ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. റെനി ജോസഫ് എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


പൊതുവഴി മാത്രമുള്ള ദേശമാണിത്.
വാടക വീട്ടില്‍ നിന്ന് കുടുംബവീട്ടിലേയ്ക്ക്,
മനശാസ്ത്രം വഴിതെറ്റിച്ച ക്ലാസ് മുറിയിലേയ്ക്ക്,
നിറവും മണവും ആരോഗ്യവും അടുക്കി വച്ചിരിക്കുന്ന മാളുകളിലേയ്ക്ക്,
മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളിലേയ്ക്ക്,
വല്ലപ്പോഴുമെങ്കിലും ഇരുട്ടിലെ വെള്ളിത്തിരയിലേയ്ക്ക്,
സ്ഥിരം തെളിഞ്ഞ, ആള്‍ത്തിരക്കുള്ള വഴികള്‍.
എന്നും കാണുകയും 
മറന്നു പോവുകയും ചെയ്യുന്ന 
വളവും തിരിവുമില്ലാത്ത 
പൊതുവഴികള്‍.


പണ്ട് വളരെ പണ്ട് 
ഇടവഴികള്‍ മാത്രമുള്ള ഇടമായിരുന്നു ഇത്.
പുലര്‍മഞ്ഞ് വീഴുന്ന,
കാട്ടുപച്ചപ്പിന്റെ കടും മണമുള്ള,
കോടക്കാറ്റ് വീശിയടിക്കുന്ന,
കമ്മ്യൂണിസ്റ്റ് പച്ച അധിനിവേശം നടത്തിയ,
തെട്ടാവാടി കാവല്‍ നിന്ന
നിറയെ വളവും തിരിവുമുള്ള
ഇടുങ്ങിയ വഴികള്‍.

എല്ലാവരും പറഞ്ഞു 
പൊതുവഴികള്‍ സുരക്ഷിതമെന്ന് 
നിറയെ ആളുകള്‍ ഉണ്ടല്ലോ!
ഇടവഴിയാകുമ്പോള്‍, പേടിക്കണമെന്നും.


ഇന്നലെയാണ് അവള്‍ ഇത് പറഞ്ഞത്
തന്നോട് തന്നെ ഒന്നുകൂടി പറഞ്ഞു
ഇന്നേ വരെ ഇടവഴിയില്‍ എന്നെ ആരും കയറിപ്പിടിച്ചില്ല,
പൊതുവഴിയില്‍ എന്നെ പിടിച്ചത് ആരുo കണ്ടതുമില്ല.
ഇന്നലെ ഞാന്‍ വീട്ടിലേയ്ക്കുള്ള വഴി മറന്നു പോയി.
എല്ലാവരും പറഞ്ഞു, അഹങ്കാരം, വിവരക്കൂടുതല്‍, തന്നിഷ്ടം!

നാല്‍ക്കവലയില്‍ നിന്ന് വലത്തേയ്ക്ക്,
മൂന്നാമത്തെ ബില്‍ഡിങ്ങ്,
പന്ത്രണ്ടാമത്തെ നില,
ആരോട് ചോദിച്ചാലും പറയും.


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...