൗതുകമുള്ള
കുഞ്ഞുങ്ങളുണ്ടായിരുന്നു
നല്ല ജോലിയും 
ശമ്പളവും 
സൗകര്യവുമുണ്ടായിരുന്നു
അസൂയപ്പെടുത്തുന്ന കൂട്ടുകാരും
കാറുമൊക്കെയുണ്ടായിരുന്നു

ഒരിക്കല്‍ പോലും അവളുടെ
ഭര്‍ത്താവ് തല്ലിയിട്ടില്ല എന്നല്ല
വഴക്ക് പറഞ്ഞിട്ടില്ല എന്നല്ല
മരിക്കാന്‍ മാത്രം ഒന്നും
ഉണ്ടായിട്ടില്ല, അത് തീര്‍ച്ച.

ഗേറ്റ് തുറക്കുമ്പോള്‍
ആദ്യം വരുന്ന ചന്തുവും
(ചന്തു, പട്ടിയാണ് കെട്ടൊ)
പിന്നെ വരുന്ന മിന്നുവുണ്ടല്ലോ
(മിന്നു, കുട്ടിയാണ് കെട്ടോ)

പിന്നെ എന്തിനാ അവള്‍?

അഹങ്കാരമൊന്നു
കൊണ്ട് മാത്രമാവില്ല
പിന്നെയോ?
ചില സ്വപ്നങ്ങള്‍ അവളെ
വല്ലാതെ കുഴക്കിയിരുന്നത്രെ

ഒരു സ്വപ്നത്തില്‍,

അവള്‍ ഉപയോഗിക്കാന്‍
വെച്ചിരുന്ന സാനിറ്ററിപാഡില്‍
എപ്പോഴും ഉറുമ്പരിക്കുന്നതാണ്.
അതവളുടെ ഉറക്കം
കെടുത്തിക്കളഞ്ഞുകൊണ്ടേയിരുന്നു.

ഉറങ്ങാത്ത രാത്രിയില്‍ 
ഭര്‍ത്താവിന്റെ കൂര്‍ക്കംവലി 
അവളെ എങ്ങോട്ടോ
വലിച്ചു കൊണ്ടുപൊയ്‌ക്കൊണ്ടിരുന്നു

അവിടെ

അവള്‍ക്ക് മരിക്കും മുന്‍പ്
അമ്മ കൊടുത്തുവിട്ട
കറിവേപ്പിന്‍തൈ
ആരോ പറിച്ചിട്ടിരുന്നു 
അതിന്റെ വേര്‍മണ്ണ് മഴയില്‍ 
പുഴയില്‍ കലങ്ങിപ്പോയിരുന്നു

ഇതൊന്നും മരിക്കാന്‍
കാരണമാകുന്നില്ലല്ലോ

പിന്നെ എന്തിനാണവള്‍?