Asianet News MalayalamAsianet News Malayalam

മഴപ്പാറ്റ

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് റസീന വി എഴുതിയ കഥ

chilla malayalam poem by Raseena V
Author
Thiruvananthapuram, First Published Oct 2, 2021, 6:51 PM IST
  • Facebook
  • Twitter
  • Whatsapp

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


chilla malayalam poem by Raseena V

 

ആശുപത്രി വാര്‍ഡില്‍ ലീല അവളുടെ പഴ്സെടുത്ത് എന്തോ തപ്പി കൊണ്ടിരുന്നു. മുഷിഞ്ഞു തുടങ്ങിയ ആ പേഴ്സിന്റെ ഉള്ളില്‍ ഒരു പാട് ചെറുതും വലുതും ആയ കടലാസുകള്‍ കുത്തി നിറച്ചിരുന്നു. ഓരോ കടലാസ് കഷണങ്ങളായി എടുത്തു കണ്ണിനടുത്തു പിടിച്ചു നോക്കി.

'അമ്മ ഇത് കുറെ നേരായല്ലോ തുടങ്ങീട്ട്, എന്താ ഈ നോക്ക്‌ന്നേ'

കട്ടിലില്‍ കിടന്ന മകള്‍ ചോദിച്ചു. അമ്മ ഒന്നും മിണ്ടാതെ തെരച്ചില്‍ തുടര്‍ന്നു. 

'വല്ല മരുന്നിന്‍േറം ലിസ്റ്റും ആണോ അമ്മേ.' 

മകള്‍ എണീറ്റിരുന്നു വലതു വശത്തെ ചെറിയ മേശപ്പുറത്തേക്ക് നോക്കി ചോദിച്ചു.

'ഞാനാ  കടേലെ ഫോണ്‍ നമ്പര്‍ നോക്കുകയാ.. രണ്ടു മൂന്നു ദിവസായില്ലേ ഇവിടെ വന്നിട്ട്. ലീവ് ഇത് വരെ വിളിച്ചു പറഞ്ഞില്ല'.

മൂന്നു ദിവസം മുമ്പാണ് മോള്‍ തല കറങ്ങി വീണത്. സ്‌കൂളില്‍ നിന്ന് വന്നപ്പോ ആയിരുന്നു. അപ്പോ തന്നെ എടുത്തോടിയതാണ് ആശുപത്രിയിലേക്ക്. 

വീഴ്ചയില്‍ പറ്റിയ മുറിവ് ഇത് വരെ ഉണങ്ങിയിട്ടില്ല. മകളുടെ വേദന കണ്ടു മറ്റെല്ലാം മറന്നു. ജോലി ചെയ്യുന്ന കടയില്‍ വിളിച്ചു പറയാന്‍ പോലും പറ്റിയില്ല.

തിരച്ചിലിനൊടുവില്‍ പഴ്സിലിരുന്ന ഒരു കുഞ്ഞുബുക്കില്‍ നിന്നും കടയിലെ ഫ്ളാര്‍ മാനേജരുടെ നമ്പര്‍ കിട്ടി.

മകളെ അടുത്ത കട്ടിലിലെ സ്ത്രീയെ ശ്രദ്ധിക്കാന്‍ ഏല്‍പ്പിച്ച് ലീല ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങി.

ആശുപത്രി മുറ്റം നിറയെ മഴ പെയ്തു പുഴപോലെ വെള്ളം നിറഞ്ഞു. ചെറിയ ചില വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങി..ആ സമയം ആകാശത്ത് ഒരു നീളന്‍ പ്രകാശ രേഖ കണക്കെ മിന്നല്‍ എറിഞ്ഞു. ഇനി ഒരു ഇടി പ്രതീക്ഷിക്കാമല്ലോ എന്നാലോചിച്ച് ലീല മുകളിലോട്ടു നോക്കി. മഴ നില്‍ക്കാന്‍ സാദ്ധ്യത ഇല്ല..

ഗേറ്റ് വഴി റോഡില്‍ ഇറങ്ങി അവിടെ ഉണ്ടായിരുന്ന ക്യാന്റീനിലെ ബൂത്തില്‍ നിന്നും ഫ്ളോര്‍മാനേജരുടെ നമ്പരില്‍ വിളിച്ചു.

ഒന്നും കേട്ടില്ല. റിംഗ് ടോണ്‍ പോലും. 

