ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. കെ.ആര്‍ രാഹുല്‍ എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


ഇണചേര്‍ന്നതിന് ശേഷം
എട്ടുകാലി തന്റെ ഇണയെ
കൊല്ലാറുണ്ടെന്നവള്‍ പറഞ്ഞത്
എന്റെ നെഞ്ചില്‍ തളര്‍ന്നുറങ്ങുമ്പോഴാണ്.

ശേഷം എന്റെ കഴുത്തില്‍ പിടിച്ച്
ഞെരിക്കുന്നതായി നടിച്ച് ചോദിച്ചു.
'ഞാന്‍ നിന്നെ കൊല്ലട്ടെ?'

ഞാന്‍ ഞെട്ടിത്തരിച്ചു,
അവള്‍ പൊട്ടിച്ചിരിച്ചു.
'എന്തിനാണ് ഇണയെ
നിര്‍ദാക്ഷിണ്യം കൊല്ലുന്നതെന്നറിയുമോ?
മറ്റാര്‍ക്കും സ്‌നേഹം
പങ്കുവയ്ക്കപ്പെടാതിരിക്കാനാണ്!'

പിന്നെ അപരിചിതമായ
ഭാവത്തിലവള്‍ വീണ്ടും ചിരിച്ചു.
അവളുടെ വിയര്‍ത്ത ഉടലില്‍
പലയിടത്തു വികൃതമായി
എട്ടുകാലുകള്‍ മുളച്ചു വന്നു.

ചുണ്ടുകള്‍ക്കിടയില്‍
കൊഴുത്ത തുപ്പല്‍
എട്ടുകാലിവല പോലെ
രൂപം കൈക്കൊണ്ടു.

ചുംബനം കൊണ്ടവളെന്റെ
അധരത്തെ അതിവിദഗ്ധമായി
അതില്‍ കൊരുത്തിട്ടു.

അനന്തരം കൈകള്‍, കാലുകള്‍
തല, ശേഷം ഉടല്‍
ഓര്‍മകള്‍ പ്രണയം
ഓരോന്നും വലനെയ്തുടക്കി.

എട്ടുകാലിവലയ്ക്കപ്പുറം
മരണമാണുള്ളത് 
ഒരിക്കല്‍ ചെന്നു പതിച്ചാല്‍
പിന്നെ മടക്കമില്ല.