ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 

 

നട്ടുച്ചക്കാണ് ചെമ്പരത്തിക്കു ഭ്രാന്ത് പിടിച്ചത്. കമ്മല്‍പ്പൂക്കളെ കുടഞ്ഞെറിഞ്ഞ് കാറ്റിനോടൊപ്പം അവള്‍ മുടിയഴിച്ചിട്ടാടി. 

'നിനക്കെന്താ പറ്റിയെ?' അരികില്‍ ചെന്നു നിന്ന് ഞാനവളുടെ പച്ചിലത്തുമ്പില്‍ തൊട്ടു. 

കണ്ണ് ചുവപ്പിച്ച നോട്ടം എന്നെ പേടിപ്പെടുത്തി. 

'എനിക്കൊരു മഞ്ഞിന്റെ പുതപ്പു തുന്നി താ. വെയില് കൊണ്ട് പൊള്ളിപ്പോവുന്നു' 

'ജീവിതമല്ലേ ഇത്തിരി  വേവും ചൂടുമൊക്കെ സഹിക്കണമെന്നേ.'

'എനിക്കിപ്പോ മനസ്സില്ല ഈ മണ്ണിലിങ്ങനെ നിന്ന് പൊള്ളാന്‍. എനിക്ക് നിന്റെ മനസ്സില്‍ ഇത്തിരി ഇടം തന്നാല്‍ മതി. അതാകുമ്പോ നിനക്ക്  മാത്രം സ്വന്തമല്ലേ.'

'നിന്നെ ഞാനെന്റെ മനസ്സില്‍ താമസിപ്പിക്കാം.. ഞാനോ?'

ചോദിച്ചു തീരും മുന്‍പ് ഭൂമി കാല്‍ക്കീഴില്‍ നിന്ന് വഴുതി മാറിയത് പോലെ എനിക്ക് തോന്നി. 

കാറ്റിനെതിരെ പൊരുതി നിന്ന  ചെമ്പരത്തിയുടെ കൊമ്പുകളില്‍ ഭ്രാന്തിന്റെ ചുവപ്പ് പൂക്കള്‍ വിരിയുന്നു. 

കാണെക്കാണെ വെയിലാകെ കുടിച്ചു വറ്റിച്ചു ചെമ്പരത്തി എനിക്ക് മീതെ ഒരു കുടയായി വിടര്‍ന്നു. ആ തണലിലേക്ക് പെയ്തിറങ്ങിയ മഞ്ഞില്‍ അവ്യക്തരൂപമായി അച്ഛന്‍.. 

ഒരു ചെമ്പരത്തികൊമ്പൊടിച്ചെടുത്തു ഞാന്‍ അച്ഛന് നീട്ടി. കുറ്റബോധത്തോടെ  വലം കൈ നീട്ടി നിന്നു. 

കൈവെള്ളയില്‍ വന്നു വീണത് അച്ഛന്റെ  ചൂടുള്ള കണ്ണുനീരായിരുന്നോ? 

'ജീവിതം ചിലപ്പോഴൊക്കെ ഇങ്ങനെ ആണ് കുട്ടീ. അവസാനത്തെ വേരു കൂടി പറിഞ്ഞു പോകും വരെ കാറ്റിനെതിരെ പൊരുതി നില്‍ക്കണം. എല്ലാ പരീക്ഷകളിലും ഒന്നാമതായി ജയിച്ച കുട്ടി ജീവിതത്തിന്റെ പരീക്ഷയില്‍ തോല്‍ക്കില്ല. '

'എനിക്ക് ആ മനസ്സില് ഇത്തിരി ഇടം തരുമോ? 'ഞാന്‍ ചോദിച്ചു. 

അച്ഛന്‍ അകലേക്ക് വിരല്‍ ചൂണ്ടി. എന്റെ വിരല്‍ത്തുമ്പുകളില്‍ നിന്നും അക്ഷരങ്ങള്‍ ചിത്രശലഭങ്ങളായി പറന്നുയരുന്നു. ഭ്രാന്ത് പൂത്തു നിന്ന ഓരോ ചില്ലയിലും അവയുടെ ചിറകടികള്‍ ശമനതാളങ്ങളായി മാറുന്നത് ഞാന്‍ കണ്ടു