ദ്രവിച്ചു തുടങ്ങിയ ഒരു പഴയ ലാന്‍ഡ് ഫോണ്‍. ഇടി മിന്നലുള്ളത് കൊണ്ട് ഫോണില്‍ ഒന്നും കേള്‍ക്കാത്തതായിരിക്കും. ലീല ഫോണ്‍ വെച്ച് കടക്കാരനോട് ഫോണ്‍ വര്‍ക്ക് ചെയ്യുന്നില്ലെന്നറിയിച്ചു.

പെട്ടെന്ന് അയാള്‍ ഇരുന്ന സീറ്റിനു പുറകിലെ മെഷീനില്‍ നിന്നും ബില്ല വരുന്ന ശബ്ദം കേട്ടു.

'കോള്‍ ആയല്ലോ. ഇതാ ബില്ല്.'

അയാള്‍ ബില്ല് നീട്ടി. ലീല അത്ഭുതത്തോടെ  അത് വാങ്ങി നോക്കി. എന്നിട്ട് ഒന്നും മിണ്ടാതെ പണം എടുത്തു കൊടുത്തു.

ഗേറ്റു വഴി ആശുപത്രിയിലേക്ക് കടക്കുമ്പോള്‍ ഫോണ്‍നമ്പര്‍ എഴുതിയ ബുക്ക് നിലത്തെ വെള്ളക്കെട്ടില്‍ വീണു. എടുക്കാനായി കുനിഞ്ഞപ്പോഴേക്കും  അത് ഒഴുകി ഓവ് ചാലിലേക്ക് പോയി.

വാര്‍ഡിലെത്തിയപ്പോള്‍ മകള്‍ തൊട്ടടുത്ത കട്ടിലിലെ രോഗിയുമായി  സംസാരിക്കുകയായിരുന്നു

'വിളിച്ചിട്ട് കിട്ടീല്ല മോളെ,അമ്മ നാളെ ഒന്ന് കടേ പോയി കാര്യം പറഞ്ഞു  വരാം'

'വിളിക്കാനാണോ പുറത്തു പോയേ. എന്റെ മൊബൈലില്‍ നിന്ന് വിളിച്ചോളൂ.'

അടുത്തിരുന്ന സ്ത്രീ പറഞ്ഞു.

'നമ്പരെഴുതിയ ബുക്കും പോയി' ലീല വിഷമത്തോടെ പറഞ്ഞു. 

പട്ടണത്തിലെ വലിയ ആ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി തുടങ്ങിയിട്ട് ആറേഴു  മാസങ്ങളായി. ഇത് വരെ ലീവ് എടുത്തിട്ടില്ല.കൂടെയുള്ള ആരുടെയും നമ്പര്‍ വാങ്ങി വെക്കാനും മറന്നു. ഫ്ളോര്‍ മാനേജരുടെ നമ്പര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

'അമ്മയോട് ഉള്ള പൈസക്ക് ഒരു മൊബൈല്‍ വാങ്ങാന്‍ എത്രയായി പറയുന്നു. കേള്‍ക്കില്ല'. മറുപടിയൊന്നും പറയാതെ ലീല മകള്‍ക്കായി  വാങ്ങിയ പലഹാരം തുറന്നു അവള്‍ക്കു കൊടുത്തു.

മോളെ നഴ്സിനെ എല്‍പ്പിച്ചിട്ടാണ് പിറ്റേ ദിവസം ലീല പട്ടണത്തിലേക്ക് പോയത്. രാവിലത്തെ വാഹന തിരക്ക് കഴിഞ്ഞ് ബസ് ഇറങ്ങേണ്ട സ്റ്റോപ്പ് എത്തുമ്പോഴേയ്ക്കും ഒരു പാട് വൈകി. സൂപ്പര്‍ മാര്‍ക്കറ്റിന്റെ രണ്ടാം നിലയില്‍ എത്തി മാനജേരുടെ സീറ്റില്‍ നോക്കി. അയാള്‍ അവിടെ ഇല്ല. ലീല സ്ഥിരമായി ജോലി ചെയ്യുന്ന പാക്കിംഗ് സെക്ഷനിലേക്ക് പോയി..'

''ലീലേച്ചിയ്ക്ക് എന്താ പറ്റിയേ, ലീവ് എടുക്കുമ്പോ  ഒന്ന് വിളിച്ചു പറഞ്ഞുടെ.'

