ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് റിസ്‌വാന സിനി എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


നാം രണ്ട് മഴപ്പാറ്റകള്‍ 

പൊള്ളിപ്പിടയുമെന്നറിഞ്ഞിട്ടും 
മഞ്ഞവെളിച്ചത്തിലേക്ക് 
വലിച്ചടുക്കപ്പെടുന്നവര്‍

നിഴല് ചായുന്ന ചുമരിലെ 
പല്ലിവേട്ടക്കണ്ണിന്റെ 
കുന്തമുനയില്‍ പിടയുന്നവര്‍

ചിത ഒളിപ്പിച്ച ബള്‍ബിന്റെ 
ചതി വെളിച്ചത്തില്‍ 
കരള് വാടുന്നവര്‍

ചിതല്‍പ്പുറ്റില്‍ തപം ചെയ്താലും 
ഉയിര് നനയുമ്പോള്‍ 
തനിയേ പറന്നു പോകുന്നവര്‍ 

മരണത്തിനറ്റത്തു 
സ്വയം ബലിയിടപ്പെടുമ്പോഴും 
ഹൃദയങ്ങള്‍ ചേര്‍ത്തു വച്ചവര്‍

വയ്യ 

ചിതലുകളാകാന്‍ വയ്യ നമുക്കിനി 
നാം രണ്ട് മഴപ്പാറ്റകള്‍..