ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍.   പ്രിന്‍സി കോട്ടയില്‍ എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

ഇരുളിനു നേരെ വിറച്ച്
നിഴലില്‍ കണ്ണുതുടച്ച്
നിശ്ശബ്ദതയില്‍ കൈകൂപ്പി
കെട്ടുപോയ 
നക്ഷത്രവെട്ടത്തിന്റെ
നീതി തിരഞ്ഞ്
ഒരുവള്‍ പ്രതിക്കൂട്ടില്‍
തനിച്ച് നില്‍ക്കുന്നു.

രാത്രിയില്‍ നരച്ച 
നീതിപീഠത്തിന്റെ നഭസ്സില്‍
അവളുടെ മുഖം 
ആരോ 
കരിമേഘം കൊണ്ട്
വരച്ചിട്ടിരിക്കുന്നു.
ഒരു രാമഴ നിനച്ച്...

ആരാണ് 
സത്യത്തിന്റെ പകല്‍വെളിച്ചത്തിന് നേരെ
കണ്ണുകളടച്ച്, തലവെട്ടിച്ച്
ഒരൊറ്റുകാരന്റെ നിസ്സംഗതയോടെ 
ഇരുളില്‍ കൈ കഴുകുന്നത്?
നിങ്ങളാണോ?

തെരുവുനായ്ക്കളുടെ ഓരി.
നിഴലുകള്‍ക്കുള്ളില്‍
ചേതനയറ്റുകിടക്കുന്ന 
കറുത്ത പെണ്‍കുട്ടിയെ നോക്കി
നിലാവ് ഒരശ്ലീലത്തില്‍ ചിരിക്കുന്നു.
പിന്നെ, മേഘങ്ങള്‍ക്കിടയില്‍
നിസ്സംഗനായി ഒളിക്കുന്നു.

ഇവളൊരു വേശ്യ.
കാലത്തിന്റെ കാണാത്ത സാക്ഷ്യപുസ്തകം 
ആരോ പൊടുന്നനെ തുറക്കുന്നു.
നരിച്ചീറുകളുടെ ചിറകടിപോലെ.

ഒടുക്കം കാഴ്ച്ച തെളിയാതെ
അവളുറക്കെ കരയുന്നു.
ചിവീടുകള്‍ അതിനെ 
ശ്വാസംമുട്ടിച്ച് കൊല്ലുന്നു.

ആരോ അവള്‍ക്ക് നേരെ 
ഇരുട്ടിന്റെ മറവിലിരുന്ന് 
അസഭ്യങ്ങള്‍ തുപ്പുന്നു.
പകലിന്റെ സ്വപ്നങ്ങളെ പഴിക്കുന്നു.
വായടയ്ക്കാന്‍ ആക്രോശിക്കുന്നു.
ഏതോ കൊമ്പിലെ മൂങ്ങ 
അതിനെ ശരിവച്ച് മൂളുന്നു.

ഇന്ന് 
നിയമത്തിന്റെ 
തുരുമ്പിച്ച ചങ്ങലക്കെട്ടില്‍ 
അവളും കണ്ണിചേര്‍ക്കപ്പെടും.
കണ്ണുകെട്ടിയ നീതിദേവതയ്ക്ക് 
ക്രൗര്യവും കരുണയും
ഇരവും പകലും
ഒരുപോലെയെന്ന് 
ഇപ്പോള്‍ വന്നൊരു പടിഞ്ഞാറന്‍കാറ്റ് 
അവളുടെ ചെവിയില്‍ മന്ത്രിക്കുന്നുണ്ട്.

ഇരുളില്‍
നിശ്ചലതയില്‍
തണുത്ത കാറ്റില്‍
അവളിപ്പോള്‍ വിറയ്ക്കുന്നു,
വിളര്‍ക്കുന്നു...
തടവറയിലേക്ക് വേച്ച് വീഴുന്നു.

പിന്നെ, 
ഒരു മിന്നാമിനുങ്ങിനെ 
അനന്തതയില്‍ തിരയുന്നു.

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...