ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് സുരമ പ്രസന്ന പിഷാരടി എഴുതിയ കവിത 

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

സിനഗോഗ്

കായല്‍ക്കാറ്റും, ഉച്ചസൂര്യനും
ബിനാലെയിലെ വയലിനും
കടലും, ആള്‍ക്കൂട്ടവും കണ്ടിറങ്ങിയ
വഴിയിലായിരുന്നു *സിനഗോഗ്!


കൗതുകത്തിന്റെ ചിറക് മുളച്ച
പക്ഷിയെ പോല്‍ മനസ്സ് പറന്നു

അതൊരു പിന്‍വാതിലായിരുന്നു
മതിലിലെഴുതിയ ശിലാഫലകം
ചിത്രമാക്കുമ്പോള്‍
ഉറങ്ങുന്നവര്‍ നിശ്ശബ്ദരായിരുന്നു.

യഹൂദരുടെ പ്രാര്‍ഥനാലയത്തിലെ
ശ്മശാനത്തിന്റെ മൗനത്തില്‍
ഉച്ചവെയില്‍ ചിത്രം രചിച്ചിരുന്നു

ക്യാമറയിലേയ്ക്ക് പകര്‍ത്തുമ്പോള്‍
മുഖം ഒരു ചിരിയായി മാറി

സിനഗോഗിന്റെ കൗതുകമായിരുന്നു
നിഷ്ങ്കളങ്കമായ ആ ചിരി.

മരണം പുതച്ചുറങ്ങുന്നവരുടെ
തണുത്ത മുഖങ്ങളില്‍
പ്രാര്‍ഥനയുടെ ഉരുകിയ
മെഴുകുതിരികള്‍

ജൂതസഭയില്‍ കാല്‍വരിയുടെ
തിരുമുറിവുകളുണ്ടായിരുന്നു
മദ്ധ്യധരണ്യവും, ജൂദിയന്‍ മലനിരകളും
കാവല്‍ നില്‍ക്കുന്നുണ്ടായിരുന്നു

യഹൂദരുടെ പ്രാര്‍ഥനകളറിയാതെ
വിഷാദകാലത്തിലേയ്ക്ക്
അന്ത്യ അത്താഴത്തിന്റെ
നിഗൂഢതകളുടെ കഥ പറഞ്ഞ്
കാറ്റ് ബിനാലെയില്‍ കണ്ട
വയലിനുകളിലെല്ലാം
യഹൂദരുടെ പ്രാര്‍ഥന
വായിച്ചു

ഒലിവ് മലകളിലൂടെ,
ജോര്‍ദാനൊഴുകുന്ന
ജറുസലേമിലേയ്ക്ക്
ഗലീലിതടാകത്തിലേയ്ക്ക്
ചിറകു മുളച്ച പക്ഷിയായി
ഞാന്‍ വീണ്ടും പറന്നു.

*യഹൂദരുടെ പ്രാര്‍ഥനാലയം