കൂട്ടത്തില്‍ ഏറ്റവും പ്രിയപ്പെട്ട അനു ഓടി വന്നു പതുക്കെ ചോദിച്ചു

മകളുടെ വീഴ്ചയും ആശുപത്രിയിലെ കാര്യങ്ങളും ലീല സങ്കടത്തോടെ പറഞ്ഞു.

'വേറെ ആരുല്ലല്ലോ മോളെ, ഒന്ന് ഇങ്ങോട്ട്  പറഞ്ഞുവിടാന്‍'.

ഒരു പാതിരാത്രി ജീവിതം വേണ്ടെന്ന തോന്നലില്‍ ജീവനൊടുക്കിയ  ഭര്‍ത്താവിനെക്കുറിച്ച് അനുവിനോട് മാത്രമേ പറഞ്ഞിട്ടുള്ളൂ.

'ചേച്ചി ലീവ് വിളിച്ചു പറഞ്ഞില്ലെന്നും ഇവിടെ ജോലി നടക്കില്ലെന്നും പറഞ്ഞ് ആ മാനേജര്‍ വേറെ ആളെ വെച്ചു.'

ആകെയുള്ള വരുമാനം നിലച്ച കാര്യം കേട്ടപ്പോള്‍ ലീല നിര്‍വികാരതയോടെ നിന്നു.

'അയാള്‍ വന്നിട്ട് നമ്മക്കൊന്നു പറഞ്ഞു  നോക്കാം ചേച്ചി വിഷമിക്കല്ലേ'. അനു ലീലയെ കൂട്ടി മാനേജരുടെ റൂമിലേക്ക് പോയി.

പത്തു മിനിട്ട് കഴിഞ്ഞു  അയാള്‍ റൂമിലേക്ക് വന്നു. 

'മുപ്പത്തൊന്നാം  തിയ്യതി കഴിഞ്ഞു ശമ്പളം വന്നു വാങ്ങിച്ചോളൂ'

'മാസം ഒരു ലീവേ എടുക്കാന്‍ പാടുള്ളൂ എന്നറിയില്ലേ. വിളിച്ചും പറഞ്ഞില്ല. ഇവിടെ ബിസിനസ്സാണ് പ്രധാനം.'

മകള്‍ ആശുപത്രിയില്‍ അഡ്മിറ്റാണ് എന്നും ഫോണ്‍ വിളിച്ചു കിട്ടിയില്ലെന്നും പറഞ്ഞത് അയാള്‍ കേട്ടില്ല.

അനുവിനോട് യാത്ര പറഞ്ഞു ഇറങ്ങിയപ്പോള്‍ ഉച്ച കഴിഞ്ഞിരുന്നു. തലേ ദിവസം തണുപ്പിച്ച മഴയുടെ ഒരു ലക്ഷണവുമില്ല. പൊള്ളുന്ന വെയില്‍.

പോലീസ് സ്റ്റേഷനില്‍ ആത്മഹത്യാ കേസുമായി ബന്ധപ്പെട്ടു പോവേണ്ട കാര്യം അപ്പോഴാണ് ഓര്‍ത്തത്. അവിടെ ചെന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ അന്വേഷിച്ചപ്പോള്‍ കുറച്ചു നേരം കഴിഞ്ഞു വരുമെന്നായിരുന്നു ഉത്തരം.

പോലീസ് സറ്റേഷനിലെ വരാന്തയില്‍ ഇട്ടിരുന്ന ബെഞ്ചില്‍ ലീല ഇരുപ്പു തുടങ്ങിയിട്ട് അര മണിക്കൂര്‍ കഴിഞ്ഞിരുന്നു. ഓരോ ആളുകളും സ്റ്റേഷനിലേക്ക് കയറുമ്പോള്‍ അവളെ  നോക്കും. സര്‍ക്കിള്‍ വരാനായോ എന്ന് പലരോടും അവള്‍  ചോദിച്ചു. അറിയില്ല എന്ന് തന്നെയായിരുന്നു ഉത്തരം.

അകത്തു നിന്നും ഇടയ്ക്കു രണ്ടു വനിതാ പോലീസുകാര്‍  പുറത്തേക്കു വന്നു.

