Asianet News MalayalamAsianet News Malayalam

വീട് ഇറങ്ങിപ്പോവുമ്പോള്‍, രശ്മി നീലാംബരി എഴുതിയ കവിത

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന്  രശ്മി നീലാംബരി എഴുതിയ കവിത              

chilla malayalam poem by rashmi neelambari
Author
Thiruvananthapuram, First Published Nov 3, 2021, 7:13 PM IST

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


chilla malayalam poem by rashmi neelambari


കുറച്ചായി
എന്റെ വീട്
കലണ്ടറിലെ
അക്കങ്ങളോടൊപ്പം
കീഴ്‌മേല്‍മറഞ്ഞിട്ട്
വസന്തവും ശിശിരവും
മറ്റു കാലാന്തരങ്ങളും
വകവെക്കാതെ,
തിളക്കം മായാത്ത
ഒരു നിലവിളിയെ
അടയാളപ്പെടുത്തുന്നു.

വീര്‍ത്തു വീര്‍ത്തു പൊട്ടിപ്പോവുമെന്ന്
തോന്നുമ്പോഴൊക്കെ
ഊന്നുവടിയാക്കാനൊരാഞ്ഞിലിയെ
നട്ടു വളര്‍ത്തിയിട്ടുണ്ട്.

അതിലൊരുവള്‍
തൂങ്ങി മരിച്ചതില്‍ പിന്നെ
അവളെ എത്രയാട്ടിയിട്ടും
മുറിഞ്ഞുപോവാതിരുന്ന
ഊഞ്ഞാല്‍ക്കയറിന്റെ പിരികളെണ്ണും.

പുഴയില്‍
മുങ്ങിമരിച്ചൊരുവളുടെ
പൊങ്ങി വന്ന
പാവാടക്കയറില്‍ കുരുങ്ങി
ഒഴുക്ക് നിലച്ച്,
ഉപ്പു കുറുക്കി നിന്നു.

നിശ്ശബ്ദരാഗങ്ങളെ
വെടിയൊച്ചകളാല്‍
മുഖരിതമാക്കിയപ്പോള്‍
ശ്വാസം നിലച്ചു  പോയവള്‍ക്ക്
കൂട്ടിരുന്നു.

അടുപ്പിലെ
അരിക്കലത്തിനൊപ്പം
പൊട്ടിച്ചിതറിയവളുടെ
കുപ്പിവള ഞരക്കങ്ങളിലേക്ക്
ഊളിയിട്ടു

ആകാശം ചോരുന്നതും
മിഴികള്‍ ചോരുന്നതും
കൂടുതലും
ഭിക്ഷ തേടുന്ന
ഓട്ടപ്പാത്രത്തിലൂടെയാണെന്ന്
പറഞ്ഞ്
ഒരിക്കല്‍ വീട്
ആകാശത്തോളം
പരന്നൊഴുകിപ്പോയി.

ഞാനന്ന്
വ്രണങ്ങളിലെ
പുഴുക്കളും 
ഒരിക്കല്‍
ചിത്രശലഭങ്ങളാവുമെന്ന്
എഴുതി വെച്ച്
ഉറങ്ങാന്‍ കിടന്നു.

Follow Us:
Download App:
  • android
  • ios