ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന്  സാറാ സന്തോഷ് എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


അവളിലേയ്ക്ക് ചിലപ്പോള്‍
ഏറെ നേരം 
കണ്ണുംനട്ടിരിക്കാറുണ്ട്
എത്ര സ്‌നേഹിച്ചാലും 
മതിവരാത്തവളെപ്പോലെ...

അപ്പോഴവള്‍
നാണത്താല്‍ പൂത്തുലയുകയും
അവളുടെ കരിമിഴികള്‍
ദ്രുതഗതിയില്‍ പിടയ്ക്കുകയും
ചെയ്യാറുണ്ട്...

കൈകള്‍കൊണ്ട്
പാതിമുഖം മറച്ച്
ഒറ്റക്കണ്ണാല്‍
അവളുടെയൊരു നോട്ടമുണ്ട്,
ഹൃദയത്തിന്റെ ആഴങ്ങളിലേക്ക്
മുങ്ങാംകുഴിയിടുന്ന 
ആര്‍ദ്രതയേറിയ നോട്ടം!
അതില്‍ ഞാനും പൂത്തുലയാറുണ്ട്...

ഞാന്‍ നിന്നെ സ്‌നേഹിക്കുമ്പോലെ
മറ്റാരെയും സ്‌നേഹിക്കുന്നില്ലെന്ന്
അവളോട് മന്ത്രിക്കാറുണ്ട്
അതുകേള്‍ക്കുമ്പോള്‍
അവളുടെ മുഖം 
ചുവന്നു തുടുക്കും

എന്റെ കണ്ണില്‍ 
ലോകത്തേറ്റവും സുന്ദരി
അവളാണ്;
എന്റെ സുന്ദരിപ്പെണ്ണ്