ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.    സഞ്ജയ്‌നാഥ് എഴുതിയ കവിത 

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


കടലില്‍ നിന്ന് അയാള്‍ക്ക് കിട്ടിയ
മീനിന്റെ വാല് മുറിഞ്ഞിരുന്നു. 

നിലനില്‍പ് പ്രശ്‌നമായപ്പോള്‍
ചെറുത്ത് നിന്നതാണെന്നാണ്
മീനയാളോട് പറഞ്ഞത്.

പേരറിയാത്ത ആ മീനിനോട്
ഇപ്പോള്‍ ജീവന്‍ തന്നെ
അപകടത്തിലായില്ലേയെന്ന്
ചോദിച്ചപ്പോള്‍ മരണം
സ്വാതന്ത്ര്യമാണെന്നായിരുന്നു മറുപടി.

ചെറുമീനുകള്‍ക്കും ജീവികള്‍ക്കും
കടലില്‍ സ്വാതന്ത്ര്യമില്ലെന്നറിയില്ലേ
ഞങ്ങള്‍ പലതരം മീനുകള്‍
ചെറുതും, ചെറുതിനെ തിന്നുന്നവയും.
ജനിക്കുന്നതേ അപകടങ്ങളിലേക്കായത് കൊണ്ട്
ഭയത്തോടൊളിക്കാന്‍ പഠിച്ചില്ല.

ആഹാരമില്ലാതെ, സ്വതന്ത്രമായി
നീന്താനിടമില്ലാതെ, വിശ്രമിക്കാതെ
ഞങ്ങള്‍ പൊരുതിക്കൊണ്ടേയിരുന്നു.

വലിയവ കൂട്ടത്തോടെയാക്രമിക്കുമ്പോള്‍
മരിച്ചുപോയ മീനുകളെയെണ്ണി സമയം
കളയാനില്ലാത്തത് കൊണ്ട്
ജീവനുള്ളവയെ കൂട്ടി
എതിര്‍ത്തു കൊണ്ടേയിരുന്നു. 

ചെറുതാണ്, ചെറുതാണ് എന്ന
നിരന്തരമായ ഓര്‍മ്മപ്പെടുത്തലുകള്‍ക്കൊടുവിലാണ്
കടലില്‍ നിന്ന് പുറത്ത് പോകാതിരിയ്ക്കാന്‍
ചെറിയവ വലിയവയ്ക്ക് കൂട്ടത്തോടെ
ആഹാരമാകണമെന്ന് കേട്ടു തുടങ്ങിയത്.

നിരന്ന് നിന്ന് ആഹാരമാകുന്നതിനേക്കാള്‍
ഭേദം മരണമാണെന്ന് തീരുമാനിച്ചു.

കണ്ണികള്‍ ചെറുതായ വലയ്ക്കുള്ളില്‍
വേദനിക്കാതെയുള്ള മരണം.

വിശാലമായ ലോകമെന്ന് പറയുന്ന
കടലിലോ വേദനിപ്പിച്ചുള്ള മരണം.

ചെറിയവകളുടെ ലോകം എപ്പോഴും
മരണത്തെ ചുറ്റിപ്പറ്റിയുള്ളതാവും.

വേദനിക്കാതെ മരിക്കണോ
വേദനിച്ച് മരിക്കണോയെന്ന് മാത്രം
ചിന്തിച്ച് തീരുന്ന ജീവിതം.

ഇങ്ങനെയും ജീവിതങ്ങളുണ്ട്
അത് തീരുമാനിയ്ക്കല്‍ മാത്രമാണ്
ഞങ്ങളുടെ സ്വാതന്ത്ര്യം.


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...