ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ഷംല ജഹ്ഫര്‍ എഴുതിയ കവിത 

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

ഉറങ്ങാനാവുമായിരുന്നില്ല,
ഇന്നലെ വരെ.

കാതുകളിലേക്ക് 
സങ്കടപ്പെരുമഴ.

ചങ്ങലയാൽ വലിച്ചിഴക്കപ്പെട്ട
ഭ്രാന്ത•ാരുടെ 
അട്ടഹാസങ്ങൾ.

അനാഥമായിപ്പോയ 
പിഞ്ചുകുഞ്ഞുങ്ങളുടെ 
തേങ്ങലുകൾ.

നിരന്തര വെടിയൊച്ചകൾക്ക് ശേഷം 
ഇറ്റുവീഴുന്ന രക്തത്തുള്ളികളുടെ 
ഭയാനക ശബ്ദങ്ങൾ.

കാതുകളിലൂടെ 
നെഞ്ചിലേക്കൂർന്നു വീഴുന്ന
അസഹനീയ വേദന.

കാതുകൾക്കിപ്പുറം 
ഒരു മതിൽ 
പണിതതിൽ പിന്നെ 
നല്ല ആശ്വാസമാണ്.

ഒരു ശബ്ദവും ഇപ്പോൾ 
അലോസരപ്പെടുത്താറില്ല.

നന്നായി ഉറങ്ങാനാവുന്നുമുണ്ട്.