ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് രേഖ ആര്‍ താങ്കള്‍ എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും



അരയാല്‍ച്ചില്ലകളില്‍ നിന്ന്
ഊര്‍ന്നിറങ്ങുന്ന വേരുകള്‍ പോലെ
ഇന്നലെകളില്‍ നിന്നവര്‍
താഴേക്കു പടര്‍ന്നിറങ്ങും

നിസ്സംഗതയുടെ കല്‍ക്കെട്ട്
പൊളിച്ച് ആത്മാവിലേക്ക് 
വേരുകളാഴ്ത്തും

വളഞ്ഞുപുളഞ്ഞ്
ജടകെട്ടിയതുപോലെ
തായ്ത്തടിയെക്കാള്‍ കനം വയ്ക്കും

ഇരുട്ടു കുടഞ്ഞു വിരിച്ച്
വിഷപ്പല്ലുകള്‍ മറയ്ക്കും

ചിലപ്പോഴൊക്കെ
വരിഞ്ഞു മുറുക്കും
എല്ലുകള്‍ ഞെരിഞ്ഞമരും

അറിയാതെങ്ങാനും ചവിട്ടിയാല്‍
ചീറിയടുത്ത് ഫണം വിടര്‍ത്തും

ഒരൊറ്റ ദംശനത്തില്‍
ഞരമ്പുകളില്‍ നീല പടരും
രോമകൂപങ്ങളില്‍ നിന്നുപോലും
രക്തം പൊടിയും

വീണ്ടും തണുപ്പിലേക്ക്
ഇഴഞ്ഞുകയറി ചുരുണ്ടുകൂടി 
ഒന്നുമറിയാത്തതുപോലെ
കാത്തുകിടക്കും