Asianet News MalayalamAsianet News Malayalam

Malayalam Poem: സന്ധ്യയിലേക്ക് ഒരു തോണി, രശ്മി നീലാംബരി എഴുതിയ കവിത


ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍.  രശ്മി നീലാംബരി എഴുതിയ കവിത

chilla malayalam poem by Rashmi Neelambari bkg
Author
First Published Feb 24, 2023, 4:28 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

chilla malayalam poem by Rashmi Neelambari bkg

 

അസ്തമയം മാത്രം
കണ്ടുശീലിച്ച
കടല്‍ക്കരയില്‍ നിന്ന്
ഇരുപുറങ്ങളുടെ നിയമങ്ങളോട്
ഒറ്റയ്ക്ക് പോരാടി
ചക്രവാളത്തിലേക്ക്
കൈപിടിച്ച് നടത്തുന്ന
സന്ധ്യ,
ഞാന്‍ നിനക്ക് വേണ്ടി മാത്രം
തോണി തുഴയുന്നു.

സ്വപ്നങ്ങള്‍
പൊള്ളിയടര്‍ന്നു പോവുന്ന
മണല്‍ത്തരികളില്‍
നീയെന്ന് എഴുതി വെയ്ക്കുന്നു.

'നമ്മള്‍' എന്ന കൂട്ടക്ഷരങ്ങളെ
മായ്ച്ചു കളയാനാവാതെ കടല്‍
ആഴങ്ങളില്‍
കവിത വിളയിക്കുന്ന
തിരക്കിലേക്ക് ഊളിയിടുന്നു.

പ്രണയവും വീഞ്ഞും നുരഞ്ഞിറങ്ങി
ഒരു ദ്വീപ് മുളക്കുന്നു.
അതിനെ വലം വെച്ച്
കടല്‍ രണ്ടായൊഴുകി
രണ്ട് വന്‍കരകള്‍ ജനിക്കുന്നു.

മുള്‍ച്ചെടികള്‍
നീരൂറ്റി വളര്‍ന്ന് പൂത്തുകൊണ്ടേയിരിക്കുന്നു,
ശലഭങ്ങളെ വിരുന്നൂട്ടുന്നു.

വേഴാമ്പലുകള്‍
കെട്ടിപ്പുണര്‍ന്നിരുന്ന
വേരുകളെ അന്വേഷിക്കുന്നു.

ഏഴ് നിറങ്ങളുള്ള ശയ്യയില്‍
വിഭ്രാന്തിയുടെ
ഏഴ് രാവുപകലുകള്‍ രമിച്ച്,
കറുത്ത തലയും
വെളുത്ത ഉടലുമുള്ള കുഞ്ഞ് ജനിക്കുന്നു.
നെയ്തടുപ്പിക്കാനാവാത്ത വിധം
അവ  വേര്‍പെടുന്നു.

ഓര്‍മ്മ മണമുള്ള കരിയിലകളെ
കാറ്റെത്ര വേഗത്തിലാണ്
വാരിയെടുക്കുന്നത്?

അകലും തോറും
ആഴം കൂടുന്ന പ്രഹേളികയാണ് 'നാം'
അല്ലെങ്കില്‍,
നിന്‍റെ ഹൃദയത്തില്‍
മിന്നല്‍പ്പിണരുണ്ടായപ്പോള്‍
കവിതയില്‍ മാത്രമൊതുങ്ങിപ്പോയ
എന്‍റെ മഴ
നിര്‍ത്താതെ പെയ്ത്
അതിരുകളെ ഭേദിച്ച്
പ്രളയം സൃഷ്ടിക്കുന്നത്
നീ അറിയാതെ പോകുമായിരുന്നില്ലേ?


അങ്ങ് ദൂരെ ഒരു കവി പാടുന്നു.
വരൂ,
നമ്മുക്ക് ചക്രവാള സീമയില്‍ കണ്ടുമുട്ടാം.
അത് വരെ നീ
വെള്ളാരം കല്ല് കൊണ്ട്
മാല കോര്‍ക്കുകയും
ഞാന്‍ കവിതകള്‍ കൊണ്ട്
തൂവലൊരുക്കുകയും ചെയ്യട്ടെ.

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

Latest Videos
Follow Us:
Download App:
  • android
  • ios