'ഇന്നിനി വരുമെന്ന് തോന്നുന്നില്ല. വരുന്ന വഴി ടൗണില്‍ ഒരു ആക്സിഡന്റ്. അങ്ങോട്ട് പോയി. പോയിട്ട് നാളെ വാ..'അതില്‍ ഒരു പോലീസുകാരി പറഞ്ഞു.

'ഇതേതാ കേസ്?'

മറ്റേയാളുടെ ചോദ്യം.

'ഭര്‍ത്താവ് ആത്മഹത്യ ചെയ്ത കേസ്...'

പോലീസുകാരി അവജ്ഞയോടെ ലീലയെ  നോക്കി.

 

.....................................................

അനുവിനോട് യാത്ര പറഞ്ഞു ഇറങ്ങിയപ്പോള്‍ ഉച്ച കഴിഞ്ഞിരുന്നു. തലേ ദിവസം തണുപ്പിച്ച മഴയുടെ ഒരു ലക്ഷണവുമില്ല. പൊള്ളുന്ന വെയില്‍.

chilla malayalam poem by Raseena V

 

ആശുപത്രിയില്‍ എത്തിയപ്പോള്‍ മകള്‍ അക്ഷമയായി ഇരിക്കുന്നത് കണ്ടു.

'എത്രയാ വൈകിയത് അമ്മേ, ലീവ് കിട്ടീല്ലെ'

മകളുടെ ചോദ്യം കേട്ട് എന്ത് ഉത്തരം കൊടുക്കണം എന്നറിയാതെ ലീല കുറച്ചു നേരം മിണ്ടിയില്ല

'നിന്നെ സ്‌കൂളില്‍ വിടുന്നത് വരെ ലീവ് എടുത്തോളാന്‍ മാനേജര്‍ പറഞ്ഞു'. അവള്‍ അത് കേട്ട് സന്തോഷത്തോടെ മേശപ്പുറത്തിരുന്ന കഥാപുസ്തകം എടുത്തു വായന തുടങ്ങി

രണ്ടു ദിവസം കഴിഞ്ഞു  മകളെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്ജ് ചെയ്തു വീട്ടിലെത്തി.

'മോളെ എന്റെ ആ ജോലി പോയീട്ടോ, ആശുപത്രീന്ന് നിനക്ക് വിഷമമാവണ്ടാണ് വെച്ചിട്ടാ അമ്മ..'മുഴുവന്‍ പറയുന്നതിന് മുമ്പേ മകള്‍ പറഞ്ഞു

'അമ്മയോട് ഞാന്‍  അപ്പോഴേ പറഞ്ഞതല്ലേ മൊബൈല്‍ ഫോണ്‍ വാങ്ങാന്‍. വിളിച്ചു പറഞ്ഞിരുന്നേല്‍  ജോലി പോവൂലായിരുന്നു'.

മകള്‍ ഏഴാം ക്ലാസ്സില്‍ പഠിച്ചിരുന്ന സമയത്താണ് ഭര്‍ത്താവു മരിച്ചത്. അതിനു ശേഷം ലീല  സൂപ്പര്‍ മാര്‍ക്കറ്റിലെ  ജോലിയില്‍ നിന്ന് കിട്ടിയ തുക കൊണ്ടാണ് കഴിഞ്ഞു  കൂടിയത്. മകള്‍ ഇംഗ്ലിഷ് മീഡിയം സ്‌കൂളിലാണ് പഠിക്കുന്നത്. ഇനി സ്‌കൂള്‍ മാറ്റിയാല്‍ അവള്‍ക്ക്  വിഷമമാവും. അതാണ് മാറ്റാഞ്ഞത്.

'ഏതെങ്കിലും കടകളിലോ  ഹോട്ടലിലോ മറ്റോ തല്‍ക്കാലം ഒരു ജോലി അന്വേഷിച്ചു കണ്ടു പിടിക്കാം മോളെ'.
 
'അച്ഛന്റെ കാര്യം കൂട്ടുകാര്‍ അറിഞ്ഞിട്ടു തന്നെ ഞാന്‍ ആകെ നാണം കെട്ടിട്ടുണ്ട്. ഇനിയിപ്പോ ആദ്യത്തെതിലും താഴ്ന്ന ജോലിക്ക കൂടെ പോയാല്‍...'.

