ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് സഞ്ജയ്‌നാഥ് എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


അക്ഷാംശങ്ങളും രേഖാശംങ്ങളും
എപ്പോഴും തെറ്റിപ്പോകുമായിരുന്നു
അവള്‍ക്ക് 

ഭൂമിശാസ്ത്രത്തിന്റെ ക്ലാസ്സില്‍
മഴക്കാടുകള്‍, സ്തൂപികാഗ്രാ വനങ്ങള്‍
സാവന്നകള്‍
അവള്‍ പിന്നെയും പിന്നെയും
തോറ്റുപോകുന്നയിടങ്ങളായി.

ടീച്ചര്‍ മഴക്കാടുകളെക്കുറിച്ച് പറയുമ്പോള്‍
മഴപെയ്താല്‍ നനഞ്ഞ് കുതിരുന്ന
വീടകത്തക്കുറിച്ചോര്‍ത്തവള്‍
തണുപ്പില്‍ വിറച്ചു.

ചുട്ടുപൊള്ളുന്ന മരുഭൂമികളെക്കുറിച്ചുള്ള
ക്ലാസ്സുകളില്‍ 
അവള്‍ സങ്കടങ്ങളുടെ
പൊള്ളലേറ്റ 
അമ്മയെക്കുറിച്ചോര്‍ത്തുവെന്തു.

നെടുകെയും കുറുകെയും പായുന്ന രേഖകള്‍
കാണുമ്പോഴൊക്കെ അച്ഛന്റെ ഭാരം താങ്ങി
വലിഞ്ഞ് മുറുകി നിന്ന കയറിനെ സ്വപ്നം കണ്ടു.

മൊട്ടുക്കുന്നുകളെപറ്റിയുള്ള ക്ലാസ്സുകളില്‍
അവള്‍ മുഖം താഴ്ത്തി കരഞ്ഞു.

അനാവൃതമാക്കപ്പെട്ട തന്റെ ശരീരത്തിലേക്ക്
പാഞ്ഞ് കയറുന്ന മുഖമില്ലാത്തവന്റെ
ചിരികേട്ടവള്‍ നടുങ്ങി.

ഖാരിഫ് വിളകളുടെ ക്ലാസില്‍
വരണ്ട്‌പോയ പാടങ്ങളില്‍
കരിഞ്ഞ് പോയ കതിരുകള്‍ക്കൊപ്പം
എരിഞ്ഞ് തീര്‍ന്ന ഏട്ടനേയും കൂട്ടി
അവള്‍ യാത്രകള്‍ പോയി.

അവള്‍ നമിത 
പത്ത് ബിയിലെ
പിന്‍ബെഞ്ചുകളിലൊന്നില്‍ നിന്ന്
ഭൂമിശാസ്ത്ര ക്ലാസിന്റെ പാഠങ്ങളിലൂടെ
ജീവിതം വരഞ്ഞിട്ട അക്ഷാംശ രേഖാംശങ്ങള്‍ക്ക്
മുകളിലൂടെ ഒളിച്ച് പോയവള്‍.

മഴക്കാടുകള്‍, സ്തൂപികാഗ്രാ വനങ്ങള്‍
സാവന്നകള്‍, മരുഭൂമികള്‍.

കണ്ട് തീര്‍ക്കാന്‍ കഴിയാത്ത ജീവിത
ശേഷിപ്പുകളില്‍ പത്ത് ബിയിലെ
നമിത പകച്ചു നില്‍പ്പുണ്ട്.