മകള്‍ ഒരുപാട് വളര്‍ന്നാല്‍ മാത്രം മനസ്സിലാവേണ്ട ഒരു കാര്യത്തെ കുറിച്ച് ഇപ്പോള്‍ പറഞ്ഞു വഴക്ക് കൂടേണ്ടെന്ന് ലീലയ്ക്കു തോന്നി.

'അമ്മ ഇനിയും എന്നെ നാണം കെടുത്തരുത്. പാരന്റ്സ് മീറ്റിംഗിനൊക്കെ ഫ്രണ്ട്സും ടീച്ചേഴ്സും ചോദിക്കുമ്പോള്‍... വേണ്ടമ്മേ..'.

മകളുടെ കണ്ണ് നിറഞ്ഞുള്ള സംസാരം കേട്ട് ലീല പറഞ്ഞു.

'ഇല്ല അമ്മ. നാളെ പോയി പഴയ കടയിലെ സാറേ കണ്ടു ഒന്നുടെ ചോദിക്കാം, മോള്‍ക്ക് നാണക്കേടാവണ്ട'.

ലീല മുറ്റത്തേക്കിറങ്ങി. വൈകിട്ട് മുതല്‍ വീണ്ടും മഴ പെയ്തുതോര്‍ന്നിരുന്നു.   അരണ്ട വെളിച്ചത്തില്‍ പുറത്തെ ബള്‍ബിനു താഴെ മഴപ്പാറ്റകള്‍ ചിറകു വീണു പിടഞ്ഞു.

ജീവിതം വേണ്ടെന്നു വെക്കാന്‍ മാത്രം എന്ത് പ്രശ്നമായിരുന്നു തന്റെ ഭര്‍ത്താവിനെന്ന ഉത്തരം കിട്ടാത്ത ചോദ്യം വീണ്ടും ലീലയ്ക്കുള്ളില്‍ നിറഞ്ഞു.

തനിക്കു മാത്രമാണ് അറിയാത്തത്. നാട്ടുകാര്‍ക്ക് പറയാന്‍ ഒരുത്തരമുണ്ട്. തന്റെ അവിഹിത ബന്ധമാണത്രെ കാരണം. സ്വപ്നത്തില്‍ പോലും കരുതാത്ത കാര്യമെങ്കിലും പുറത്തുള്ളവര്‍ക്ക് കുത്തിനോവിക്കാന്‍ അങ്ങനെയൊരു കാരണമില്ലാതെ പറ്റില്ല.

വിളക്കിന്‍ ചോട്ടില്‍ മഴപ്പാറ്റകളുടെ കൂട്ടമരണം നോക്കി നിന്നു. ഒറ്റ മിടിപ്പിന് ജീവന്‍ കളയുകയാണ് അവ. പെട്ടെന്ന് ആ വാക്ക് മനസ്സില്‍ വന്നു വീണു. 

ആത്മഹത്യ. 

അടുത്ത നിമിഷം മോളെ ഓര്‍മ്മ വന്നു.

'ഇല്ല, അതിനു ഞാനില്ല'-അവര്‍ പറഞ്ഞത് ഇത്തിരി ഉച്ചത്തിലായിരുന്നു. ഈയാംപാറ്റകള്‍ക്ക് അതാവാം. എനിക്കതിനാവില്ല.

രാത്രി മകളെ കെട്ടി പിടിച്ചു കിടക്കുമ്പോള്‍ ലീല ഓര്‍ത്തത് മകളുടെ സ്‌കൂള്‍ ഫീസിന്റെ കാര്യമാണ്. അത് കൊടുക്കേണ്ട നാള്‍ ആയി വരുന്നു. എങ്ങനെ കൊടുക്കും? അല്ലെങ്കില്‍, അടുത്ത വര്‍ഷം മകളെ സ്‌കൂള്‍ മാറ്റി ചേര്‍ക്കണം. അപ്പോള്‍ അവളുടെ സങ്കടം?

ലീല തിരിഞ്ഞു കിടന്ന് മകളെ ഒന്നു കൂടി കെട്ടിപ്പിടിച്ചു.

വിളക്കിന്‍ കീഴെ വീണു കിടക്കുന്ന ഒരു മഴപ്പാറ്റ ഒന്നു തലപൊക്കി ലോകത്തെ നോക്കി വീണ്ടും നിലത്തേയ്ക്ക് കമിഴ്ന്നു.

Follow Us:
Download App:
  • android
  • ios